ബോളിവുഡിലെ ആദ്യ ഖാന്‍, മധുബാലയുമായുള്ള പ്രണയം, ദിലീപ്കുമാര്‍ പകരം വെക്കാനില്ലാത്ത സൂപ്പര്‍സ്റ്റാര്‍
ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മികച്ച സൂപ്പര്‍ താരമായിരുന്നു ദിലീപ് കുമാര്‍. ഇന്ന് ബോളിവുഡില്‍ അടക്കം കാണുന്ന താരങ്ങളുടെ ഗ്ലാമര്‍ ലോകം അദ്ദേഹത്തിന് ചുറ്റും മാത്രം കറങ്ങിയിരുന്ന കാലമുണ്ടായിരുന്നു. 50 വര്‍ഷത്തോളമാണ് സൂപ്പര്‍ താരമായി അദ്ദേഹം നിറഞ്ഞുനിന്നിരുന്നത്. ബോളിവുഡിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും അദ്ദേഹം ഉണ്ടായിരുന്നു. ദുരന്തനായകനില്‍ നിന്നും പ്രണയ നായകനിലേക്കും അവിടെ നിന്ന് മെത്തേഡ് ആക്ടിംഗിന്റെ തമ്പുരാനുമായി ദിലീപ് കുമാര്‍ മാറുകയായിരുന്നു. അതിനാണ് 98ാം വയസ്സില്‍ തിരശ്ശീല വീണിരിക്കുന്നത്

ദിലീപ് കുമാറിന്റെ യഥാര്‍ത്ഥ നാമം മുഹമ്മദ് യൂസുഫ് ഖാന്‍ എന്നാണ്. ബോളിവുഡിലെ ആദ്യ ഖാനായി അദ്ദേഹം അറിയപ്പെടുന്നത് അങ്ങനെയാണ്. സിനിമാലോകവും സിനിമാപ്രേമികളും അദ്ദേഹത്തെ ദിലീപ് ദാ എന്ന് സ്‌നേഹത്തോടെ വിളിച്ചു. മെത്തേഡ് ആക്ടിംഗ് എന്ന ശൈലി ഇന്ത്യന്‍ സിനിമയ്ക്ക് സംഭാവന ചെയ്ത ഇതിഹാസമായും അദ്ദേഹത്തെ സിനിമാ ലോകം കണ്ടിരുന്നു. 58 വര്‍ഷം നീണ്ടു നിന്ന സിനിമാ കരിയറായിരുന്നു ദിലീപ് കുമാറിന്റേത്.

ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പേ സിനിമാ ലോകത്ത് എത്തിയിരുന്നു ദിലീപ് കുമാര്‍. ജ്വാര്‍ ഭട്ട എന്ന ആദ്യ ചിത്രം വന്നത് 1944ല്‍. ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. മൂന്ന് വര്‍ഷത്തിന് ജുഗ്നുവിലൂടെ വരവറിയിച്ചു. മേള, അന്ധാസ്, ദീദാര്‍, എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളുടെ വരവായിരുന്നു പിന്നീട്, ശരതചന്ദ്ര ചധോപധ്യായയുടെ നോവെല്ല ദേവദാസില്‍ അഭിനയിച്ചതോടെ പുതിയൊരു ദിലീപ് കുമാറിനെയാണ് ബോളിവുഡ് കണ്ടത്. 1950കളില്‍ ബോളിവുഡിന്റെ ദുരന്തനായകനായിട്ടാണ് ദിലീപ് കുമാര്‍ അറിയപ്പെട്ടിരുന്നത്. അത്തരം സിനിമകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്.

ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മികച്ച നടിയായ മധുബാലയുമായി ദീര്‍ഘകാലത്തെ പ്രണയമുണ്ടായിരുന്നു ദിലീപ് കുമാറിന്. പക്ഷേ ഒരിക്കലും അവരെ വിവാഹം ചെയ്തിരുന്നില്ല. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായി ഇവര്‍ മുഗള്‍ എ അസമിലൂടെ മാറിയിരുന്നു. ദിലീപ് കുമാര്‍ ഇതിനിടെ സൈറ ബാനുവിനെ വിവാഹം ചെയ്തു. 1966ലായിരുന്നു ആ വിവാഹം. ഇന്ത്യന്‍ സിനിമയിലെ പുനര്‍ജന്മ ചിത്രങ്ങള്‍ തന്നെ പ്രചോദനമേകിയ മധുമതി ദിലീപ് കുമാറിനെ സൂപ്പര്‍ താരമാക്കി. ആ ചിത്രമാണ് സംവിധായകന്‍ ബിമല്‍ റോയിയെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

തുടര്‍ച്ചയായി ദുരന്ത നായക കഥാപാത്രങ്ങള്‍ ചെയ്തത് ദിലീപ് കുമാറിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു. അദ്ദേഹം വിഷാദത്തിന് അടിപ്പെട്ടിരുന്നു. തുടര്‍ന്നാണ് വളരെ സങ്കീര്‍ണതകള്‍ ഇല്ലാത്ത കഥാപാത്രങ്ങളിലേക്ക് അദ്ദേഹം നീങ്ങിയത്. 1950കളില്‍ ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന ആദ്യ നായകനായിരുന്നു ദിലീപ് കുമാര്‍. ഒമ്പത് ബ്ലോക്ബസ്റ്ററുകള്‍ കരിയറില്‍ നല്‍കിയ ആദ്യ താരമായിരുന്നു ദിലീപ് കുമാര്‍. എട്ട് ഫിലിംഫെയര്‍ അവാര്‍ഡുകളാണ് ദിലീപ് കുമാര്‍ സ്വന്തമാക്കിയത്. 1970കളില്‍ അഞ്ച് വര്‍ഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന ദിലീപ് കുമാര്‍ ക്രാന്തി എന്ന ചിത്രത്തോടെയാണ് തിരിച്ചുവന്നത്. ഇത് വന്‍ ഹിറ്റായി.

ദിലീപ് കുമാറിന്റെ കരിയര്‍ പറയുമ്പോള്‍ മുഗല്‍ എ അസമിനെ പറയാതിരിക്കാനാവില്ല. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്ററാണ് ഈ ചിത്രം. ചിത്രത്തില്‍ സലീമായി ദിലീപ് കുമാര്‍ അനാര്‍ക്കലിയായി മധുബാലയും വന്നു. ഇത് അനാര്‍ക്കലിയുടെ ദുരന്ത കഥയായിരുന്നു. സലീം രാജകുമാരന്‍ എന്ന ജഹാംഗീറുമായി പ്രണയത്തിലായിരുന്ന അനാര്‍ക്കലിയെ സലീമിന്റെ പിതാവ് അക്ബര്‍ ജീവനോടെ കുഴിച്ചുമൂടി എന്നാണ് കഥ. അതിനെ ആസ്പദമാക്കിയായിരുന്നു മുഗള്‍ എ അസം. ഈ ചിത്രം ഇന്നത്തെ കണക്കുമായി നോക്കിയാല്‍ രണ്ടായിരം കോടിയുടെ ബോക്‌സോഫീസ് കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ അനശ്വര ചിത്രമായിട്ടാണ് മുഗള്‍ എ അസമിനെ കാണുന്നത്.












Click it and Unblock the Notifications