ഒവൈസിക്ക് ഉഗ്രന്‍ ഷോക്ക് നല്‍കി ബിജെപി; സഖ്യനീക്കം പൊളിക്കും... നിര്‍ണായക ചര്‍ച്ച, 5 ഉപാധി
ലഖ്‌നൗ: ഹൈദാരാബ് എംപിയും മജ്‌ലിസ് പാര്‍ട്ടി നേതാവുമായ അസദുദ്ദീന്‍ ഒവൈസി ഉത്തര്‍ പ്രദേശില്‍ നോട്ടമിട്ടിരിക്കെ, ബിജെപി പുതിയ കെണിയൊരുക്കുന്നു. ബിഹാറിലും മഹാരാഷ്ട്രയിലും മികച്ച സാന്നിധ്യം അറിയിച്ച ശേഷമാണ് ഒവൈസി ഉത്തര്‍ പ്രദേശില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചത്. മജ്‌ലിസ് പാര്‍ട്ടി 100 സീറ്റില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയെന്ന് ഒവൈസി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ഒവൈസിയുടെ വരവ് സ്വാഗതം ചെയ്താണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ ശക്തമായ ഷോക്ക് ഒവൈസിക്ക് കൊടുക്കുകയാണ് ബിജെപി. ഇങ്ങനെ ഒരു നീക്കം ഒവൈസി പ്രതീക്ഷിച്ചുകാണില്ല. വിശദാംശങ്ങള്‍ ഇങ്ങനെ...

ഉത്തര്‍ പ്രദേശില്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഉന്നത ജാതിക്കാരെയും മറ്റുള്ളവരെയും കൂടെ നിര്‍ത്താന്‍ പ്രത്യേക പദ്ധതി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ ടീം ആവിഷ്‌കരിച്ചു കഴിഞ്ഞു. ഈയടുത്ത് നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ പോലും ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു.

ബിജെപിക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നത് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയാണ്. എല്ലാ പാര്‍ട്ടികളും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങികഴിഞ്ഞു. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. വിവിധ പാര്‍ട്ടികള്‍ തമ്മില്‍ സഖ്യ ചര്‍ച്ചകളും നടക്കുകയാണ്. എന്നാല്‍ വ്യത്യസ്തമായ വഴിയാണ് അഖിലേഷ് സ്വീകരിക്കുന്നത്.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നാണ് എസ്പി മല്‍സരിച്ചത്. തോല്‍വിയായിരുന്നു ഫലം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മയാവതിയുടെ ബിഎസ്പിയുമായി സഖ്യം ചേര്‍ന്ന് മല്‍സരിച്ചപ്പോഴും എസ്പിക്ക് കാര്യമായ നേട്ടമണ്ടായില്ല. ഈ സാഹചര്യം മുന്‍നിര്‍ത്തി ഇത്തവണ പ്രബല പാര്‍ട്ടികളുമായി സഖ്യമില്ലെന്നാണ് എസ്പിയുടെ പ്രഖ്യാപനം.

ബിഎസ്പിയും ആരുമായും സഖ്യത്തിനില്ല എന്ന് അറിയിച്ചു. എസ്പിയും ബിഎസ്പിയും തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് എസ്പിയുമായി സഖ്യത്തിന് നീക്കം നടത്തുന്നുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. സഖ്യം യാഥാര്‍ഥ്യമായില്ലെങ്കില്‍ മൂന്ന് പാര്‍ട്ടികളും തനിച്ചാകും മല്‍സരിക്കുക. ഇത് ബിജെപിക്ക് ആശ്വാസം നല്‍കുന്നതാണ്.

അതിനിടെയാണ് ഒവൈസി യുപിയില്‍ മല്‍സരിക്കാന്‍ എത്തുന്നത്. ഓം പ്രകാശ് രാജ്ബാര്‍ നേതൃത്വം നല്‍കുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) യുമായി സഖ്യമുണ്ടാക്കാന്‍ ഒവൈസി തീരുമാനിച്ചു. ഇരു നേതാക്കളും ലഖ്‌നൗവില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഈ സഖ്യം ഏകദേശം ധാരണയായിരിക്കെയാണ് ബിജെപിയുടെ പുതിയ നീക്കം.

ഓം പ്രകാശ് രാജ്ബാര്‍ ബിജെപിക്കൊപ്പം വീണ്ടും ചേര്‍ന്നേക്കുമെന്നാണ് സൂചന. നേരത്തെ യോഗി സര്‍ക്കാരിന്റെ ഭാഗമായിരുന്നു രാജ്ബാര്‍. പിന്നീട് ഉടക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് പുറത്തായി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ രാജ്ബാര്‍ ശ്രമിച്ചെങ്കിലും സമ്പൂര്‍ണ വിജയം കണ്ടില്ല. എന്നിലിപ്പോള്‍ ഇരുപാര്‍ട്ടികളും വീണ്ടും അടുക്കുകയാണ്.

ബിജെപിയുടെ ഉത്തര്‍ പ്രദേശ് പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങുമായി രാജ്ബാര്‍ ചര്‍ച്ച നടത്തി. ഒരു മണിക്കൂറോളം ചര്‍ച്ച നീണ്ടു. രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ചയായി എന്ന് രാജ്ബാര്‍ പറഞ്ഞു. സഖ്യം ചേരുന്ന കാര്യം അദ്ദേഹം തള്ളിയില്ല. പകരം ചില ഉപാധികള്‍ വച്ചു. അഞ്ച് ഉപാധികള്‍ അംഗീകരിച്ചാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് രാജ്ബാര്‍ പറഞ്ഞു.

സൗഹൃദ സംഭാഷണമാണ് നടന്നത്. രാഷ്ട്രീയവും ചര്‍ച്ചയായി. ഞങ്ങള്‍ രണ്ടുപേരും ഒരേ സമുദായക്കാരാണ്. അതുകൊണ്ടാണ് ചര്‍ച്ച നടത്തിയതെന്നും രാജ്ബാര്‍ പറഞ്ഞു. സഖ്യം ചേരുമോ എന്ന ചോദ്യം അദ്ദേഹം പൂര്‍ണമായും തള്ളിക്കളഞ്ഞില്ല. തങ്ങളുടെ അഞ്ച് ആവശ്യങ്ങള്‍ ബിജെപി അംഗീകരിക്കാന്‍ തയ്യാറായാല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും രാജ്ബാര്‍ പറഞ്ഞു.

ഒബിസി നേതാവിനെ മുഖ്യമന്ത്രിയാക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് രാജ്ബാര്‍ മുന്നോട്ട് വെക്കുന്നത്. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സഖ്യമാകാം. നേരത്തെ ഞങ്ങളെ വഞ്ചിച്ചവരാണ് ബിജെപി. അതുകൊണ്ട് പൂര്‍ണമായും അവരെ വിശ്വസിക്കില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എസ്ബിഎസ്പിയും ബിജെപിയും സഖ്യമുണ്ടാക്കിയിരുന്നത്.

രാജ്ബാര്‍ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് പൂര്‍വാഞ്ചല്‍. ഇവിടെ ബിജെപിക്ക് മികച്ച വിജയം നേടാന്‍ സഹായിച്ചത് ഓം പ്രകാശ് രാജ്ബാറും സംഘവുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്ബാറുമായുള്ള സഖ്യം ബിജെപിക്ക് നേട്ടമായിരുന്നു. നാല് സീറ്റില്‍ രാജ്ബാറിന്റെ പാര്‍ട്ടി ജയിച്ചു. 300ലധികം സീറ്റില്‍ ജയിച്ചാണ് ബിജെപി 2017ല്‍ അധികാരത്തിലെത്തിയത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് രാജ്ബാറും ബിജെപിയും ഉടക്കിയത്. ഒബിസി സംവരണം ആവശ്യപ്പെട്ടുള്ള ചര്‍ച്ചകള്‍ തര്‍ക്കത്തിലെത്തി. ഇതോടെ രാജ്ബാര്‍ സഖ്യം വിടുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നീട് രാജ്ബാറിനെ സഖ്യത്തില്‍ നിന്ന് പുറത്താക്കിയതായി ബിജെപി പ്രഖ്യാപിക്കുകയും ചെയ്തു. 2019ല്‍ തനിച്ച് മല്‍സരിച്ച രാജ്ബാറിന്റെ നീക്കം പക്ഷേ വിജയിച്ചില്ല.

ഇപ്പോള്‍ ചെറുപാര്‍ട്ടികളുമായി സഖ്യം ചേരാനാണ് രാജ്ബാര്‍ തീരുമാനിച്ചത്. ഭാഗിധാരി സങ്കല്‍പ്പ് മോര്‍ച്ച എന്ന മുന്നണി അദ്ദേഹമുണ്ടാക്കി. ഇതില്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും അംഗമാണ്. മുന്‍ മന്ത്രി ബാബു സിങ് കുശ്വാഹയുടെ പാര്‍ട്ടിയും മറ്റുചില ഒബിസി പാര്‍ട്ടികളും ഈ സഖ്യത്തിലുണ്ട്. അതിനിടെയാണ് രാജ്ബാര്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്.

ഓം പ്രകാശ് രാജ്ബാറിന്റെ മകനും എസ്ബിഎസ്പി ജനറല്‍ സെക്രട്ടറിയുമായ അരവിന്ദ് രാജ്ബാര്‍ ബിജെപി സഖ്യം നിഷേധിച്ചു. ചര്‍ച്ച നടന്നത് ശരിയാണ്. ബിജെപിയുമായി സഖ്യമുണ്ടാക്കില്ല. ചര്‍ച്ച വ്യക്തിപരമായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു. അതേസമയം, എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നിവരുമായി സഖ്യത്തിന് തയ്യാറാണ് എന്ന് എസ്ബിഎസ്പി നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഒരു തരി പൊന്നില്ലാതെ ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹം; ചിത്രങ്ങള്‍ കാണാം, വരന്‍ നടന്‍ സാം സബിന്‍












Click it and Unblock the Notifications