കേന്ദ്രത്തെ വിറപ്പിച്ച് ചന്ദ്രബാബു നായിഡു; പ്രത്യേക പദവിക്കായി ദില്ലിയിൽ സത്യാഗ്രഹം തുടങ്ങി
Recommended Video

ദില്ലി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്നാവശ്യപ്പെട്ട് ആന്ധ്രാമുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു ദില്ലിയിൽ സത്യാഗ്രഹം ആരംഭിച്ചു. രാജ്ഘട്ടിൽ പ്രാർത്ഥന നടത്തിയ ശേഷം രാവിലെ എട്ട് മണിയോടെ ദില്ലിയിലെ ആനഅദ്രാഭവനിലാണ് സത്യാഗ്രഹം ആരംഭിച്ചത്. വൈകിട്ട് എട്ട് മണിവരെ സത്യാഗ്രഹം തുടരും. നായിഡുവിന്റെ സമരത്തിന് ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ച് നിരവധി പ്രതിപക്ഷ നേതാക്കൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന വാഗ്ദാനം കേന്ദ്രം നിറവേറ്റാത്തതിൽ പ്രതിഷേധിച്ച് ടിഡിപി 2018 മാർച്ചിലാണ് എൻഡിഎ സഖ്യം വിടുന്നത്. സഖ്യം വിട്ടു പുറത്ത് വന്ന നായിഡു ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം രൂപികരിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുകയായിരുന്നു.

ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിങ്ങൾ തയാറായില്ലെങ്കിൽ അത് എങ്ങനെ നേടിയെടുക്കണമെന്ന് ഞങ്ങൾക്ക് അറിയാം. ഇത് ആന്ധ്രയിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചാൽ അത് ഞങ്ങൾക്ക് ക്ഷമിക്കാനാവില്ല. വ്യക്തിഹത്യ അവസാനിപ്പിച്ച് ആന്ധ്രയിലെ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ നരേന്ദ്ര മോദി തയാറാകണമെന്നും ചന്ദ്രബാബു നായിഡു കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.
ഞങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണ്, അവകാശങ്ങൾ നേടാതെ പിന്മാറില്ലെന്നും ചന്ദ്രബാബു നായിഡു കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകുന്നു. ജനങ്ങളുടെ ആവശ്യം തിരിച്ചറിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടിയെടുക്കാനാകാത്തത് സംസ്ഥാനത്ത് ടിഡിപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വൈഎസ്ആർ കോൺഗ്രസ് ടിഡിപിക്കെതിരെ മുഖ്യപ്രചാരണ ആയുധമാക്കിയിരിക്കുന്നതും ഇതേ വിഷയമാണ്.












Click it and Unblock the Notifications