മുംബൈയിലുടനീളം ചാവേര്‍ സ്‌ഫോടനങ്ങള്‍; ഗണേശോത്സവത്തിനിടെ ഒരു കോടി ആളുകളെ കൊല്ലുമെന്ന് ഭീഷണി സന്ദേശം
മുംബൈ: ചാവേര്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ നഗരം അതീവ ജാഗ്രതയില്‍. 'ലഷ്‌കര്‍-ഇ-ജിഹാദി' എന്ന സംഘടനയുടെ പ്രവര്‍ത്തകനെന്ന് അവകാശപ്പെട്ടയാളാണ് ഭീഷണി മുഴക്കിയത്. മുംബൈയിലുടനീളം ഡസന്‍ കണക്കിന് ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന വാട്സ്ആപ് സന്ദേശമാണ് മുംബൈ പൊലീസിന് ലഭിച്ചത്. 34 കാറുകളിലായി ചാവേര്‍ ബോംബുകളും 400 കിലോഗ്രാം ആര്‍ഡിഎക്‌സും സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി മുഴക്കിയയാള്‍ അവകാശപ്പെട്ടത്.
ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെയാണ് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സന്ദേശമെത്തിയത്. 2008-ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ഉള്ളതിനാല്‍ ഭീഷണി സന്ദേശത്തെ അതീവ ഗൗരവത്തോടെയാണ് മുംബൈ പൊലീസ് കാണുന്നത്. മുംബൈ ട്രാഫിക് പൊലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. നഗരത്തെ മുഴുവന്‍ നടുക്കുന്ന തുടര്‍ സ്‌ഫോടനങ്ങള്‍ നടത്തുമെന്നായിരുന്നു സന്ദേശം. 34 വാഹനങ്ങളിലായി 400 കിലോഗ്രാം ആര്‍ഡിഎക്‌സ് വഹിച്ച 34 മനുഷ്യ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സന്ദേശം അയച്ചയാള്‍ അവകാശപ്പെടുന്നു.

10 ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത് ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ച് മുംബൈ നഗരം മുഴുവന്‍ പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഈ ദിവസങ്ങളില്‍ ഗണേശോത്സവത്തില്‍ പങ്കെടുക്കുന്നത്. ആഘോഷങ്ങള്‍ക്കിടെയാണ് ആശങ്ക വര്‍ധിപ്പിച്ച് ഇന്നലെ ട്രാഫിക് പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലെ വാട്സ്ആപ് ഹെല്‍പ്പ് ലൈനിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ സംസ്ഥാനത്തുടനീളം സുരക്ഷ ഇരട്ടിയാക്കിയതായി പൊലീസ് അറിയിച്ചു.
ഗണേശോത്സവത്തിന്റെ സമാപന ചടങ്ങിനോട് അനുബന്ധിച്ച് വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നത് കാണാന്‍ നഗരത്തിലുടനീളം ലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.
34 കാറുകളിലായി ചാവേറുകളുടെ ശരീരത്തില്‍ ഘടിപ്പിച്ച 400 കിലോ ആര്‍ഡിഎക്‌സ് പൊട്ടിത്തെറിക്കുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇതുകൂടാതെ 14 പാകിസ്ഥാന്‍ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. മുംബൈ പൊലീസ് അതീവ ജാഗ്രതയിലാണെന്നും സംസ്ഥാനത്തുടനീളം സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഭീഷണിയുടെ എല്ലാ വശങ്ങളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം നടത്തുമെന്ന് വ്യാജ ബോംബ് ഭീഷണി മുഴക്കിയതിന് 43 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റിലും തെക്കന്‍ മുംബൈയിലെ ഗിര്‍ഗാവിലുള്ള ഇസ്‌കോണ്‍ ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇ-മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.












Click it and Unblock the Notifications