Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമനവമി ആഘോഷങ്ങള്‍ക്കിടെ ബംഗാളില്‍ സ്‌ഫോടനം, ഒരു സ്ത്രീക്ക് പരിക്ക്; കണ്ണീര്‍വാതകം പ്രയോഗിച്ച് പൊലീസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ശക്തിപൂര്‍ മേഖലയില്‍ രാമനവമിയോട് അനുബന്ധിച്ച് സംഘര്‍ഷം. സംഘര്‍ഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സ്‌ഫോടനം ഉണ്ടായത് എന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ് എന്നും ഒരു പൊലീസ് ഓഫീസര്‍ പിടിഐയോട് പറഞ്ഞു.

അതേസമയം സ്ഫോടനം ബോംബ് മൂലമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രാമനവമിയോട് അനുബന്ധിച്ച് ഘോഷയാത്ര നയിച്ചുകൊണ്ടിരിക്കെ ആയിരുന്നു സംഭവം. ഒരു സംഘമാളുകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ കയറി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ram navami

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിക്കേണ്ടി വന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായും കൂടുതല്‍ സേനയെ സ്ഥലത്തെത്തിച്ചതായും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ബെഹ്റാംപൂരിലെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ ബി ജെ പി രംഗത്തെത്തി.

ഘോഷയാത്രക്ക് നേരെ കല്ലെറിയുകയും കടകള്‍ തകര്‍ക്കുകയും ചെയ്തതായി ബിജെപി ബംഗാള്‍ ഘടകം ആരോപിച്ചു. 'ഭരണകൂടത്തിന്റെ എല്ലാ അനുമതിയും ലഭിച്ച സമാധാനപരമായ രാമനവമി ഘോഷയാത്രയെ ശക്തിപൂര്‍, ബെല്‍ദംഗ ബ്ലോക്ക്, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ അക്രമികള്‍ ആക്രമിച്ചു. വിചിത്രമെന്നു പറയട്ടെ, ഇത്തവണ മമത പൊലീസ് ഈ ക്രൂരമായ ആക്രമണത്തില്‍ അക്രമികള്‍ക്കൊപ്പം രാമഭക്തര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

ഘോഷയാത്ര പെട്ടെന്ന് അവസാനിക്കുന്നുവെന്ന് ഉറപ്പാക്കാനായിരുന്നു ഇത്', പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. രാമനവമി ദിനത്തില്‍ മുര്‍ഷിദാബാദില്‍ കലാപം പൊട്ടിപ്പുറപ്പെടുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമുണ്ടാക്കാനും എന്‍ഐഎ അന്വേഷണത്തിന് വഴിയൊരുക്കാനും രാമനവമി ആഘോഷങ്ങള്‍ ബിജെപി ഉപയോഗിക്കുമെന്ന് മമത ആരോപിച്ചിരുന്നു.

ബിജെപിയുടെ കെണിയില്‍ വീഴരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്നും മമത പറഞ്ഞിരുന്നു. അതിനിടെ ജില്ലയിലെ അക്രമ സംഭവങ്ങളുടെ പേരില്‍ മുര്‍ഷിദാബാദ് പൊലീസ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തിരുന്നു. 'ബിജെപിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുര്‍ഷിദാബാദിലെ ഡിഐജിയെ മാറ്റി. മുര്‍ഷിദാബാദിലും മാള്‍ഡയിലും കലാപമുണ്ടായാല്‍, അതിന്റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും.

കലാപവും അക്രമവും ഉണ്ടാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ ബിജെപി ആഗ്രഹിച്ചു,' എന്നും മമത പറഞ്ഞിരുന്നു. ഏപ്രില്‍ 19ന് നടക്കാനിരിക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ചില മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ബംഗാളില്‍ കഴിഞ്ഞ വര്‍ഷത്തെ രാമനവമി ആഘോഷങ്ങളും അക്രമത്തില്‍ കലാശിച്ചിരുന്നു, ഇത് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വന്‍ ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+