സിഎഎയുടെ പേരില്‍ മുസ്ലിംങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആര്‍എസ്എസ്; നിയമം ഏതെങ്കിലും മതത്തിനെതിരല്ല
മുംബൈ: മുസ്ലിം ജനസംഖ്യ കുറയ്ക്കുന്നതിന് വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം (സിഎഎ) കൊണ്ടുവന്നത് എന്ന് മുസ്ലിം സമൂഹത്തെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സാമുദായിക ഐക്യം തകര്‍ക്കാന്‍ അവസരവാദികള്‍ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ഏതെങ്കിലും മതവിഭാഗത്തിന് എതിരല്ല സിഎഎ. എന്നാല്‍ നിയമത്തിന് എതിരായി നിന്നവര്‍ ഇങ്ങനെ പറഞ്ഞുപരത്തി. മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കൂടുതല്‍ ചര്‍ച്ചയാകുന്നതിന് മുമ്പ് കൊറോണയിലേക്ക് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തരം ആളുകള്‍ ഇപ്പോഴും അവസരം കാത്തുനില്‍ക്കുകയാണ്. ഭരണഘടനാ പരമായ നടപടികളിലൂടെയാണ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. അയല്‍ രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങള്‍ നേരിട്ട് ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. സിഎഎ ഏതെങ്കിലും ഒരു മതത്തിനെതിരായ ഉപകരണമല്ല. വിദേശികളായ ആളുകള്‍ക്ക് പൗരത്വം അനുവദിക്കുന്ന നേരത്തെയുള്ള നടപടികള്‍ ഇപ്പോഴും തുടരുന്നുമുണ്ട് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
അയോധ്യ വിധി രാജ്യം ഒന്നടങ്കം സ്വീകരിച്ചു. കൊറോണ ഇന്ത്യയില്‍ വരുത്തിയ നഷ്ടം മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളാണ് ഇതിന് കാരണം. സര്‍ക്കാര്‍ കൃത്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ചൈന ഇന്ത്യന്‍ ഭൂപ്രദേശത്ത് കടക്കുന്നത് എങ്ങനെയാണ് എന്ന് ലോകം മൊത്തം കണ്ടു. ഇന്ത്യയുടെ പ്രതികരണം ചൈനയെ അസ്വസ്ഥരാക്കി. അമേരിക്ക, ജപ്പാന്‍, വിയറ്റ്‌നാം, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായെല്ലാം ചൈന തര്‍ക്കത്തിലാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.












Click it and Unblock the Notifications