'രാമന് സംഭാരവും മിക്സ്ചറും, മോഹിനിയാട്ടം സിനിമ ഹൈന്ദവ വിരുദ്ധം';ബഹിഷ്കരിക്കാൻ ആഹ്വാനം
'മോഹിനിയാട്ടം സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം.'സനാതന്‍ കന്നഡ' എന്ന എക്സ് പേജിലൂടെയാണ് സിനിമയ്ക്കെതിരായ വിമർശനം. സിനിമ പൂർണമായും നിരോധിക്കണമെന്നും ഹിന്ദുവിരുദ്ധ ഉള്ളടക്കങ്ങൾ ആവർത്തിച്ച് അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സിനേയും നിരോധിക്കണമെന്നും പോസ്റ്റിൽ പറയുന്നു.
"ഡാർക്ക് കോമഡി ത്രില്ലർ" വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ, ഭഗവാൻ ശ്രീരാമനുമായി ബന്ധപ്പെട്ട ആനിമേറ്റഡ് രംഗങ്ങൾ പരിഹാസരീതിയിൽ അവതരിപ്പിച്ചുവെന്നാണ് പോസ്റ്റിലെ ആരോപണം. ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും മനുഷ്യർ സൃഷ്ടിച്ച "ലാഭകേന്ദ്രീകൃത സംവിധാനങ്ങൾ" എന്ന രീതിയിൽ ചിത്രീകരിക്കുന്നതും മതവിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. അതോടൊപ്പം, സിനിമയിലെ ചില ക്രൂരവും അരോചകവുമായ രംഗങ്ങൾ മതപരമായ പരാമർശങ്ങളുമായി ചേർത്തത് അതിരുവിട്ട അവതരണമാണെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ

'ഹിന്ദുമതത്തെയും നമ്മുടെ വിശ്വാസങ്ങളെയും നേരിട്ട് അവഹേളിക്കുന്ന 'മോഹിനിയാട്ടം' സിനിമ പൂർണമായും നിരോധിക്കണം. ഹൈന്ദവ വിരുദ്ധ ഉള്ളടക്കങ്ങൾ ആവർത്തിച്ച് പ്രചരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സും നിരോധിക്കണം. ഇതുപോലുള്ള സിനിമകൾ തുടർച്ചയായി നിർമ്മിക്കുന്ന മലയാള സിനിമാ വ്യവസായത്തേയും ബഹിഷ്കരിക്കണം.
പ്രിയപ്പെട്ട ഹൈന്ദവ സഹോദരങ്ങളേ, ഭക്തജനങ്ങളേ,
അടുത്തിടെ ഞാൻ 'മോഹിനിയാട്ടം (ഭരതനാട്യം 2)' എന്ന മലയാള സിനിമ കണ്ടു. "ഡാർക്ക് കോമഡി ത്രില്ലർ" എന്ന പേരിൽ പ്രചരിപ്പിച്ച ഈ ചിത്രം യഥാർത്ഥത്തിൽ ഹിന്ദു ധർമ്മത്തെയും നമ്മുടെ ദേവതകളെയും വിശുദ്ധ ആചാരങ്ങളെയും ലക്ഷ്യമിട്ട് അപമാനകരമായ ആക്രമണമാണ് നടത്തുന്നത്.
സിനിമയിലെ ഒരു വിവാദ ആനിമേഷൻ രംഗത്തിൽ ഭഗവാൻ ശ്രീരാമന് മോരുംവെള്ളവും പലഹാരങ്ങളും പ്രസാദമായി നൽകുന്ന രംഗം പരിഹാസരീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളേയും പ്രസാദത്തെയും ഹൈന്ദവ ആചാരങ്ങളേയും "മനുഷ്യർ സൃഷ്ടിച്ച സ്വാർത്ഥവും ദോഷകരവുമായ ബിസിനസുകൾ" എന്ന് ചിത്രീകരിക്കുന്നതും വേദനാജനകമാണ്. ഇത് ഒരു തമാശയോ സാറ്റയറോ അല്ല, മറിച്ച് ഹൈന്ദവ വിശ്വാസങ്ങളെ ഉദ്ദേശ്യപൂർവ്വം അവഹേളിക്കുന്ന അവതരണമാണ്.
അതോടൊപ്പം, ഛേദിക്കപ്പെട്ട ശരീരഭാഗങ്ങൾ വാഴനാരുപയോഗിച്ചുള്ള ബാഗുകളിലും പ്രഷർ കുക്കറുകളിലും നിറയ്ക്കുന്ന അരോചക രംഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ക്രൂര ദൃശ്യങ്ങളെ മതപരമായ കാര്യങ്ങളെ ചേർത്ത് പരിഹസിക്കുകയാണ്.
ഇവിടെ ഉയരുന്ന പ്രധാന ചോദ്യം മറ്റൊന്നാണ്. എന്തുകൊണ്ടാണ് പല മലയാള സിനിമകളും ഇന്ത്യൻ സിനിമകളും ഹിന്ദുക്കളെ സ്ഥിരമായി അന്ധവിശ്വാസികളായും പിന്നോക്കക്കാരായും സ്വാർത്ഥരായും വില്ലന്മാരായും ചിത്രീകരിക്കുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ക്ഷേത്രങ്ങളെയും ബ്രാഹ്മണരെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും നിരന്തരം പരിഹസിക്കുമ്പോൾ, മറ്റ് മതങ്ങളെ "പുരോഗമനപരവും വിശുദ്ധവുമായ" രീതിയിൽ മാത്രം അവതരിപ്പിക്കുന്നത്?
ഇസ്ലാമിനെയോ ക്രൈസ്തവ വിശ്വാസങ്ങളെയോ കുറിച്ച് സമാനമായ സിനിമകൾ നിർമ്മിക്കാൻ ഇവർക്ക് ധൈര്യമില്ല. ഹിന്ദുക്കൾ എല്ലാം സഹിക്കുമെന്ന ധാരണയിലാണ് ഹിന്ദുമതത്തെ മാത്രം ലക്ഷ്യമിടുന്നത്. "ക്രിയാത്മക സ്വാതന്ത്ര്യം" എന്ന പേരിൽ നടക്കുന്ന ഈ ഏകപക്ഷീയ സമീപനം ഇരട്ടത്താപ്പും ഭീരുത്വവുമാണ്.
എന്റെ ശക്തമായ അഭ്യർത്ഥന എല്ലാ ഹൈന്ദവരും ഈ സിനിമ മാത്രമല്ല, ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മുഴുവൻ മലയാള സിനിമാ വ്യവസായത്തെയും ബഹിഷ്‌കരിക്കുക. തിയേറ്ററുകളിൽ പോയി കാണരുത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യരുത്. പ്രചരിപ്പിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്.
സംവിധായകൻ കൃഷ്ണദാസ് മുരളിയോടും സിനിമാ സംഘത്തിനോടും പറയാനുള്ളത് ഒറ്റ കാര്യമാണ് - ഹൈന്ദവ വികാരങ്ങളെ മാനിക്കുക. ൽ മറ്റ് മതങ്ങളെക്കുറിച്ചും ഇതേ രീതിയിലുള്ള സിനിമകൾ നിർമ്മിക്കാൻ ധൈര്യമുണ്ടോ. അല്ലെങ്കിൽ ഹിന്ദുക്കൾക്കെതിരായ ഈ ഏകപക്ഷീയ ആക്രമണം അവസാനിപ്പിക്കണം..
എല്ലാ ഹൈന്ദവ സംഘടനകളും ക്ഷേത്ര കമ്മിറ്റികളും യുവജനങ്ങളും ഭക്തജനങ്ങളും ഒന്നിച്ച് ഇതിനെ ശക്തമായി അപലപിക്കണം. നമ്മുടെ മൗനം ഇത്തരത്തിലുള്ള കൂടുതൽ അവഹേളനങ്ങൾക്ക് വഴിയൊരുക്കുമെന്ന് മറക്കരുത്', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications