കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; എട്ടാം ശമ്പള കമ്മീഷന് അംഗീകാരം നൽകി മന്ത്രിസഭ
ന്യൂഡൽഹി: ഏഴാം ശമ്പള കമ്മീഷൻ അവസാനിക്കുന്നതിന് ഒരു വർഷം ശേഷിക്കെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. 2026ൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കമ്മീഷൻ അധ്യക്ഷനെയും രണ്ട് അംഗങ്ങളെയും ഉടൻ നിയമിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ഏഴാം ശമ്പള കമ്മീഷൻ 2016ലാണ് രൂപീകരിച്ചത്. അതിന്റെ കാലാവധി 2025 ഡിസംബർ 31നാണ് അവസാനിക്കുന്നത്. ഇതിന് മുന്നോടിയായാണ് കേന്ദ്ര തീരുമാനം.

ഒരു വർഷം മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിക്കുന്നത് ഏഴാം ശമ്പള കമ്മീഷൻ പൂർത്തിയാകുന്നതിന് മുന്നോടിയായി ശുപാർശകൾ സ്വീകരിക്കാനും അവലോകനം ചെയ്യാനും മതിയായ സമയം നൽകുമെന്നാണ് മന്ത്രി പറയുന്നത്. ഓരോ പത്ത് വർഷം കൂടുമ്പോഴും കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടന പരിഷ്‌കരിക്കുന്നതിനും പെൻഷൻ തുക നിശ്ചയിക്കുന്നതിനുമായാണ് ശമ്പള കമ്മീഷൻ രൂപീകരിക്കുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം, അതായത് 1947 മുതൽ ഏഴ് ശമ്പള കമ്മീഷനുകളാണ് ഇതുവരെ രൂപീകരിച്ചത്. 2026ൽ പുതിയ കമ്മീഷൻ വരുന്നതോടെ ഇത് എട്ടായി മാറും. ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ 2016 ജനുവരിയിൽ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയിരുന്നു. ഇതിൽ ശമ്പള വർധനവ് ഉൾപ്പെടെയുള്ള മാറ്റങ്ങൾക്ക് ശുപാർശ ഉണ്ടായിരുന്നു.
രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ അടിസ്ഥാന ശമ്പളം, അലവൻസുകൾ, പെൻഷൻ, അധിക ആനുകൂല്യങ്ങൾ എന്നിവ അവലോകനം ചെയ്യുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
നിലവിലെ രീതി തന്നെ പിന്തുടർന്നാൽ എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. മുൻ കമ്മീഷനുകൾക്ക് സമാനമായി ഇത്തവണയും പെൻഷൻകാർക്കുള്ള ഉത്സവബത്ത (ഡിഎ), ഡിയർനസ് റിലീഫ് (ഡിആർ) എന്നിവയിലെ മാറ്റങ്ങൾ ഉൾപ്പെടെ ശമ്പളത്തിൽ കാര്യമായ പരിഷ്‌കരണം തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എങ്കിലും ഈ മാറ്റങ്ങൾ നടപ്പാവാൻ ഒരു വർഷത്തോളം കാത്തിക്കേണ്ടി വരും.












Click it and Unblock the Notifications