പണി തുടങ്ങി ബിജെപി; 3000 പേരെ ഇറക്കും!! തെലങ്കാനയിൽ മാത്രം 119 പേർ, ഒരേയൊരു ലക്ഷ്യം
ദില്ലി: 2023 ൽ 10 സംസ്ഥാനങ്ങളിലാണ് നിയസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മിസോറാം, മേഘാലയ, നാഗാലാന്റ്, കൂടാതെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ജമ്മു-കാശ്മീരും. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനലായിട്ടാണ് ഈ നിയമസഭ തിരഞ്ഞെടുപ്പുകളെ വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഏകദേശ ചിത്രം തെളിയുമെന്നുറപ്പ്. വിജയത്തിൽ കുറഞ്ഞതൊന്നും തിരഞ്ഞെടുപ്പിൽ ബിജെപി സ്വപ്നം കാണുന്നില്ല. അതുകൊണ്ട് തന്നെ തന്ത്രങ്ങൾ കാലേകൂട്ടി തുടങ്ങിയിരിക്കുകയാണ് നേതൃത്വം.

നിയമസഭ തിരഞ്ഞെടുപ്പുകൾക്കൊപ്പം തന്നെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരുക്കങ്ങളും നടത്താനാണ് ബി ജെ പി തീരുമാനം. ഇതിന്റെ ഭാഗമായി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 'വിസ്താരകരെ' നിയമിക്കും. ബി ജെ പി , ആർ എസ് എസ് പ്രവർത്തകരെയാണ് ഇത്തരത്തിൽ വിസ്താരകരായി ചുമതലപ്പെടുത്തുക. പാർട്ടിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനോടൊപ്പം തന്നെ പ്രാദേശിക തലത്തിൽ സ്വാധീനം വർധിപ്പിക്കുകയാണ് ഇവരിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപും മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വിസ്താരകർ പ്രവർത്തിച്ചിരുന്നു. പാർട്ടി അധ്യക്ഷനായിരുന്ന സമയത്ത് അമിത് ഷായായിരുന്നു ഇത്തരമൊരു ആശയം നടപ്പാക്കിയത്. ബി ജെ പിയുടെ പ്രാദേശിക സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന 'വിസ്താരക്' തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.
വിസ്താരകരെ നിയമിക്കും മുൻപ് ഓരോ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള റിപ്പോർട്ട് ബി ജെ പി ശേഖരിക്കും. ഏതൊക്കെ മണ്ഡലങ്ങളിലാണ് വിജയ സാധ്യത ഉള്ളത്, തിരിച്ചടി നേരിടാൻ സാധ്യതയുള്ള മണ്ഡലങ്ങൾ എന്നിവ കണ്ടെത്തി മണ്ഡലങ്ങളെ തരംതിരിക്കും. ഈ റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിന് കൈമാറും. ഇതിന് അനുസരിച്ചായിരിക്കും വിശദമായ പദ്ധതികൾ ഒരുക്കുക.

ദക്ഷിണേന്ത്യൻ സംസ്ഥാനമായ തെലങ്കാനയിൽ ഇതിനോടകം തന്നെ 119 വിസ്താരകെ ബി ജെ പി നിയമിച്ചിട്ടുണ്ട്.
കർണാടക കഴിഞ്ഞാൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് തെലങ്കാന. നിലവിൽ ദക്ഷിണേന്ത്യയിൽ കർണാടകയിൽ മാത്രമാണ് ബി ജെ പിക്ക് അധികാരമുള്ളത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ അട്ടിമറി ഉണ്ടാക്കാൻ സാധിക്കുമെന്ന് ബി ജെ പി പ്രതീക്ഷ പുലർത്തുന്നുണ്ട്. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 1 സീറ്റിൽ വിജയിച്ച ബി ജെ പിക്ക് ഇന്ന് നാല് ലോക്സഭ സീറ്റുകൾ കൈയ്യിലുണ്ട്. വോട്ട് ശതമാനത്തിലും വലിയ മുന്നേറ്റം നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നു.

അതിനിടെ സ്ഥാനാർത്ഥി ചർച്ചകളിലേക്കും ബി ജെ പി നേതൃത്വം ഔദ്യോഗികമായി കടന്ന് കഴിഞ്ഞു. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. ഉത്തരേന്ത്യയിലേത് പോലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനപ്രിയ മുഖങ്ങൾ ബി ജെ പിക്ക് ഇല്ല. അതിനാൽ സിനിമാ, കായിക രംഗങ്ങളിലേയും പൊതുസ്വീകാര്യരായ പ്രമുഖരേയും സ്ഥാനാർത്ഥികളാക്കാനുള്ള തയ്യാറെടുപ്പിലാണ് പാർട്ടി. കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്ര എന്നിവടങ്ങളിലാണ് പ്രമുഖരെ തിരയുന്നത്. ഇവിടങ്ങളിൽ നിരവധി സെലിബ്രിറ്റി താരങ്ങളെ ബി ജെ പി സമീപിച്ചെന്നാണ് സൂചന. കേരളത്തിലും ജനപ്രിയ താരങ്ങളെ ഇറക്കാനാണ് ആലോചന. സംസ്ഥാനത്ത് ഇത്തവണ 5 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ബി ജെ പിയുടെ പ്രവർത്തനം.












Click it and Unblock the Notifications