കോള്‍ ഡ്രോപ്പ് പ്രശ്‌നം: പിഴയില്ല; രണ്ട് ലക്ഷം ടവറുകള്‍ സ്ഥാപിക്കാമെന്ന് ടെലികോം കമ്പനികള്‍
ദല്‍ഹി: കോള്‍ഡ്രോപ്പ് പ്രശ്‌നത്തില്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി. കോള്‍ ഡ്രോപ്പ് പ്രശ്‌നത്തിന് ടെലികോം കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ട്രായിയുടെ നടപടി ഏകപക്ഷീയമാണെന്ന് വിലയിരുത്തിയ സുപ്രീം കോടതി ട്രായ് ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
ടെലികോം കമ്പനികളില്‍ നിന്ന് പിഴ ഈടാക്കാനുള്ള ട്രായ് നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ടെലികോം കമ്പനികള്‍ക്ക് അനുകൂലമായ വിധി പറഞ്ഞത് ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ്.

പ്രതിദിനം ഉണ്ടാകുന്ന കോള്‍ ഡ്രോപ്പ് പ്രശ്‌നത്തില്‍ ആദ്യത്തെ മൂന്ന് കോളിന് ഒരു രൂപ വീതം പിഴ ഈടാക്കാനായിരുന്നു ട്രായ് നിര്‍ദ്ദേശിച്ചിരുന്നത്. കോള്‍ ഡ്രോപ്പ് പ്രശ്‌നത്തെക്കുറിച്ച് ഉപയോക്തക്കളില്‍ നിന്ന് വ്യാപകമായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട ട്രായിയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുള്ളത്. സുപ്രീം കോടതി വിധി പഠിച്ചുവരികയാണെന്ന് ടെലികോം വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു.
പ്രശ്‌നപരിഹാരത്തിനായി 15 മാസത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം ടവറുകള്‍ സ്ഥാപിക്കുമെന്നാണ് ടെലികോം കമ്പനികള്‍ മുന്നോട്ടുവെയ്ക്കുന്ന വാഗ്ദാനം. ടെലികോം കമ്പനികള്‍ നല്ല വരുമാനം നേടുന്നുണ്ടെന്നും അതിനാല്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ട്രായിയും ടെലികോം കമ്പനികളോട് നിര്‍ദ്ദേശിക്കുന്നു.












Click it and Unblock the Notifications