അട്ടിമറി പ്രതീക്ഷിച്ച് ആം ആദ്മി..ഭരണം നിലനിർത്താൻ ബിജെപി;ഹിമാചലിൽ പ്രചരണം നേരത്തേ തുടങ്ങി പാർട്ടികൾ
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ പ്രചരണ പരിപാടികൾക്ക് വേഗം കൂട്ടാൻ ബി ജെ പിയും ആം ആദ്മി പാർട്ടിയും. യുപി ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ കൂറ്റൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭരണം പിടിക്കാനാകുമെന്നാണ് ബി ജെ പി പ്രതീക്ഷ. അതേസമയം പഞ്ചാബിലെ വിജയം തൊട്ടടുത്ത സംസ്ഥാനമായ ഹിമാചലിൽ മുന്നേറ്റം ഉണ്ടാക്കാൻ സഹായിക്കുമെന്ന് ആം ആദ്മിയും കരുതുന്നു.

വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടിയാകും ഹിമാചലിൽ ബി ജെ പി പ്രചരമം നടത്തുകയാണെന്ന് സംസ്ഥാന അധ്യക്ഷനും ഷിംല എംപിയുമായ സുരേഷ് കശ്യപ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ മുന്നേറ്റങ്ങൾ വിശദീകരിച്ച് കൊണ്ടായിരിക്കും പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുക. സംശുദ്ധ ഭരണമാണ് ബി ജെ പി സംസ്ഥാനത്തും രാജ്യത്തും കാഴ്ചവെച്ചത്. അഴിമതിയ്ക്കെതിരെ മുഖം നോക്കാതെ നടപടികളാണ് സർക്കാർ സ്വീകരിച്ചിരുന്നത്, കശ്യപ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ് കൊവിഡിനിടെ സൗജന്യ റേഷൻ വിതരണ പദ്ധതിയായ 'ഗരീബ് കല്യാൺ അന്ന യോജന' ആരംഭിച്ചത്. 80 കോടി ഗുണഭോക്താക്കൾക്ക് 759 മെട്രിക് ടൺ സൗജന്യ റേഷൻ മോദി സർക്കാർ വിതരണം ചെയ്തു. ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇതുവരെ എട്ട് ലക്ഷം ഗുണഭോക്താക്കൾക്ക് ഈ റേഷൻ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 185 കോടി കൊവിഡ് വാക്സിൻ ഡോസ് വിതരണം, പാക്കിസ്ഥാനിലെ സർജിക്കൽ സ്‌ട്രൈക്കുകൾ, യുദ്ധത്തിൽ തകർന്ന ഉക്രെയ്‌നിൽ നിന്ന് 23,000 ഇന്ത്യക്കാരെ ഒഴിപ്പിക്കൽ എന്നിങ്ങനെ എല്ലാ മേഖലകളിലും നിശ്ചയദാർഢ്യത്തോടെയാണ് മോദി സർക്കാർ പ്രവർത്തിച്ചതെന്നും കശ്യപ് അവകാശപ്പെട്ടു.
ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ ഹിമാചൽ സന്ദർശനം പാർട്ടി പ്രവർത്തകർക്ക് കൂടതൽ ഊർജം നൽകുന്നതായിരുന്നെന്നും കശ്യപ് പറഞ്ഞു. ഏപ്രിൽ 9 നായിരുന്നു ജെ പി നദ്ദ സംസ്ഥാനത്ത് ത്രിദിന സന്ദർശനം നടത്തിയത്. നിരവധി റോഷ് ഷോകളിലും സംഘടന പരിപാടികളിലും അദ്ദേഹം പങ്കെടുത്തിയിരുന്നു.
അതേസമയം ഏപ്രിൽ 23 ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി കൺവീനറുമായ അരവിന്ദ് കെജരിവാൾ ഹിമാചൽ സന്ദർശിക്കും. നേരത്തേ ബി ജെ പിയുടെ സ്ഥാപക ദിനമായ ഏപ്രിൽ ആറിന് സംസ്ഥാനത്ത് കെജരിവാളിന്റെ നേതൃത്വത്തിൽ പാർട്ടി ശക്തിപ്രകടനം നടത്തിയിരുന്നു. സംസ്ഥാനത്ത് തങ്ങളുടെ കന്നി പോരാട്ടത്തിന് ഒരുങ്ങുകയാണ് ആം ആദ്മി. പഞ്ചാബിലെ അലയൊലികൾ ഹിമാചലിൽ ഉണ്ടാകുമെന്നാണ് നേതൃത്വം പ്രതീക്ഷ പുലർത്തുന്നത്. തിരഞ്ഞെടുപ്പിനായി പ്രത്യേകം തന്ത്രങ്ങളാണ് പാർട്ടി മെനയുന്നത്. എന്നാൽ ആം ആദ്മി പ്രതീക്ഷയ്ക്ക് തുടക്കത്തിലേ തിരിച്ചടിയായിരിക്കുകയാണ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്. കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന അധ്യക്ഷനടക്കമുള്ളവർ ബി ജെ പിയിലേക്ക് ചേക്കേറിയിരുന്നു. ഇതോടെ ഹിമാചൽ യൂണിറ്റ് ആം ആദ്മി പിരിച്ച് വിട്ടിരുന്നു.
അതിനിടെ ഇക്കുറി ബി ജെ പിയിൽ നിന്നും അധികാരം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ പാർട്ടി ഉന്നയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ കുൽദീപ് സിങ് റാത്തോഡ് പറഞ്ഞു. ബി.ജെ.പി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ ഹിമാചൽ പ്രദേശിലെ ജനങ്ങൾ മടുത്തു, അതുമൂലം രാജ്യത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും വളരെയധികം വർദ്ധിച്ച് വരികയാണെന്നും കുൽദീപ് കുറ്റപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം കാഴ്ചവെയ്ക്കാൻ കോൺഗ്രസിന് സാധിച്ചു. വിലവർധനയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെയാണ് ജനം വോട്ട് ചെയ്തത്. അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഈ വിഷയങ്ങൾ പ്രചാരണായുധമാക്കുമെന്നും റാത്തോഡ് പറഞ്ഞു.












Click it and Unblock the Notifications