സൈനികര്‍ക്ക് മോശം ഭക്ഷണം; പരാതിപ്പെട്ട ജവാന്‍ അറസ്റ്റില്‍, ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ഭാര്യ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: അതിര്‍ത്തി കാക്കുന്ന സൈനികരുടെ ദയനീയ അവസ്ഥ സോഷ്യല്‍മീഡിയ വഴി പുറം ലോകത്തെ അറിയിച്ച ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്‌തെന്ന് ഭാര്യ. സൈനികര്‍ക്ക് മോശം ഭക്ഷണവും ജോലി സാഹചര്യവുമാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ ഭാര്യ ഷാര്‍മിള യാദവാണ് ഭര്‍ത്താവ് നേരിടുന്ന പീഡനത്തെ കുറിച്ച് പരാതിപ്പെട്ടത്.

മറ്റൊരാളുടെ ഫോണില്‍ നിന്ന് വിളിച്ച് ഭര്‍ത്താവ് തന്നോട് ഇക്കാര്യം പറയുകയായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്. ഭര്‍ത്താവ് ഇപ്പോള്‍ അറസ്റ്റിലാണ്. അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു-ഷര്‍മിള പറഞ്ഞു.

വിരമിക്കല്‍ ആവശ്യം തടഞ്ഞു

സൈന്യത്തില്‍ നിന്ന് വിരമിക്കണമെന്ന തേജ് ബഹാദൂറിന്റെ ആവശ്യം മേലുദ്യോഗസ്ഥര്‍ തടഞ്ഞിരിക്കുകയാണ്. ജനുവരി 31ന് അവധിക്ക് നാട്ടിലെത്തേണ്ടതായിരുന്നു. പക്ഷേ അദ്ദേഹം വന്നില്ലെന്നും ഷാര്‍മിളയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വീഡിയോ പോസ്റ്റ് ചെയ്തതാണ് അറസ്റ്റിന് കാരണമെന്നും ഷാര്‍മിള പറഞ്ഞു.

നിഷേധിച്ച് ബിഎസ്എഫ്

വാര്‍ത്ത ബിഎസ്എഫ് നിഷേധിച്ചു. തേജ് ബഹാദൂറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ ജവാന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ പറഞ്ഞു. തേജ് ബഹാദൂറിനെതിരേ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും അവര്‍ അറിയിച്ചു.

ഉദ്യോഗസ്ഥര്‍ പറയുന്നത്

സ്വയം വിരമിക്കാനുള്ള ജവാന്റെ ആവശ്യം റദ്ദാക്കിയിട്ടുണ്ട്. ഇക്കാര്യം ജനുവരി 30ന് ജവാനെ അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ജവാന്റെ ആവശ്യം റദ്ദാക്കിയതെന്നും ബിഎസ്എഫ് വ്യക്തമാക്കി.

ഭാര്യയുടെ ആരോപണം

സൈനികനെ മോശമായി ചിത്രീകരിക്കാന്‍ മുമ്പും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായിരുന്നുവെന്ന് ഭാര്യ നേരത്തെ പറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവ് മാനസിക അസ്വാസ്ഥ്യമുള്ള ആളാണെങ്കില്‍ എന്തിന് തോക്ക് കൊടുത്ത് അതിര്‍ത്തിയിലെ നിര്‍ണായക സ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ത്തിയെന്നായിരുന്നു യുവതിയുടെ ചോദ്യം.

മാനസിക അസ്വാസ്ഥ്യമോ?

തേജ് ബഹാദൂര്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളും അച്ചടക്കമില്ലാത്ത വ്യക്തിയുമാണെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. പിന്നെ എന്തിന് അതിര്‍ത്തിയില്‍ നിര്‍ത്തി. അനീതിയോട് സമരസപ്പെടാന്‍ തയ്യാറാവാത്ത സ്വഭാവമുണ്ട് തേജ് ബഹാദൂറിന്. ഇക്കാരണം കൊണ്ടുതന്നെ സര്‍വീസ് കാലത്തിനിടെ പലതും സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും ഷര്‍മിള യാദവ് പറഞ്ഞു.

മോശം ഭക്ഷണം

അതിര്‍ത്തി സൈനികര്‍ക്ക് കിട്ടിയ മോശം ഭക്ഷണത്തെ കുറിച്ച് തേജ് ബഹാദൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരു കോടിയോളം പേരാണ് കണ്ടത്. നാലര ലക്ഷത്തോളം പേര്‍ മൂന്ന് ദിവസത്തിനിടെ ഷെയര്‍ ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടിരുന്നു.

മോശം സര്‍വീസ്?

തേജ് ബഹാദൂറിന് മോശം സര്‍വീസ് ചരിത്രമാണുള്ളതെന്ന് ബിഎസ്എഫ് ഐജി ഡികെ ഉപാധ്യായ കുറ്റപ്പെടുത്തിയതാണ് ജവാന്റെ ഭാര്യയെ ചൊടിപ്പിച്ചത്. കോര്‍ട്ട് മാര്‍ഷ്യല്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് തേജ് ബഹാദൂറെന്നും ഐജി പറഞ്ഞു.

സ്വര്‍ണ മെഡലും പുരസ്‌കാരങ്ങളും

ബിഎസ്എഫില്‍ നിയമനം ലഭിക്കുന്നതിന് മുമ്പ് പരിശീലനം പൂര്‍ത്തിയാക്കിയ വേളയില്‍ സ്വര്‍ണ മെഡല്‍ നേടിയ വ്യതിയാണ് തേജ് ബഹാദൂര്‍. 20 വര്‍ഷത്തെ സര്‍വീസിനിടെ 14 പുരസ്‌കാരങ്ങള്‍ ബിഎസ്എഫ് അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഈ വ്യക്തിയെ ആണ് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും മോശം സര്‍വീസ് ചരിത്രമാണുള്ളതെന്നും അവഹേളിക്കുന്നത്-ഷര്‍മിള പറയുന്നു.

കുടുംബം

അഞ്ചുമക്കളില്‍ ഇളയവനാണ് ഹരിയാന സ്വദേശിയായ തേജ് ബഹാദൂര്‍. അദ്ദേഹത്തിന്റെ ഒരു സഹോദരന്‍ ബിഎസ്എഫിലുണ്ട്. മറ്റൊരാള്‍ ഗുജറാത്ത് പോലിസിലും. ഷര്‍മിള സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മകന്‍ രോഹിത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ് എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുകയാണ്.

English summary
The wife of Army jawan Tej Bahadur Yadav, whose video about the food and working conditions provided by Border Solider Force (BSF) went viral, claimed that her husband was arrested and was mentally tortured. “He managed to call up today using someone else's phone, told me that he is under arrest, being threatened and mentally tortured,” she said.
Please Wait while comments are loading...