ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാൻ കോൺഗ്രസും സി പി എമ്മും തയ്യാറാവണം; വിമർശനവുമായി വി മുരളീധരൻ
തിരുവനന്തപുരം: ഹൈന്ദവ ധർമത്തോട് യഥാർത്ഥ ബഹുമാനം ഉണ്ടെങ്കിൽ ഉദയനിധി സ്റ്റാലിനെ തള്ളിപ്പറയാൻ കോൺഗ്രസും സി പി എമ്മും തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്നേഹത്തിന്റെ കട തുറക്കാൻ ഇറങ്ങിയവർ മുന്നോട്ട് വെക്കുന്ന അഖണ്ഡതയുടെ സന്ദേശം ഇതാണോ എന്നും മന്ത്രി ചോദിച്ചു.
ഉദയനിധി സ്റ്റാലിന്റെ അഭിപ്രായം രാഹുൽ ഗാന്ധിക്കും പിണറായി വിജയനും ഉണ്ടാകണം. അതാണവർ സഖ്യമാകുന്നത്. ഗണപതി മിത്താണെന്ന് പറയുന്ന എ എൻ ഷംസീറിന്റെ അതേ വാചകമാണ് ഉദയനിധി സ്റ്റാലിൻ പറയുന്നതെന്നും മുരളീധരൻ പറയുന്നു.

ഉദയനിധി സ്റ്റാലിന്റെ കുടുംബ പാർട്ടിക്കാർ 2 ജിയും കൽക്കരിയുമടക്കം നടത്താവുന്ന അഴിമതിയും എല്ലാം നടത്തി രാജ്യത്തെ കൊള്ളയടിച്ചപ്പോൾ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ ഈ രാജ്യത്തിന് നഷ്ടപ്പെട്ടുപോയ പെരുമ വീണ്ടെടുക്കുന്നു, അതാണ് ഡി എം കെയേയും കൂട്ടുകാരേയും അസ്വസ്ഥത പെടുത്തുന്നത് , മുരളീധരൻ പറയുന്നു.
യുവാക്കൾ ഇത്തരം പ്രവണതകൾ ചോദ്യം ചെയ്യണമെന്നും ഇന്ന് ലോക രാഷ്ട്രങ്ങൾക്കിടയിൽ മുമ്പില്ലാത്ത പ്രാധാന്യം ഇന്ത്യയ്ക്കുണ്ടെന്നും വികസ്വര രാഷ്ട്രങ്ങളുടെ ,ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നത് ആണ് ജി 20 അധ്യക്ഷപദവിയെന്നും മുരളീധരൻ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്ന, ഭാരത പൈതൃകത്തെ വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ജന പിന്തുണയുണ്ടെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, സനാതന ധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനം എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. സനാതന ധർമ്മത്തെ എതിർത്താൽ മാത്രം പോര എന്നും ഉന്മൂലനം ചെയ്യമെന്നും ആണ് ഉദയനിധി പറഞ്ഞത് വ്യാജ പ്രചാരണം അവസാനിപ്പിക്കണം എന്നും ജാതിവ്യവസ്ഥയെ ആണ് എതിർക്കുന്നതെന്നും ഉദയനിധി പറഞ്ഞു. ഈ പരാമർശത്തിന് പിന്നാലെ വിവാദമായി ബി ജെ പി രംഗത്ത് എത്തി.
വംശഹത്യയ്ക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് ബി ജെ പി നേതാവ് അമിത് മാളവ്യ പറഞ്ഞത്. പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി ഉദയനിധി പറഞ്ഞു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധർമമെന്നും ഉദയനിധി വിശദീകരിച്ചു. ബി ജെ പിയുടെ പതിവ് ഭീഷണിക്ക് മുന്നിൽ മുട്ട് മടക്കില്ലെന്നും പറഞ്ഞതിൽ നിന്ന് പുറകോട്ടില്ലെന്നും ഉദയ നിധി പറഞ്ഞു.












Click it and Unblock the Notifications