മഹാരാഷ്ട്രയിലും ജാർഖണ്ഡിലും പരസ്യപ്രചാരണം അവസാനിച്ചു; 20 ന് വോട്ടെടുപ്പ്, 23 ന് ഫലപ്രഖ്യാപനം
ഡൽഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. 20 നാണ് തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായും ജാർഖണ്ഡിൽ രണ്ട് ഘട്ടവുമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 13 നായിരുന്നു ജാർഖണ്ഡിലെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണത്തിനായിരുന്നു ഇരു സംസ്ഥാനങ്ങളും സാക്ഷ്യം വഹിച്ചത്.
മഹാരാഷ്ട്രയിൽ 288 സീറ്റുകളാണ് ഉള്ളത്. മഹായുതി സർക്കാരാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നത്. ഇത്തവണ അതിശക്തമായ പോരാട്ടമാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്. ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിൽ ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിന്റെ എൻസിപിയും ഉൾപ്പെടുന്നു.ശിവസേനയും എൻസിപിയും രണ്ടായി പിളർന്നതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ഇക്കുറിയും സംസ്ഥാനത്ത് അധികാരം നിലനിർത്താനാകുമെന്നാണ് ഭരണമുന്നണിയായ എൻഡിഎയുടെ പ്രതീക്ഷ. മഹായുതിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കൾ പ്രചരണത്തിനെത്തിയിരുന്നു.

അതേസമയം കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും ഉദ്ധവ് താക്കറെയുടെ ശിവസേനയുമാണ് ഇന്ത്യ സഖ്യത്തിന് വേണ്ടി പോരിനിറങ്ങുന്നത്. ഭരണം തിരിച്ച് പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് മഹാവികാസ് അഘാഡി സഖ്യം പങ്കുവെയ്ക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെ പ്രതീക്ഷ ഉയർത്തുന്നത്.
ഇത്തവണ മഹാവികാസ് അഘാഡി സഖ്യത്തിനാണ് സംസ്ഥാനത്ത് സാധ്യതയെന്നാണ് പ്രീപോൾ സർവ്വേകൾ പ്രവചിക്കുന്നത്. 162 സീറ്റുകൾ വരെ സഖ്യം നേടുമെന്നും മഹായുതി സഖ്യം 128 സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് ചില സർവ്വേകൾ പ്രവചിച്ചത്.
ജാർഖണ്ഡിൽ 38 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിധിയെഴുതുന്നത്. ആദിവാസികൾക്ക് സ്വാധീനമുള്ള സാന്താൾ പർഗാന അടക്കമുള്ള മേഖലകളിലാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ, ബിജെപിയുടെ മുതിർന്ന നേതാവ് ബാബുലാൽ മറാണ്ടി ഉൾപ്പെടെയുള്ളവർ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ആദ്യഘട്ടത്തിൽ 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 81 ൽ 30 സീറ്റും നേടി ജാർഖണ്ഡ് മുക്തി മോർച്ചയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. 16 സീറ്റ് നേടിയ കോൺഗ്രസുമായി സഖ്യം അധികാരത്തിലേറി. 16 സീറ്റായിരുന്നു അന്ന് ബി ജെ പിക്ക് ലഭിച്ചത്. സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയനും രണ്ട് സീറ്റുകൾ ലഭിച്ചു. ഇക്കുറിയും ഇരുപാർട്ടികളും സഖ്യത്തിലാണ് പോരാട്ടം.












Click it and Unblock the Notifications