ബജറ്റ് 2022: ശമ്പളക്കാര്‍ക്ക് സന്തോഷവാര്‍ത്ത; സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി ഉയര്‍ന്നേക്കാം
ന്യൂദല്‍ഹി: വരാനിരിക്കുന്ന ബജറ്റില്‍ ശമ്പളക്കാരായ നികുതിദായകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാകുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 30-35% വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അതേസമയം ആദായനികുതി സ്ലാബുകള്‍ മാറ്റമില്ലാതെ തുടരുമെന്നും അധികൃതര്‍ പറഞ്ഞു. ധനമന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക്‌സ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ഈ വിഭാഗത്തിലുള്ള നികുതിദായകര്‍ക്ക് 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം വ്യവസായ സ്ഥാപനങ്ങള്‍ ഇത് വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തിഗത നികുതി സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങളുണ്ട്. ഈ വര്‍ഷത്തെ ഒരു പൊതു ആവശ്യം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്റെ പരിധി വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നുവെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.
കൊവിഡ് സാഹചര്യത്തില്‍ മെഡിക്കല്‍ ചെലവുകളുടെ വര്‍ദ്ധിപ്പിച്ച സാഹചര്യം നിലവിലുണ്ട്. ഇത് പരിഗണിച്ച് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്റെ പരിധി വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ആവശ്യം. ഇത് 30-35% വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദ്ദേശം. അതേസമയം ഇത് സംബന്ധിച്ച അന്തിമ അംഗീകാരം ലഭിക്കുക ഏറ്റവും പുതിയ നികുതി പിരിവ് സാഹചര്യത്തെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ലഭ്യമായിരിക്കില്ല. 2018ല്‍ അന്നത്തെ ധനമന്ത്രി അന്തരിച്ച അരുണ്‍ ജെയ്റ്റ്ലിയാണ് 40,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അവതരിപ്പിച്ചത്. പിന്നീട് 2019 ലെ ഇടക്കാല ബജറ്റില്‍ പിയൂഷ് ഗോയല്‍ ഇത് 50,000 രൂപയായി ഉയര്‍ത്തി.
കൊവിഡ് പശ്ചാത്തലത്തില്‍ വൈദ്യുതി, ഫോണ്‍ തുടങ്ങി ശമ്പള വിഭാഗത്തിന്റെ വീട്ടിലെ ചെലവുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, നികുതിദായകര്‍ക്ക് കുറച്ച് ഇളവ് നല്‍കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഓരോ വര്‍ഷവും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്റെ പരിധി പുനഃപരിശോധിക്കുന്നത് സര്‍ക്കാര്‍ ഒരു പതിവ് സമ്പ്രദായമാക്കണമെന്നാണ് അക്കൗണ്ടിംഗ് സ്ഥാപനമായ ഡെലോയിറ്റിന്റെ പാര്‍ട്ണര്‍ സുധാകര്‍ സേതുരാമന്‍ പറയുന്നത്.
'രണ്ട് കാരണങ്ങളാല്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്റെ പരിധി കുറഞ്ഞത് 20-25% വര്‍ദ്ധിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നത്.- ഒന്ന്, കാലാനുസൃതമായ പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്നതിന്, രണ്ടാമത്തേത് കൊവിഡ് സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നത് കാരണം ചെലവ് വര്‍ധിക്കുന്നതിനാല്‍,' സുധാകര്‍ സേതുരാമന്‍ പറഞ്ഞു.
പലരാജ്യങ്ങളും വര്‍ക്ക് ഫ്രം ഹോം കാലത്ത് നികുതി ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബജറ്റിന് മുന്‍പുള്ള യോഗങ്ങളില്‍ അസോചം, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) എന്നിവയുള്‍പ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങള്‍ ഉയര്‍ന്ന തരത്തിലുള്ള നികുതി കിഴിവ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നിലവിലെ സാഹചര്യം അനുസരിച്ച്, സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വളരെ കുറവാണെന്നും കുറഞ്ഞത് 75,000 രൂപയെങ്കിലും വേണമെന്നുമാണ് പ്രൊഫഷണല്‍ സേവന സ്ഥാപനമായ എന്‍എ ഷാ അസോസിയേറ്റ്‌സിന്റെ പങ്കാളിയായ അശോക് ഷാ പറയുന്നത്. കൂടാതെ, ഇത് പരിഷ്‌കരിക്കുകയും പണപ്പെരുപ്പവുമായി ബന്ധിപ്പിക്കുകയും വേണമെന്നും പല രാജ്യങ്ങളും ഇത്തരത്തില്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications