ത്രിപുരയില്‍ ബിജെപി തരംഗം, ബിപ്ലവിന് മുന്നില്‍ മുട്ടുകുത്തി മമത, അഗര്‍ത്തലയില്‍ 29 ഇടത്ത് ജയം
അഗര്‍ത്തല: ത്രിപുരയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ ഘട്ട വോട്ടെണ്ണലില്‍ തന്നെ ബിജെപി വളരെ മുന്നിലാണ്. അംബസ്സ, ജിരാനിയ, തെലിയമുര, സബ്‌റൂം എന്നിവിടങ്ങളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമാണിത്.
2018ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ തദ്ദേശ തിരഞ്ഞെടുപ്പാണിത്. 334 സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 51 സീറ്റുണ്ട്. ഒപ്പം 13 മുനിസിപ്പല്‍ കൗണ്‍സിലും ആറ് നഗര പഞ്ചായത്തുകളും ത്രിപുരയിലുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള സംഘര്‍ഷം കത്തി നില്‍ക്കുന്ന സമയത്താണ് വോട്ടെണ്ണല്‍ നടക്കുന്നത്.

334 തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ 112 എണ്ണം ബിജെപി എതിരില്ലാതെ വിജയിച്ചിരുന്നു. അതേസമയം അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 51 സീറ്റില്‍ 29 എണ്ണം ബിജെപി നേടി കഴിഞ്ഞു. കോവായ് മുനിസിപ്പല്‍ സീറ്റിലെ 15 സീറ്റും ബിജെപി തൂത്തുവാരി. അഗര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലില്‍ ബിജെപി ഭൂരിപക്ഷം നേടിയതോടെ ഭരണം ഉറപ്പിച്ചിരിക്കുകയാണ്. നാല്‍പ്പതാം വാര്‍ഡില്‍ സമ്പ സര്‍ക്കാര്‍ 2065 വോട്ടിന്റെ വന്‍ വിജയം നേടി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് പരാജയപ്പെടുത്തിയത്. തുഷാര്‍ കാന്ത് ഭട്ടാചാര്യ 35ാം വാര്‍ഡില്‍ നിന്നും അഭിഷേക് ദത്ത പതിനെട്ടാം വാര്‍ഡില്‍ നിന്നും വിജയിച്ചു. രണ്ടും അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ്.

മേലഘാഘര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 13 സീറ്റിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബെലോനിയ മുനിസിപ്പല്‍ കൗണ്‍സിലിലെ 11 വാര്‍ഡില്‍ ബിജെപി വിജയിച്ചിരിക്കുകയാണ്. ബാക്കിയുള്ള വാര്‍ഡുകളില്‍ വോട്ട് എണ്ണി കൊണ്ടിരിക്കുകയാണ്. സോനാമുറ നഗര്‍ പഞ്ചായത്തിലെ പതിമൂന്ന് സീറ്റിലും ബിജെപി വളരെ മുന്നിലാണ്. അതേസമയം അംബസ മുനിസിപ്പല്‍ കൗണ്‍സിലിലെ പന്ത്രണ്ട് സീറ്റുകള്‍ ബിജെപി നേടി. പതിനഞ്ച് സീറ്റുകളാണ് ഇവിടെയുള്ളത്. തൃണൂല്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഓരോ സീറ്റ് വിജയിക്കാനായിട്ടുണ്ട്. തൃണമൂല്‍ സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്നിരിക്കുകയാണ്.

ത്രിപുരയില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ ബിജെപിയുടെ വിജയം കൂടിയാണിത്. അഗര്‍ത്തലയിലാണ് ബിജെപിയുടെ വമ്പന്‍ മുന്നേറ്റമുണ്ടായിരിക്കുന്നത്. മുഖ്യ പ്രതിപക്ഷമായിരുന്ന സിപിഎമ്മിന്റെ ആകെയുള്ള സീറ്റുകള്‍ ധലായ് ജില്ലയിലെ അംബസ്സ നഗര്‍ പഞ്ചായത്തിലും കൈലാഷഹര്‍ മുനിസിപ്പല്‍ കൗണ്‍സിലിലുമാണ് ലഭിച്ചത്. ബംഗാളിലെ പോലെ സിപിഎം ത്രിപുരയിലും നാമാവശേഷമാകും എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. തിപ്ര മോത്ര എന്ന പ്രാദേശിക പാര്‍ട്ടിക്ക് അംബസ്സയില്‍ ഒരു സീറ്റ് ലഭിച്ചിട്ടുണ്ട്. അതേസമയം ബിജെപി നേതാക്കള്‍ ഒന്നടങ്കം തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

രാഷ്ട്രീയ അപമാനമാണ് മമതയ്ക്ക് ത്രിപുരയില്‍ ഉണ്ടായതെന്ന് ബിജെപി ഐടി വിഭാഗം അധ്യക്ഷന്‍ അമിത് മാളവ്യ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിന് അധികം ആയുസ്സുണ്ടാവില്ല. മമതയെ കൂടുതല്‍ അപമാനമാണ് കാത്തിരിക്കുന്നത്. ബംഗാളിന് പുറത്തല്ല, ബംഗാളില്‍ തന്നെ അതുണ്ടാവും. ത്രിപുര അതിനൊരു തുടക്കം മാത്രമാണെന്നും അമിത് മാളവ്യ പറഞ്ഞു. അതേസമയം നന്ദിഗ്രാമില്‍ മമതയ്‌ക്കെതിരെ മത്സരിച്ച പ്രിയങ്ക തിബ്രെവാളും ത്രിപുര സര്‍ക്കാരിനെ അഭിനന്ദിച്ചു. വലിയ വിജയത്തിന് ബിപ്ലവ് ദേവിന് അഭിനന്ദങ്ങള്‍, വികസന സര്‍ക്കാരിനെ ത്രിപുരയിലെ ജനങ്ങള്‍ പിന്തുണച്ചെന്നും, അല്ലാതെ തൃണമൂലിനെ അല്ലെന്നും പ്രിയങ്ക പറഞ്ഞു.

ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും വിജയത്തില്‍ അഭിനന്ദനവുമായി എത്തി. അഴിമതിയില്‍ മുങ്ങി കുളിച്ച ഫാസിസ്റ്റുകളായ തൃണമൂല്‍ പാര്‍ട്ടിയെ തൂത്തെറിഞ്ഞതില്‍ ജനങ്ങളോട് നന്ദി പറയുന്നുവെന്ന് സുവേന്ദു അധികാരി പറഞ്ഞു. തൃണമൂലും ബിജെപിയും തമ്മിലുള്ള മത്സരം വലിയ ആവേശമുണ്ടാക്കുമെന്നായിരുന്നു കരുതിയത്. സിപിഎം കൂടി ചേരുന്നതോടെ ബിജെപി പ്രതിസന്ധിയിലാവുമെന്നും കരുതിയിരുന്നു. എന്നാല്‍ ഏകപക്ഷീയമായ വിജയത്തിലെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബിജെപി. അതേസമയം വിജയാഘോഷങ്ങള്‍ അക്രമത്തിലേക്ക് കടക്കരുതെന്ന് കര്‍ശന നിര്‍ദേശം ബിജെപി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അസാധുവാക്കി പ്രഖ്യാപിക്കണമെന്നാണ് തൃണമൂല്‍ ആവശ്യപ്പെട്ടത്. കൃത്രിമം കാണിച്ചെന്നാണ് പരാതി.
മമതയുടെ ടാസ്‌കുമായി പ്രശാന്ത് കര്‍ണാടകത്തില്‍, കോണ്‍ഗ്രസില്‍ ലിംഗായത്ത് നേതാവ് അടക്കം കളം മാറും












Click it and Unblock the Notifications