ആതിഥേയർ ലോക സുന്ദരിപട്ടം ചൂടുമോ? സിനി ഷെട്ടിയിൽ പ്രതീക്ഷ അർപ്പിച്ച് ഇന്ത്യ
2023-ലെ ലോക സൗന്ദര്യ മത്സരത്തിന് ആതിഥ്യമരുളാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. 27 വർഷങ്ങൾക്കു ശേഷമാണ് ലോക സൗന്ദര്യ മത്സരത്തിന് ഇന്ത്യ വേദിയാകുന്നത്. 71-ാമത് മത്സരം നവംബറിലായിരിക്കും നടന്നേക്കുക. 21 കാരിയായ സിനി ഷെട്ടിയാണ് ഇത്തവണ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുക. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മത്സരത്തിൽ ഒരു ഇന്ത്യക്കാരി തന്നെ കിരീടം ചൂടുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ആരാണ് സിനി ഷെട്ടി?
2022ലെ ഫെമിന മിസ് ഇന്ത്യ പട്ടം നേടിയ സിനി ഷെട്ടി കർണാടകക്കാരിയാണെങ്കിലും വളർന്നത് മുംബൈയിലാണ്. മികച്ച ഒരു ഭരതനാട്യം നർത്തകി കൂടിയാണ് അവർ. നാലാം വയസ് മുതലാണ് സിനി ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച് തുടങ്ങിയത്. 14ാം വയസിൽ അരങ്ങേറ്റം കുറിച്ചു. അക്കൗണ്ടിംഗ് ആന്റ് ഫിനാൻസിലാണ് സിനി ബിരുദം പൂർത്തിയാക്കിയത്. ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആകുക എന്നതാണ് സിനിയുടെ ആഗ്രഹം.

ഇന്ത്യ യഥാർത്ഥത്തിൽ എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ലോകമെമ്പാടുമുള്ളവർക്ക് കാണിച്ച് കൊടുക്കാൻ സാധിക്കുമെന്നതിൽ താൻ സന്തോഷവതിയാണെന്ന് കഴിഞ്ഞ ദിവസം മിസ് വേൾഡ് ഓർഗനൈസേഷൻ നടത്തിയ വാർത്താസമ്മേളനത്തിൽ സിനി പറഞ്ഞു. 'ഇന്ത്യ എന്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന്, ഇന്ത്യ എന്താണെന്ന്, ഇന്ത്യയുടെ വൈവിധ്യം എന്താണെന്ന് ലോകത്തുള്ള എന്റെ മുഴുവൻ സഹോദരിമാരേയും കാണിച്ച് കൊടുക്കാൻ സാധിക്കുമെന്നതിൽ ഞാൻ സന്തോഷവതിയാണ്. വളരെ പ്രതീക്ഷയോടെയാണ് ഞാനീ യാത്രയെ നോക്കി കാണുന്നത്', സിനി ഷെട്ടി റഞ്ഞു.
2022 ലെ ലോക സൗന്ദര്യ മത്സരത്തിൽ പോളണ്ടുകാരിയായ കരോളിന ബിലാവ്‌സ്‌കയാണ് കിരീടം ചൂടിയത്. അന്ന് സാൻ ജുവാനിലെ പ്യുയോർട്ടോ റിക്കോയിലാണ് മത്സരം നടന്നത്. അവസാനമായി 2017 ൽ മാനസി ചില്ലാറിലൂടെയായിരുന്നു ഇന്ത്യ ലോക കീരിടം നേടിയത്.












Click it and Unblock the Notifications