ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
ദില്ലി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികരണം തേടി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേസില്‍ ഇളവ് ലഭിച്ചവരെ കക്ഷികളായി ഉള്‍പ്പെടുത്താനും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കാന്‍ ബെഞ്ച് മാറ്റി.
സി പി എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര, അടക്കം മൂന്ന് പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് സ്വാതന്ത്ര്യദിനത്തില്‍ 11 കുറ്റവാളികളുടെ ഇളവിനെയും തുടര്‍ന്നുള്ള മോചനത്തെയും ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളെ ശിക്ഷിച്ച പ്രത്യേക കോടതി ജഡ്ജിയും ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നയം പ്രകാരം മോചിപ്പിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15 ന് പ്രതികള്‍ ഗോധ്ര സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. 15 വര്‍ഷത്തോളമാണ് ഇവര്‍ ജയിലില്‍ കഴിഞ്ഞിരുന്നത്. പ്രതികളെ ഭരണകക്ഷിയായ ബിജെപിയുമായി ബന്ധമുള്ള ചില സംഘടനകള്‍ എത്തി സ്വീകരിച്ചിരുന്നു. മധുരപലഹാരങ്ങളും ആലിംഗനങ്ങളും മാലകളും നല്‍കിയാണ് ഇവരെ ജയിലില്‍ നിന്ന് പുറത്തേക്ക് എത്തിച്ചത്.
കുറ്റവാളികളെ മോചിപ്പിച്ചതിന് പിന്നാലെ നീതിന്യായ വ്യവസ്ഥയിലുള്ള തന്റെ വിശ്വാസത്തെ ഉലച്ചെന്നും തന്നെ ഞെട്ടിക്കുകയും മരവിപ്പിക്കുകയും ചെയ്തുവെന്ന് ബില്‍ക്കിസ് ബാനോ പറഞ്ഞു. അതേസമയം, നിയമപരമായ ഒരു നടപടിയും തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ കുടുംബം.
2002ല്‍ ഗോധ്ര ട്രെയിന്‍ കത്തിച്ചതിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനോയ്ക്ക് 21 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. വിവാദമായ സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം, 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഷംനാ..എജ്ജാതി ലുക്ക്, ഇത് പൊളിച്ചു, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തുടര്‍ന്ന് അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. സാക്ഷികളെ ഉപദ്രവിക്കാനും സി ബി ഐ ശേഖരിച്ച തെളിവുകള്‍ അട്ടിമറിക്കപ്പെടുമെന്നും ബില്‍ക്കിസ് ബാനു ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 2004 ഓഗസ്റ്റില്‍ സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. 2008 ജനുവരി 21-ന് പ്രത്യേക സി ബി ഐ കോടതി പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.
ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ഗൂഡാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്. ബില്‍കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications