Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ ഭേദഗതി നിയമത്തിൽ നിർണായക നീക്കവുമായി കേന്ദ്രം; ന്യൂനപക്ഷങ്ങൾക്ക് 10 വർഷത്തെ ഇളവ് കൂടി അനുവദിച്ചു

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങളിൽ നിർണായക മാറ്റവുമായി കേന്ദ്ര സർക്കാർ. പൗരത്വത്തിന് അപേക്ഷിക്കാനുള്ള കട്ട് ഓഫ് തീയതി മാറ്റാൻ തീരുമാനം. 2014ല്‍ നിന്ന് 2024 ആക്കി മാറ്റിയാണ് ഉത്തരവിറക്കിയത്. 2019 ഡിസംബറിൽ പാസാക്കിയ നിയമപ്രകാരം മതപരമായ പീഡനം കാരണം പലായനം ചെയ്‌ത ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നു. നേരത്തെ 2014 ഡിസംബറായിരുന്നു അവസാന തീയതി.

ഈ മൂന്ന് അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് 2024 ഡിസംബർ 31നോ അതിനു മുൻപോ ഇന്ത്യയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ സിഎഎ പ്രകാരം അപേക്ഷിക്കാൻ അർഹതയുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. സാധുവായ പാസ്‌പോർട്ടോ യാത്രാ രേഖകളോ ഇല്ലെങ്കിലും അല്ലെങ്കിൽ അവയുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ പോലും ഇത് ബാധകമാണ്.

caa

'അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളിൽ (ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ) പെട്ടവരും മതപരമായ പീഡനം കാരണം ഇന്ത്യയിൽ അഭയം തേടാൻ നിർബന്ധിതരായവരും 2024 ഡിസംബർ 31-നോ അതിനു മുൻപോ സാധുവായ രേഖകളില്ലാതെ അല്ലെങ്കിൽ കാലാവധി കഴിഞ്ഞ രേഖകളുമായി രാജ്യത്ത് പ്രവേശിച്ചവർക്ക് സാധുവായ പാസ്‌പോർട്ടും വിസയും എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കപ്പെടും' എംഎച്ച്എ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു:

സെപ്റ്റംബർ 1ലെ എംഎച്ച്എയുടെ വിജ്ഞാപനം കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ പങ്കുവെച്ചതിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. സിഎഎ 2019 ഡിസംബറിൽ പാർലമെന്റ് പാസാക്കുകയും അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതോടെ നിയമമായി മാറുകയും ചെയ്‌തിരുന്നു. നിയമം പാസാക്കി ഏകദേശം നാല് വർഷത്തിന് ശേഷം, കഴിഞ്ഞ വർഷം മാർച്ച് 11-നാണ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തുകൊണ്ട് ഇത് ഔദ്യോഗികമായി നടപ്പിലാക്കിയത്.

തുടർച്ചയായി വിവിധ അഭയാർത്ഥി സംഘടനകളിൽ നിന്നും ഇളവിനുള്ള ആവശ്യം ഉയർന്നിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘടന, പീഡിപ്പിക്കപ്പെട്ട സമുദായങ്ങളുടെ തുടർച്ചയായ ഒഴുക്ക് കണക്കിലെടുത്ത് അവസാന തീയതി നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനെ തുടർന്നാണ് തീയതി നീട്ടി ഉത്തരവിറക്കിയത്.

2014ന് ശേഷം ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കൾക്ക് ഈ പുതിയ നിയന്ത്രണം പ്രധാനമാണ്. ഈ പ്രഖ്യാപനം വരെ അവരുടെ ഭാവിയെക്കുറിച്ച് കാര്യമായ അനിശ്ചിതത്വമുണ്ടായിരുന്നു. കാലഹരണപ്പെട്ട രേഖകളുമായി പ്രവേശിച്ച ഈ സമുദായങ്ങളിലെ വ്യക്തികൾക്കും ഇത് ബാധകമാണെന്ന് ഉത്തരവ് പ്രത്യേകം വ്യക്തമാക്കുന്നു. എന്നാൽ മുസ്ലിം സമുദായത്തിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണങ്ങൾ ലഭിക്കില്ല.

ഇന്ത്യയിൽ സുരക്ഷ തേടുന്ന പലർക്കും ഈ തീരുമാനം ഒരു നിർണായകമാവും. രേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ വെല്ലുവിളികൾ നേരിടാതെ അവർക്ക് തുടരാൻ കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു. സ്വന്തം രാജ്യങ്ങളിൽ മതപരമായ വിവേചനം ബാധിച്ചവരുടെ ആശങ്കകൾ പരിഹരിക്കുക എന്നതാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അയൽരാജ്യങ്ങളിൽ നിന്നുള്ള പീഡനത്തിനിരയായ ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് പ്രഖ്യാപനത്തിലൂടെ അടിവരയിടുന്നത്. നിലവിലെ സാഹചര്യത്തിൽ
കേന്ദ്രത്തിന്റെ തീരുമാനം വലിയ രീതിയിൽ ഒരുപാട് പേർക്ക് ഗുണകരമാവും എന്നതാണ് വിലയിരുത്തൽ. തുടക്കം മുതൽ നിയമത്തെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാട് എന്താണെന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+