അംബേദ്കർ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്: രൂക്ഷവിമർശനവുമായി രാഹുല്‍ ഗാന്ധി
ഡല്‍ഹി: പാർലമെന്റില്‍ നടന്ന സംഘർഷങ്ങളില്‍ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പ്രസ്താവനകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി ജെ പി പാർലമെന്റില്‍ അരാജകത്വം സൃഷ്ടിച്ചതെന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയ്ക്കൊപ്പം നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെൻ്റ് സമ്മേളനം ആരംഭിച്ചത് മുതൽ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും ഭരണഘടനയുടെ പകർപ്പ് മുന്നിൽ വച്ചുകൊണ്ട് ഗാന്ധി പറഞ്ഞു. ഭരണകക്ഷിയായ ബി ജെ പിയുടെ ചിന്ത "ഭരണഘടനാ വിരുദ്ധവും അംബേദ്കർ വിരുദ്ധവുമാണ്" എന്നും അംബേദ്കറുടെ സ്മരണയും സംഭാവനയും ഇല്ലാതാക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നതും കോണ്‍ഗ്രസ് എല്ലായ്പ്പോഴും ചൂണ്ടിക്കാട്ടുന്ന കാര്യമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

'ആഭ്യന്തരമന്ത്രിയുടെ പരാമർശം ബി ജെ പിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ്. അമിത് ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതുണ്ടായില്ല. പകരം ഇന്ന് അവർ ഒരു പുതിയ ശ്രദ്ധ തിരിക്കല്‍ പരിപാടി തുടങ്ങി. പ്രതിപക്ഷ എംപിമാർ അംബ്ദേക്കർ ജിയുടെ പ്രതിമയിൽ നിന്ന് പാർലമെൻ്റ് ഹൗസിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ബിജെപി എംപിമാർ ഞങ്ങളെ അകത്തേക്ക് പോകാൻ അനുവദിക്കാതെ കയ്യിൽ വടിയുമായി പടിക്കെട്ടിന് സമീപം നിന്നു' പ്രതിപക്ഷ നേതാവ് പറഞ്ഞു.
അംബേദ്കറെക്കുറിച്ച് അമിത് ഷാ നടത്തിയ പ്രസ്താവനയെ കോണ്‍ഗ്രസ് അപലപിക്കുന്നതായി മല്ലികാർജ്ജുന്‍ ഖാർഗെയും വ്യക്തമാക്കി. "താൻ തെറ്റ് ചെയ്തിട്ടുണ്ടെന്ന് അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഞങ്ങൾ അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെട്ടു. അതിന് തയ്യാറായില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കാൻ തയ്യാറാകണമെന്നും പറർ്ഞു. ഇവ രണ്ടും സംഭവിക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. ഇതോടെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള ഞങ്ങളുടെ പാർട്ടി നേതാക്കൾപ്രതിഷേധിച്ചു, എന്നാൽ ബിജെപി വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ്," ഖാർഗെ പറഞ്ഞു.
അമിത് ഷായുടെ അംബേദ്ക്കർ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ഇന്ത്യ സഖ്യത്തിന്റെ എംപിമാര്‍ക്കെതിരെ പ്രകോപനം സൃഷ്ടിച്ചത് ബി ജെ പി എംപിമാരാണെന്നായിരുന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം. അംബേദ്ക്കര്‍ പ്രതിമയില്‍ നിന്ന് സഭാ കവാടത്തിലേക്ക് പ്രകടനമായെത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ, സഭാ കവാടം തടസ്സപ്പെടുത്തരുതെന്ന സ്പീക്കറുടെ നിര്‍ദ്ദേശം ലംഘിച്ച ബിജെപി എംപിമാര്‍ തടഞ്ഞ് ശാരീരികമായി കയ്യേറ്റം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലാകാര്‍ജുന്‍ ഖാര്‍ഗെയെ തള്ളി താഴെയിട്ടു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ അക്രമം തടയുന്നതിന് ആവശ്യത്തിന് സുരക്ഷ ഉദ്യോഗസ്ഥരെ പോലും വിന്യസിച്ചില്ലെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഇന്നത്തെ അനിഷ്ട സംഭവങ്ങളില്‍ ബി ജെ പിയും കോണ്‍ഗ്രസും പരസ്പരം ആരോപണങ്ങള്‍ ഉന്നിയിച്ചുകൊണ്ട് പൊലീസില്‍ പരാതി നല്‍കി.












Click it and Unblock the Notifications