ബിൽക്കിസ് ബാനു കേസ്; 11 പ്രതികളും കീഴടങ്ങി, ജയിലിൽ എത്തിയത് അർധരാത്രിയോടെ
അഹമ്മദാബാദ്: ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ജയിലിൽ കീഴടങ്ങി. ഞായറാഴ്ച രാത്രി 11.45 ഓടെയായിരുന്നു പ്രതികൾ ഗുജറാത്തിലെ പഞ്ചമഹലിലെ ഗോധ്ര സബ് ജയിലില്‍ എത്തിയത്. കീഴടങ്ങനായി സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനിൽക്കെയായിരുന്നു കീഴടങ്ങൽ.
പ്രതികളെ വിട്ടയച്ച സർക്കാർ നടപടി റദ്ദ് ചെയ്തുകൊണ്ട് ജനവരി എട്ടിന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടിഎംസി നേതാവ് മഹുവ മൊയ്‌ത്രയും അടക്കം സമർപ്പിച്ച ഹർജികളിലായിരുന്നു കോടതിയുടെ ഉത്തരവ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കുറ്റവാളികള്‍ ഗുജറാത്ത് സര്‍ക്കാരിനെ സമീപിക്കാനുള്ള അനുകൂല ഉത്തരവ് നേടിയതെന്നും ജനവരി 21 ന് തന്നെ പ്രതികൾ കീഴടങ്ങണമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.

എന്നാൽ കീഴടങ്ങാന്‍ ഒരുമാസം സാവകാശം തേടി പ്രതികൾ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.തിമിര ശസ്ത്രക്രിയ, മാതാപിതാക്കളുടെ വാർധക്യ സഹജമായ അസുഖം, കാർഷികോൽപ്പന്നങ്ങളുടെ വിളവെടുപ്പ് എന്നിങ്ങനെയുള്ള കാരണങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു ഹർജി. എന്നാൽ പ്രതികളുടെ ആവശ്യങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജികൾ തള്ളി. ഞായാറാഴ്ച തന്നെ കീഴടങ്ങണമെന്ന കർശന നിർദ്ദേശവും നൽകി. ഇതിന് പിന്നാലെയാണ് പ്രതികൾ കീഴടങ്ങിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു കേസിലെ പ്രതികളായ ജസ്വന്ത് നായി, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധ്യേഷം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വോഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരെ സർക്കാർ മോചിപ്പിച്ചത്. 15 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയതിനാൽ, അവരുടെ പ്രായവും തടവുകാലത്തെ പെരുമാറ്റവും പരിഗണിച്ച് അവരെ വിട്ടയക്കുന്നുവെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
2002 ലെ ഗുജറാത്ത് കലാപത്തിനിടെയായിരുന്നു 5 മാസം ഗർഭിണിയായ ബിൽകിസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ എഴു പേരെ കൊലപ്പെടുത്തുകയും ചെയ്തത്. മരിച്ചെന്ന് കരുതി പ്രതികൾ ബിൽകിസ് ബാനുവിനെ ഉപേക്ഷിച്ച് പോകുകയായിരുന്നു. തുടർന്ന് നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികൾക്ക് കേസിൽ ശിക്ഷ ലഭിച്ചത്. 2008ലാണ് കേസിലെ പ്രതികള്‍ക്ക് മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്.












Click it and Unblock the Notifications