സര്‍ക്കാര്‍ പണം ബിജെപി ക്ഷേത്രങ്ങള്‍ക്ക് ഉപയോഗിക്കുന്നു; ഖബറിസ്ഥാന് വേണ്ടിയല്ല, വിവാദവുമായി യോഗി
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഉത്തര്‍ പ്രദേശില്‍ വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്‍ സര്‍ക്കാരുകള്‍ പൊതുപണം ഖബര്‍സ്ഥാന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ബിജെപി സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് യോഗി പറഞ്ഞു. ദീപാവലിയോട് അനുബന്ധിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നടത്തിയ റാം കഥ പാര്‍ക്കില്‍ സംസാരിക്കവെയാണ് വിഭാഗീയമായി യോഗി പ്രസംഗിച്ചത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുകയാണ്. 500 ക്ഷേത്രങ്ങളുടെയും മത കേന്ദ്രങ്ങളുടെയും വിപുലീകരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയും ഉത്തര്‍ പ്രദേശില്‍ നടപ്പാക്കി വരികയാണ്. 300 കേന്ദ്രങ്ങളില്‍ പ്രവൃത്തി കഴിഞ്ഞു. ബാക്കിയുള്ളവ രണ്ടു മാസത്തിനകം തീര്‍ക്കും. ഖബറിസ്ഥാനെ സ്‌നേഹിച്ചവര്‍ അവിടെ പണം ചെലവഴിച്ചു. മതത്തെയും സംസ്‌കാരത്തെയും സ്‌നേഹിച്ചവര്‍ അതിന് വേണ്ടിയും പണം ചെലവഴിക്കുന്നു. 30 വര്‍ഷം മുമ്പ് സംസ്ഥാനത്ത് ജയ് ശ്രീറാം വിളിക്കുന്നത് കുറ്റകരമായിരുന്നു. ഇന്ന് സാഹചര്യം മാറിയെന്നും യോഗി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടതോടെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങി. ഇത് ജനാധിപത്യത്തിന്റെയും ജനങ്ങളുടെയും ശക്തിയാണ്. 30 വര്‍ഷം മുമ്പ് നിങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തവര്‍ നിങ്ങളുടെ ശക്തിക്ക് മുമ്പില്‍ വീണു. രാമക്ഷേത്രം എല്ലാവര്‍ക്കും വേണ്ടിയാണ്. അത് രാമന്റെ ശക്തിയാണ്. ലോകത്തെ ഒരു ശക്തിക്കും രാമക്ഷേത്ര നിര്‍മാണം തടയാനാകില്ല. 2023ഓടെ നിര്‍മാണം പൂര്‍ത്തിയാകും. അയോധ്യ പുതിയ സാംസ്‌കാരിക നഗരമായി മാറും. വരും ദിവസങ്ങളില്‍ കൂടുതല്‍ വികസനം വരും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ അയോധ്യയിലേക്ക് ആകര്‍ഷിക്കുമെന്നും യോഗി പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അടുത്ത ഹോളി വരെ തുടരും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ സൗജന്യ ഭക്ഷ്യ വിതരണം നവംബറില്‍ അവസാനിക്കേണ്ടതായിരുന്നു. യുപി സര്‍ക്കാര്‍ ഇത് അടുത്ത മാര്‍ച്ച് വരെ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഉപ്പ്, പഞ്ചസാര, പരിപ്പ്, എണ്ണ എന്നിവയും അരി, ഗോതമ്പ് എന്നിവയ്‌ക്കൊപ്പം കിട്ടും. 15 കോടി ജനങ്ങള്‍ക്ക് നേട്ടമാകുന്ന തീരുമാനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ മത-വര്‍ഗീയ വിഷയങ്ങളാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്. താലിബാന്‍, രാമക്ഷേത്രം എന്നിവയെല്ലാം ബിജെപി ചര്‍ച്ചയാക്കുന്നു. കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് നേരിട്ട ദുരിതമാണ് സമാജ്‌വാദി പാര്‍ട്ടി പ്രചരിപ്പിക്കുന്നത്. കര്‍ഷരുടെയും ദളിതുകളുടെയും പ്രശ്‌നങ്ങളാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. പെട്രോള്‍-ഡീസല്‍ വില കുറച്ചത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ വില ഉയര്‍ത്തുമെന്നും ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications