'പിന്നെന്ത് വേണം.. അവരെ പിടിച്ച് ഉമ്മ വെക്കണോ?'; കവിതക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി അധ്യക്ഷന്‍
ദല്‍ഹി മദ്യനയ കേസില്‍ ആണ് കവിതയെ ഇഡി ചോദ്യം ചെയ്യുന്നത്. രാഷ്ട്രീയ പകപോക്കലാണ് ബിജെപി കേന്ദ്ര ഏജന്‍സികളെ വെച്ച് നടത്തുന്നത് എന്നാണ് ബിആര്‍എസിന്റെ പ്രതികരണം

ഹൈദരാബാദ്: ദല്‍ഹി മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ബി ആര്‍ എസ് എം എല്‍ സിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകളുമായ കെ കവിതക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാര്‍.
കവിതയെ ഇ ഡി അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചെയ്ത കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടാതെ പിന്നെ ഉമ്മ വെക്കുകയാണോ വേണ്ടത് എന്നായിരുന്നു ബന്ദി സഞ്ജയ് കുമാര്‍ ചോദിച്ചത്. ബന്ദി സഞ്ജയ് കുമാറിന്റെ പരാമര്‍ശത്തിന് എതിരെ ബി ആര്‍ എസ് വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ബി ആര്‍ എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ബന്ദി സഞ്ജയ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. എന്നാല്‍ തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ് എന്നായിരുന്നു ബന്ദി സഞ്ജയ് കുമാറിന്റെ ന്യായീകരണം. ആരെങ്കിലും കുറ്റം ചെയ്താല്‍ നിങ്ങള്‍ അഭിനന്ദിക്കുമോ ശിക്ഷിക്കുമോ എന്നാണ് ഇതുകൊണ്ട് ഉദ്യേശിച്ചത്.

തെലുങ്കില്‍ പൊതുവെ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത്. അത് ബി ആര്‍ എസിനും നന്നായി അറിയാം. വിവാദങ്ങളുണ്ടാക്കി മുഖ്യമന്ത്രിയുടെ മകളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചതിന്റെ ജാള്യത മറച്ച് വെക്കാനാണ് ഇപ്പോള്‍ ബി ആര്‍ എസ് ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് സ്ത്രീകളുടെ മാന്യതയെ അവഹേളിക്കുന്നു എന്ന് കാട്ടി ബോധപൂര്‍വം ചിത്രീകരിക്കുകയാണ് എന്നും ബന്ദി സഞ്ജയ്യുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. അതേസമയം ദല്‍ഹി മദ്യനയ കേസില്‍ കവിത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി.
ഇതിനിടെ കവിതയെ അറസ്റ്റ് ചെയ്യുകയാണ് എങ്കില്‍ ശക്തമായ പ്രതിഷേധത്തിന് ബി ആര്‍ എസ് ഒരുക്കം നടത്തുന്നുണ്ട്. തെലങ്കാന മന്ത്രിയും സഹോദരനുമായ കെ ടി രാമറാവു ഇന്നലെ തന്നെ ദല്‍ഹിയിലെത്തിയിരുന്നു. അതേസമയം ബി ആര്‍ എസ് നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉന്നമിടുകയാണ് എന്ന് കെ സി ആര്‍ പറഞ്ഞു.
ഇ ഡി അറസ്റ്റ് ചെയ്‌തേക്കാം എന്നും എന്നാല്‍ അതിന്റെ പേരില്‍ തങ്ങളുടെ മനോവീര്യം കെടുത്താനാകില്ല എന്നും കെ സി ആര്‍ പറഞ്ഞു. അതേസമയം എവിടെ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണെങ്കിലും അവിടെ മോദിക്ക് മുമ്പേ ഇ ഡി എത്തും എന്നായിരുന്നു തന്റെ ചോദ്യം ചെയ്യലില്‍ കവിത പ്രതികരിച്ചത്.












Click it and Unblock the Notifications