സിബിഐയ്ക്ക് നിയമസാധുതയില്ല: കോടതി
ഗുവാഹത്തി: അന്വേഷണ ഏജന്‍സിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ(സിബിഐ) പോലിസ് സേനയായി കാണാനാകില്ലെന്നും കേസ് അന്വേഷിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ഏജന്‍സിയുടെ അധികാരം ഭരണഘടനാപരമായി തെറ്റാണെന്നും ഗുവാഹത്തി ഹൈക്കോടതി.
1963 ഏപ്രില്‍ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണ് സിബിഐ നിലവില്‍ വന്നത്. അക്കാലത്തെ ആഭ്യന്തര സെക്രട്ടറി വി വിശ്വനാഥനാണ് ഉത്തരവിറക്കിയത്. ദില്ലി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.

ഇത് അംഗീകരിക്കാനാവില്ല. കാരണം രാജ്യത്താകെ അന്വേഷണം നടത്താന്‍ അധികാരമുള്ള ഏജന്‍സി നിയമനിര്‍മാണത്തിലൂടെ മാത്രമേ നിലവില്‍ വരാന്‍ പാടുള്ളൂ. സെക്രട്ടറിയുടെ പഴയ ഉത്തരവ് തള്ളികൊണ്ട് കോടതി ഉത്തരവിറക്കി.
ഇതോടെ രാജ്യത്തെ സുപ്രധാന ഏജന്‍സിയുടെ എല്ലാ അന്വേഷണങ്ങളും സ്തംഭിച്ചു. ജസ്റ്റീസുമാരായ ഇക്ബാല്‍ അഹമ്മദ് അന്‍സാരിയുടെയും ഇന്ദിരാ ഷായുടെയും ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നാലു ദിവസം കോടതി അവധിയായത് തിരിച്ചടിയായിരിക്കുകയാണ്. ഫലത്തില്‍ നവംബര്‍ 11 വരെ സിബിഐ എന്ന ഏജന്‍സി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയില്ല.
സിബിഐ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിഎസ്എന്‍എല്‍ ജീവനക്കാരനായ നവേന്ദ്രകുമാറാണ് ഗുവാഹത്തി കോടതിയില്‍ പരാതി നല്‍കിയത്. നേരത്തെ കീഴ്‌ക്കോടതികള്‍ ഇയാളുടെ ആവശ്യം തള്ളിയിരുന്നു.












Click it and Unblock the Notifications