ആത്മാഭിമാനത്തിന് മുറിവേറ്റു, 3 ഓപ്ഷനുകള്‍ മുന്നിലുണ്ടെന്ന് ചംപെയ് സോറന്‍; ജാര്‍ഖണ്ഡില്‍ സസ്‌പെന്‍സ്
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മുന്‍ മുഖ്യമന്ത്രി ചംപെയ് സോറന്‍ ജെഎംഎം വിട്ടേക്കും. മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റിയപ്പോള്‍ തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റു, അതുകൊണ്ട് വലിയ നിരാശയുണ്ടെന്നും സോറന്‍ കുടുംബത്തിന്റെ വിശ്വസ്തനായ ചംപയ് സോറന്‍ പറഞ്ഞു. അദ്ദേഹം നേരത്തെ തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. ചംപെയ്‌ക്കൊപ്പം പാര്‍ട്ടിയിലെ തന്നെ ചില എംഎല്‍എമാരും ബിജെപിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാര്‍ട്ടിയില്‍ തനിക്ക് നേരിടേണ്ടി വന്ന വേദന വളരെ വലുതാണ്. എന്റെ ആത്മാഭിമാനത്തിന് മുറിവേറ്റുവെന്നും ചംപയ് പറഞ്ഞു. നേരത്തെ ഹേമന്ദ് സോറന്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ചംപയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തരുന്നു. അതേസമയം 3 ഓപ്ഷനുകള്‍ തനിക്ക് മുന്നിലുണ്ടെന്നാണ് ചംപയ് പറയുന്നത്.

ഹുല്‍ ദിവസിന് ശേഷം ഞാന്‍ പങ്കെടുക്കാതിരുന്ന പരിപാടികള്‍ പാര്‍ട്ടി നേതൃത്വം റദ്ദാക്കിയത് തന്നെ അമ്പരപ്പിച്ചു. ആകെ തകര്‍ന്നുപോയിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. രണ്ട് ദിവസം നിശബ്ദനായി ഇരുന്ന് പുനരാലോചന നടത്തി.
എന്റെ തെറ്റുകള്‍ എന്താണെന്ന് പരിശോധിച്ചു. അധികാരത്തിന് വേണ്ടിയുള്ള അത്യാഗ്രഹം ഒരിഞ്ച് പോലും എനിക്കില്ല. എന്നാല്‍ ആത്മാഭിമാനത്തിനേറ്റ അപമാനം ആരോടാണ് പറയുന്നത്, എന്റെ സ്വന്തം ആളുകള്‍ തന്നെയാണ് ആ വേദന എനിക്ക് സമ്മാനിച്ചതെന്നും സോഷ്യല്‍ മീഡിയയിലെ കുറിപ്പില്‍ ചംപെയ് സോറന്‍ വ്യക്തമാക്കി.
ഞായറാഴ്ച്ചയാണ് ചംപെയ് സോറന്‍ ഡല്‍ഹിയിലെത്തിയത്. ആറോളം എംഎല്‍എമാര്‍ക്കൊപ്പം സോറനും ബിജെപിയില്‍ ചേരുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ബിജെപി നേതാവിനെയും കണ്ടിട്ടില്ല. ഡല്‍ഹിയിലെത്തിയത് വ്യക്തിപരമായ കാര്യങ്ങള്‍ക്കാണെന്നും പറഞ്ഞിരുന്നു.
എന്നാല്‍ തനിക്ക് മുന്നില്‍ മറ്റ് ഓപ്ഷനുകള്‍ ഉണ്ടെന്ന് ചംപെയ് സോറന്‍ പിന്നീട് ട്വീറ്റില്‍ തിരുത്തുകയും ചെയ്തു. അടുത്ത ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ എന്റെ മുന്നില്‍ നിരവധി ഓപ്ഷനുകള്‍ ഉണ്ടെന്നും ചംപെയ് സോറന്‍ കുറിച്ചു.
എന്റെ ജീവിതത്തിലെ പുിയ അധ്യായം ആരംഭിച്ചിരിക്കുകയാണെന്ന് പാര്‍ട്ടി അംഗങ്ങളോട് സുപ്രധാന യോഗത്തില്‍ സോറന്‍ അറിയിച്ചു. എനിക്ക് മൂന്ന് ഓപ്ഷനുകളുണ്ട്. ഒന്നുകില്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുക, അതല്ലെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വന്തമായി ഉണ്ടാക്കുക, എനിക്ക് ഒരു കൂട്ടാളിയെ ലഭിക്കുകയാണെങ്കില്‍ അയാളെയും ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകുമെന്നും ചംപെയ് സോറന്‍ പറഞ്ഞു.
പാര്‍ട്ടിയിലെ ആളുകളില്‍ നിന്ന് അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് നേരിടേണ്ടി വന്നത്. അതാണ് മറ്റൊരു വഴി തിരഞ്ഞെടുക്കാനുള്ള കാരണം. കണ്ണീര്‍ അടക്കിപിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ഇല്ലെങ്കില്‍ താനില്ലെന്ന് കരുതിയിരുന്നു. എന്റെ മൊത്തം ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുകയായിരുന്നു. അധികാരത്തില്‍ മാത്രമാണ് പലര്‍ക്കും താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications