ദില്ലിയില്‍ ബിജെപി തോല്‍ക്കുമ്പോള്‍ അമിത് ഷാ എവിടെയായിരുന്നു?
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലും പിന്നെ മഹാരാഷ്ട്രയിലും കശ്മീരിലും ഹരിയാനയിലും ഒക്കെ ബി ജെ പിയെ ജയിപ്പിച്ചത് അമിത് ഷായുടെ ചാണക്യ തന്ത്രങ്ങളായിരുന്നു എന്നാണ് വെപ്പ്. എന്നാല്‍ പലയിടത്തും ചരിത്രമുന്നേറ്റം കാഴ്ചവച്ച ബി ജെ പി തലസ്ഥാന നഗരമായ ദില്ലിയില്‍ തകര്‍ന്നടിയുമ്പോള്‍ അമിത് ഷാ എവിടെയായിരുന്നു. തോല്‍വിക്ക് പിന്നാലെ ഒരു പ്രതികരണത്തിനും അമിത് ഷായെ കണ്ടില്ല.
ഇവിടെയുണ്ടായിരുന്നു അമിത് ഷാ. അഹമ്മദാബാദിലെ വൈ എം സി എ ഇന്റര്‍നാഷണല്‍ സെന്ററില്‍ മകന്റെ വിവാഹം ആഘോഷിക്കുകയായിരുന്നു ബി ജെ പിയുടെ പുതിയ ദേശീയ പ്രസിഡണ്ട്. അഹമ്മദാബാദുകാരിയായ റിഷാ പട്ടേലിനെയാണ് അമിത് ഷായുടെ മകന്‍ ജയ് ഷാ വിവാഹം കഴിച്ചത്. പാര്‍ട്ടി തോറ്റതില്‍ കരയണോ മകന്റെ വിവാഹം കണ്ട് ചിരിക്കണോ എന്ന അവസ്ഥയിലായിരുന്നത്രെ ഷാ.

തന്റെ വലംകൈ ആയ അമിത് ഷായുടെ മകന്റെ വിവാഹത്തിന് പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നില്ല. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എല്‍ കെ അദ്വാനി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി എന്നിവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തു. വിവാഹത്തിനിടെ ആം ആദ്മി പാര്‍ട്ടിയുടെ വിജയ വാര്‍ത്ത പുറത്തു വന്നതോടെ ആഹ്ലാദമെല്ലാം ഒതുങ്ങി.
തോല്‍വി വാര്‍ത്ത പുറത്തുവന്നതോടെ മാധ്യമങ്ങളെ വിവാഹവേദിയിലേയ്ക്ക് പ്രവേശിപ്പിക്കാന്‍ പോലും ഷാ കൂട്ടാക്കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ നേതാക്കന്മാരെല്ലാം ഹാളിനോടു ചേര്‍ന്നുള്ള കോണ്‍ഫറന്‍സ് റൂമില്‍ ഒത്തുചേര്‍ന്നാണ് മീഡിയയോട് പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചത്. ആര്‍ എസ് എസ്, വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളും വിവാഹത്തിന് എത്തിയിരുന്നു.












Click it and Unblock the Notifications