ദില്ലിയിലും ഝാർഖണ്ഡിലും കണ്ണ് വെച്ച് ബിജെപി, മഹാരാഷ്ട്രയ്ക്ക് ശേഷമുളള നിർണായക 'ഓപറേഷനുകൾ'!
ദില്ലി: ബിജെപി- ശിവസേന സഖ്യത്തിനാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചത്. ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന് നരേന്ദ്ര മോദിയും അമിത് ഷായും പറഞ്ഞു. താന്‍ തന്നെയാകും മുഖ്യമന്ത്രിയെന്ന് ഫട്‌നാവിസും പ്രഖ്യാപിച്ചു.
ശിവസേന പല കളികള്‍ കളിച്ചിട്ടും ഒടുവില്‍ ബിജെപി പറഞ്ഞത് തന്നെ സംഭവിച്ചു. കണ്ണടച്ച് തുറക്കും മുന്‍പ് ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇനി വിശ്വാസം സഭയില്‍ തെളിയിക്കുക എന്ന കടമ്പയാണ് മുന്നിലുളളത്. ബിജെപിയുടെ ഓപറേഷന്‍ മഹാരാഷ്ട്രയോടെ അവസാനിക്കുന്നില്ല. ഇനി ദില്ലിയും ജാര്‍ഖണ്ഡുമാണ് ബിജെപിക്ക് മുന്നിലുളളത്.

രാജ്യതലസ്ഥാനത്ത് അധികാരമില്ല
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ രാജ്യതലസ്ഥാനമായ ദില്ലിയില്‍ അധികാരമില്ല എന്നത് ബിജെപിക്ക് ക്ഷീണമാണ്. 2014ലേയും 2019ലേയും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ദില്ലിയിലെ 7 സീറ്റുകളും തൂത്ത് വാരാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാല്‍ 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അടിപതറി.

22 വർഷമായി പുറത്ത്
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി 70ല്‍ 67 സീറ്റുകളും നേടി ദില്ലിയില്‍ അധികാരത്തിലെത്തി. കഴിഞ്ഞ 22 വര്‍ഷമായി ദില്ലി ഭരണം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയവും മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ വിജയവുമാണ് ബിജെപിയുടെ ആത്മവിശ്വാസം ഇക്കുറി ഉയര്‍ത്തുന്നത്.

പുതിയ തന്ത്രങ്ങൾ
മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ 1808 ബൂത്തുകളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിന്നോക്കം പോയിരുന്നു. ഈ കുറവ് നികത്താനായി മുസ്ലീംങ്ങളെ ആകര്‍ഷിക്കാനുളള തന്ത്രങ്ങള്‍ പാര്‍ട്ടി മെനയുന്നുണ്ട്. നഗര വോട്ടര്‍മാരില്‍ 40 ശതമാനത്തോളം വരുന്ന പൂര്‍വാഞ്ചലുകാരില്‍ നിന്നുളള നേതാവാണ് ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി എന്നതും ബിജെപിക്ക് പ്ലസ് പോയിന്റാണ്.

അധികാരം നിലനിർത്തണം
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന ഝാര്‍ഖണ്ഡില്‍ ഭരണം നിലനിര്‍ത്തുക എന്ന വെല്ലുവിളിയാണ് ബിജെപിക്ക് മുന്നിലുളളത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ബിജെപി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്.

മുൻ അനുഭവങ്ങളിൽ ആശങ്ക
ഇതിന് മുന്‍പ് ഹരിയാനയിലും മഹാരാഷ്ട്രയിലൂമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഹരിയാനയില്‍ ചെറിയ ഭൂരിപക്ഷത്തിനാണ് ബിജെപി അധികാരം പിടിച്ചത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് വളരെയേറെ കഷ്ടപ്പെടേണ്ടി വന്നു. ഇപ്പോഴും സര്‍ക്കാര്‍ വീഴുമോ വാഴുമോ എന്ന് ഉറപ്പിക്കാനും ബിജെപിക്ക് സാധിച്ചിട്ടില്ല.

നിലവിൽ സഖ്യസർക്കാർ
ഈ സാഹചര്യങ്ങള്‍ ഝാര്‍ഖണ്ഡില്‍ ആവര്‍ത്തിക്കരുത് എന്ന് ബിജെപി നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്. നിലവില്‍ ബിജെപി-ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് 37 സീറ്റുകളാണ്. 81 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 41 അംഗങ്ങളുടെ പിന്തുണയാണ്.

മിഷന്‍ 65
ഇതോടെയാണ് 5 സീറ്റ് നേടി എജെഎസ്യുവിനെ കൂടി പങ്കാളിയാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. രഘുബര്‍ദാസ് ആണ് മുഖ്യമന്ത്രി. ഝാര്‍ഖണ്ഡില്‍ ആദ്യമായി 5 വര്‍ഷം തികയ്ക്കുന്ന മുഖ്യമന്ത്രി കൂടിയാണ് രഘുബര്‍ ദാസ്. ഇക്കുറി ഒറ്റയ്ക്ക് അധികാരത്തിലേറുക എന്ന ലക്ഷ്യവുമായി മിഷന്‍ 65ല്‍ ഊന്നിയാണ് ബിജെപിയുടെ പ്രചാരണം. കോണ്‍ഗ്രസ്, ആര്‍ജെഡി, ജെഎംഎം എന്നിവര്‍ സഖ്യമായാണ് ബിജെപിക്കെതിരെ മത്സരിക്കുന്നത്.












Click it and Unblock the Notifications