പഞ്ചാബില്‍ അടിതുടങ്ങി! സ്ഥാനാര്‍ഥിയില്‍ അതൃപ്തി,രാജിവയ്ക്കാനൊരുങ്ങി ബിജെപി അധ്യക്ഷന്‍
പഞ്ചാബ് ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയെ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ വിജയ് സാംപ്ല രാജി സന്നദ്ധത അറിയിച്ചു
ചണ്ഡിഗഢ്: പഞ്ചാബ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി. അതൃപ്തിയെ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ വിജയ് സാംപ്ല രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. സംസ്ഥാന അധ്യക്ഷ സ്ഥാനവും കേന്ദ്ര മന്ത്രി പദവും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് സാംപ്ല അറിയിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രിയാണ് ബിജെപിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. പഞ്ചാബ് തിരഞ്ഞെടുപ്പിലെ അവസാന ആറ് സ്ഥാനാര്‍ഥികളുടെ പേര് കൂടി ബിജെപി പുറത്തുവിട്ടതിനു പിന്നാലെയാണ് അതൃപ്തി അറിയിച്ച് സാംപ്ല രംഗത്തെത്തിയത്.
ഭഗ്വാര മണ്ഡലത്തില്‍ സോംപ്രകാശിനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. ഇതില്‍ സാംപ്ലയ്ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചനകള്‍. ഇതേമണ്ഡലത്തില്‍ സാംപ്ലയുമായി അടുപ്പമുള്ള ആളെ സ്ഥാനാര്‍ഥിയാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത് നേതൃത്വം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരങ്ങള്‍.

തീരുമാനം മാറ്റാന്‍ ബിജെപി നേതൃത്വം തയ്യാറായില്ലെങ്കില്‍ രാജിവയ്ക്കാന്‍ തയ്യാറാകുമെന്ന് സാംപ്ല പറയുന്നു. സാംപ്ല രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതിനിടെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കി അധ്യക്ഷന്‍റെ രാജി ഭീഷണി.
പ്രകാശ്‌സിങ് ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി പഞ്ചാബില്‍ മത്സരിക്കുന്നത്. ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്. ബിജെപി- അകാലിദള്‍ സഖ്യം 23 സ്ഥാനാര്‍ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് സാധ്യത. ബിജെപി- അകാലിദള്‍ സഖ്യം, കോണ്‍ഗ്രസ്, എഎപി എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്.












Click it and Unblock the Notifications