അഴിമതി: ബാംഗ്ലൂര്‍ മുന്നില്‍, പിന്നില്‍ ചെന്നൈ
ബാംഗ്ലൂര്‍: അഴിമതിയുടെ കാര്യത്തില്‍ ഐ ടി നഗരമായ ബാംഗ്ലൂരാണ് ഇന്ത്യയില്‍ ഏറ്റവും മുന്നിലെന്ന് റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനം ചെന്നൈയ്ക്കാണ്. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ ജി ഒയുടെ വെബ്‌സൈറ്റാണ് കണക്കുകള്‍ സഹിതം ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനാഗ്രഹ എന്ന എന്‍ ജി ഒ തയ്യാറാക്കിയ ഐപെയ്ഡ്‌ബ്രൈബ്.കോമാണ് ജനങ്ങളില്‍ നിന്നുള്ള വെളിപ്പെടുത്തലുകള്‍ ക്രോഡീകരിച്ചത്. 22378 പേരാണ് തങ്ങള്‍ കൈക്കൂലി കൊടുത്തതായി വെബ്‌സൈറ്റിലൂടെ കുമ്പസാരിച്ചത്. ഏതാണ്ട് 57 കോടിയിലധികം വരും ഇത്തരത്തില്‍ കൈക്കൂലി കൊടുത്ത തുക.

2011 മുതല്‍ ഇതുവരെയായി 16 കോടി രൂപ കൈക്കൂലി കൊടുത്തു എന്നാണ് ബാംഗ്ലൂരില്‍ നിന്നുള്ള യൂസേഴ്‌സ് പറയുന്നത്. എന്തിനും ഏതിനും കൈക്കൂലി കൊടുത്താല്‍ കാര്യം നടക്കും എന്ന ഇമേജ് ഉദ്യാനനഗരിയായ ബാംഗ്ലൂരിനെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ഉണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് മുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വരെ ഇവിടെ ഇങ്ങനെ ലഭിക്കുമെന്നാണ് ആളുകള്‍ പറയുന്നത്.
രണ്ടാം സ്ഥാനത്തുള്ള ചെന്നൈ നിവാസികള്‍ കൈക്കൂലി കൊടുക്കാനായി ചെലവഴിച്ചത് 7 കോടി രൂപയാണ്. മൂന്നാം സ്ഥാനം മുംബൈയ്ക്കാണ്, 6.97 കോടി രൂപ. ദില്ലി, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ മഹാനഗരങ്ങളും കൈക്കൂലി വാങ്ങി കാര്യം നടത്തുന്നതില്‍ ഒട്ടും പിന്നിലല്ല. മലയാളികള്‍ക്ക് ആശ്വാസമായി ഒരു കണക്കും ഇതിലുണ്ട്. അമ്പത്തിയേഴായിരം രൂപയാണ് കൊച്ചിയില്‍ കൈക്കൂലി കൊടുത്തതായി ആളുകള്‍ സമ്മതിക്കുന്നത്.
കൈക്കൂലി കൊടുക്കേണ്ടി വന്നവര്‍ സ്വയമേവ സമ്മതിച്ചതാണ് ഇത്രയും കാര്യങ്ങള്‍. എങ്കില്‍ ഇനിയും തുറന്നുപറയാത്തവരുടെ കാര്യം എത്രയായിരിക്കും എന്ന് ഊഹിക്കാമല്ലോ, മഞ്ഞുമലയുടെ വെറുമൊരു അറ്റത്താണ് നമ്മള്‍. 544 നഗരത്തില്‍ നിന്നുമുള്ളവര്‍ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications