തന്നെ മാത്രമല്ല കോണ്‍ഗ്രസ് സിദ്ധരാമയ്യയേും പറ്റിച്ചു.. മന്ത്രി പദം നല്‍കാതെ മൂലക്കിരുത്തിയെന്ന്
ബെംഗളൂരു: രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി. മുഖ്യമന്ത്രിയായി ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അധ്യക്ഷൻ ജി പരമേശ്വരയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. സര്‍ക്കാരിലെ മറ്റ് മന്ത്രിമാര്‍ ആരൊക്കെയാകും എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് മന്ത്രിപദം ലഭിക്കുമോയെന്ന കാര്യം പോലും വ്യക്തമല്ല.
ഇതിനിടയില്‍ സിദ്ധരമായ്യയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതൃത്വത്തെ ഇകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ജനാധിപത്യ വിരുദ്ധ ദിനത്തില്‍ സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കില്ലെന്ന ബിജെപിയുടെ പ്രചരണങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പയുടെ പരാമര്‍ശം എന്നതാണ് ശ്രദ്ധേയം.

പറ്റിച്ചില്ലേ
കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് 78 സീറ്റുകള്‍ ലഭിച്ചതിന് പിന്നിലെ ഏക ശക്തി സിദ്ധരാമയ്യയാണെന്നും യെദ്യൂരപ്പ പറഞ്ഞു. സിദ്ധരാമയ്യയുടെ പരിശ്രമത്തിന്‍റെ ഫലമായാണ് കോണ്‍ഗ്രസിന് ഇത്രയും സീറ്റുകള്‍ ലഭിക്കാന്‍ കാരണമായത്. അങ്ങനെയുള്ള ഒരാളെ അര്‍ഹമായ പദവികള്‍ നല്‍കാതെ കോണ്‍ഗ്രസ് ചതിക്കുകയാണെന്നും യെദ്യൂരപ്പ ആരോപിച്ചു. അതേസമയം ജെഡിഎസുമായി അവിഹിത കൂട്ടുകെട്ടുണ്ടാക്കി ഭരണത്തിലേറിയ സിദ്ധരാമയ്യ വോട്ട് ചെയ്ത് ജയിപ്പിച്ച അദ്ദേഹത്തിന്‍റെ കുറുബ സമുദായത്തെ പറ്റിച്ചെന്നും യെദ്യൂരപ്പ പറഞ്ഞു.

കലക്കുവെള്ളത്തില്‍
കോണ്‍-ജെഡിഎസ് സഖ്യത്തിന് കീഴില്‍ സിദ്ധരാമയ്യയ്ക്ക് പദവികള്‍ ഒന്നും ലഭിച്ചേക്കില്ലെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സിദ്ധരാമയ്യയെ പുകഴ്ത്തി യെദ്യൂരപ്പ രംഗത്തെത്തിയത്. കോണ്‍ഗ്രസിനെതിരെ സിദ്ധരാമയ്യയേയും അദ്ദേഹത്തിന്‍റെ കുറുബ സമുദായത്തേയും അണി നിരത്തി കര്‍ണാടകത്തിലെ സഖ്യത്തിന് ആഘാതമേല്‍പ്പിക്കാമെന്ന ധാരണയാണ് യെദ്യൂരപ്പ ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നത്.

ക്ഷണം
അര്‍ഹമായ പദവികള്‍ ലഭിച്ചില്ലെന്ന് പരാതിപെടുന്ന കോണ്‍ഗ്രസ് നേതാക്കളെ ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാനും യെദ്യൂരപ്പ മറന്നില്ല. നിലവില്‍ കോണ്‍-ജെഡിഎസ് സഖ്യത്തില്‍ മന്ത്രി പദം സംബന്ധിച്ചുള്ള മുറുമുറുപ്പുകള്‍ പരസ്യമായി തന്നെ പുറത്തുവന്നിട്ടുണ്ട്.. റിസോർട്ട് രാഷ്ട്രീയത്തിന്റെ സൂത്രധാരനായ ഡികെ ശിവകുമാർ പ്രധാന പദവിയിൽ നോട്ടമിട്ടിട്ടുണ്ട്. ഉപമുഖ്യമന്ത്രി പദം കൈവിട്ട സ്ഥിതിക്ക് ആഭ്യന്തരമാണ് അദ്ദേഹത്തിന്‍റെ അടുത്ത ലക്ഷ്യം. ആഭ്യന്തര പദം എന്ന മോഹം കൂടി നടന്നില്ലേങ്കില്‍ ശിവകുമാര്‍ പാര്‍ട്ടിയില്‍ കലാപ കൊടി ഉയര്‍ത്തിയേക്കുമെന്ന് ബിജെപി കണക്കാക്കുന്നുണ്ട്.

ഡികെയും
തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടനേ ജനതാദളുമായി കൈ കോർക്കാനുള്ള കോൺഗ്രസ് നീക്കങ്ങളിൽ ഡി കെ ശിവകുമാറിന് അതൃപ്തിയുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ. ജനതാദളിന് അനഭിമതനായ തനിക്ക് മന്ത്രിസഭയിൽ അര്‍ഹമായ സ്ഥാനം കിട്ടില്ല എന്ന് ശിവകുമാര്‍ കരുതുന്നതായും സൂചനകളുണ്ടായിരുന്നു. ഡി കെ ശിവകുമാറിനൊപ്പമുള്ള എം എല്‍ എമാരെ പിളര്‍ത്തി കർണാടകയിൽ അധികാരത്തിലെത്താമെന്ന പ്രതീക്ഷ ബിജെപി ഇപ്പോഴും കൈവിട്ടിട്ടില്ലെന്ന സൂചനകളാണ് യെദ്യൂരപ്പയുടെ പരസ്യ പ്രസ്താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്.

പ്രതീക്ഷ കൈവിടാതെ
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ അതൃപ്തരായ എംഎല്‍എമാര്‍ ഇപ്പോഴും ഉണ്ടെന്ന തന്നെയാണ് ബിജെപി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ സര്‍ക്കാര്‍ മൂന്ന് മാസത്തില്‍ അധികം തികയ്ക്കില്ലെന്ന് ആത്മവിശ്വാസവും ബിജെപിയും യെദ്യൂരപ്പയും പങ്കുവെയ്ക്കുന്നുണ്ട്.












Click it and Unblock the Notifications