കാര്‍ഷിക നിയമം പിന്‍വലിച്ചു: അമരീന്ദര്‍ ബിജെപി സഖ്യത്തിലേക്ക്, കോണ്‍ഗ്രസിന് വെല്ലുവിളിയാകുമോ?
ദില്ലി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് വലിയ പ്രഖ്യാപനമാണ്. ഗുരുനാനക് ജയന്തിയുടെ പുണ്യമേറിയ ദിനത്തില്‍ 3 കരിനിയമങ്ങൾ റദ്ദാക്കണമെന്ന ഓരോ പഞ്ചാബിയുടെയും ആവശ്യംഅംഗീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്റെയും മുഴുവന്‍ പഞ്ചാബികളുടേയും നന്ദി അറിയിക്കുന്നതായും അമരീന്ദര്‍ സിംഗ് പറഞ്ഞു.
കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നും തുടര്‍ന്നുള്ള ദിനങ്ങളിലും സഹകരണം ഉണ്ടാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബർ 26 ന് ഡൽഹി അതിർത്തിയിലെ കർഷകരുടെ പ്രതിഷേധം ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്നും ദില്ലി അതിർത്തികളില്‍ പ്രതിഷേധിക്കുന്ന കർഷകര്‍ സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങണമെന്നുമായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്.
എത്ര കാലം കഴിഞ്ഞാലം ആ ഇഷ്ടം മാറില്ല: സംയുക്ത വര്‍മയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

കോണ്‍ഗ്രസ് വിട്ട അമരിന്ദീര്‍ സിങ് അമിത് ഷാ ഉള്‍പ്പടേയുള്ള ബി ജെ പി നേതാക്കളെ ദില്ലിയില്‍ സന്ദര്‍ശിച്ചിരുന്നു. പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം രാഷ്ട്രീയ പാർട്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, കർഷകരുടെ പ്രതിഷേധം കേന്ദ്രം പരിഹരിക്കുമെന്ന വ്യവസ്ഥയിൽ ബി ജെ പിയുമായി സഖ്യം ചേരുമെന്ന സൂചനകളും അദ്ദേഹം നല്‍കിയിരുന്നു.

"കർഷകരുടെ പ്രതിഷേധം കർഷകരുടെ താൽപ്പര്യത്തിനനുസരിച്ച് പരിഹരിച്ചാൽ 2022 പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സീറ്റ് ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സഖ്യത്തില്‍ നിന്നും പുറത്ത് പോയി അകാലി ഗ്രൂപ്പുകൾ, പ്രത്യേകിച്ച് ദിൻഡ്‌സ ബ്രഹ്മപുര വിഭാഗങ്ങൾ പോലുള്ള സമാന ചിന്താഗതിക്കാരായ പാർട്ടികളുമായുള്ള സഖ്യവും ചര്‍ച്ചയിലുണ്ട് , "- എന്നായിരുന്നു കഴിഞ്ഞ മാസം ഒരു ട്വീറ്റിലൂടെ അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടത്.

ഇന്നത്തെ കേന്ദ്രത്തിന്റെ തീരുമാനത്തോടെ അമരീന്ദര്‍ സിംഗ് ബി ജെ പി കൂട്ടുകെട്ട് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാക്കുന്നു. അകാലിദളിനെ കൂടി ഒപ്പം നിര്‍ത്താന്‍ ബി ജെ പി ശ്രമിച്ചേക്കും. കര്‍ഷക സമരം തുടരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ബി ജെ പി കേവലം ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു അടുത്തിടെ പുറത്ത് വന്ന ചില പ്രീ-പോള്‍ സര്‍വേകള്‍ പ്രവചിച്ചത്. ഇത്തരം സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ ഇന്നത്തെ പ്രഖ്യാപനമെന്നാണ് പലരും വിലയിരുത്തുന്നത്.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. യാതനകളും കഷ്ടപ്പാടുകളും സഹിച്ച് സമര രംഗത്ത് തുടര്‍ന്ന കര്‍ഷകരേയും അദ്ദേഹം അഭിനന്ദിച്ചു. "കരി നിയമങ്ങൾ റദ്ദാക്കുന്നത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്. കിസാൻ മോർച്ചയുടെ സത്യാഗ്രഹത്തിന് ചരിത്ര വിജയം. നിങ്ങളുടെ ത്യാഗത്തിന്റെ ഫലമാണിത്. കൃത്യമാ വികസന മാതൃകയിലൂടെ പഞ്ചാബിലെ കൃഷിയുടെ പുനരുജ്ജീവനത്തിനായിരിക്കണം പഞ്ചാബ് സർക്കാരിന്റെ മുൻഗണന. അഭിനന്ദനങ്ങൾ," അദ്ദേഹം ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications