ചന്ദ്രയാന്‍-3: ചന്ദ്രനില്‍ കറങ്ങി പ്രഗ്യാൻ റോവർ: പുതിയ വീഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ
ഡല്‍ഹി: ചന്ദ്രയാൻ -3 ന്റെ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലെ 'ശിവശക്തി' പോയിന്റിന് ചുറ്റും സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തു വിട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ). 'ചന്ദ്രയാൻ -3 ദൗത്യം:ഇവിടെ എന്താണ് പുതിയത്? ദക്ഷിണധ്രുവത്തിലെ ചന്ദ്രരഹസ്യങ്ങൾ തേടി പ്രഗ്യാൻ റോവർ ശിവശക്തി പോയിന്റിന് ചുറ്റും കറങ്ങുന്നു' എന്ന അടിക്കുറിപ്പോടെയാണ് ഐസ്ആർഒ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചന്ദ്രയാന്‍-3 യുടെ വിക്രം ലാന്‍ഡർ ഇറങ്ങിയ മേഖല 'ശിവ ശക്തി' പോയിന്റ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പ്രഗ്യാൻ റോവർ ചന്ദ്രന്റെ ഉപരിതലത്തിന് മുകളിലൂടെ 8 മീറ്റർ ദൂരം സഞ്ചരിച്ചതായും ഐഎസ്ആർഒ അറിയിച്ചു. ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെയും അശോക സ്തംഭത്തിന്റേയും മുദ്രകളുള്ള റോവറിന്റെ പിൻ ചക്രങ്ങൾ ചന്ദ്രോപരിതലത്തിൽ ഇവ രണ്ടിന്റേയും മാതൃക പതിപ്പിച്ചുകൊണ്ടാണ് സഞ്ചരിക്കുന്നത്.

അതേസമയം, ഗ്രീസിൽ നിന്ന് തിരികെ എത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് സന്ദർശിക്കുകുയം ശാസ്ത്രജ്ഞരെ അഭിനന്ദിക്കുകയും ചെയ്തു. ചന്ദ്രയാൻ-3 ദൗത്യത്തിൽ ഉൾപ്പെട്ട ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായികൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രിയോട് ചന്ദ്രയാൻ-3 ദൗത്യത്തിലെ കണ്ടെത്തലുകളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ശാസ്ത്രജ്ഞർ വിശദീകരിച്ചു.
ശരീരവും മനസ്സും ഇത്രയും സന്തോഷം കൊണ്ട് നിറയുന്ന ഇത്തരമൊരു സന്ദർഭം വളരെ അപൂർവണ്. എല്ലാവരുടെയും ജീവിതത്തിൽ അക്ഷമ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുന്ന ചില പ്രത്യേക നിമിഷങ്ങളെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ദക്ഷിണാഫ്രിക്കയിലെയും ഗ്രീസിലെയും പര്യടനത്തിനിടയിലും അതേ വികാരങ്ങൾ താൻ അനുഭവിച്ചിരുന്നെന്നും പറഞ്ഞു.
തന്റെ മനസ്സ് എല്ലായ്‌പ്പോഴും ചന്ദ്രയാൻ 3 ദൗത്യത്തിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഇത് ലളിതമായ വിജയമല്ല. ഈ നേട്ടം അനന്തമായ ബഹിരാകാശത്ത് ഇന്ത്യയുടെ ശാസ്ത്രശക്തിയെ വിളിച്ചറിയിക്കുന്നു. "ഇന്ത്യ 'ചന്ദ്രനിലാണ്'! ചന്ദ്രനിൽ നാം നമ്മുടെ ദേശീയ അഭിമാനം സ്ഥാപിച്ചിരിക്കുന്നു" - പ്രധാനമന്ത്രി പറഞ്ഞു.
ഇതാണ് നിർഭയവും വിട്ടുവീഴ്ചയില്ലാത്തതുമായ ഇന്നത്തെ ഇന്ത്യ. പുതിയതായി ചിന്തിക്കുകയും പുതിയ രീതിയിൽ ചിന്തിക്കുകയും ഇരുണ്ട മേഖലയിലേക്ക് പോയി ലോകത്ത് വെളിച്ചം പരത്തുകയും ചെയ്യുന്ന ഇന്ത്യയാണിത്. 21-ാം നൂറ്റാണ്ടിൽ ലോകത്തിന്റെ വലിയ പ്രശ്നങ്ങൾക്ക് ഈ ഇന്ത്യ പ്രതിവിധിയേകും. ചാന്ദ്രസ്പർശത്തിന്റെ നിമിഷം രാജ്യത്തിന്റെ ചേതനയിൽ അനശ്വരമായി മാറി. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങളിൽ ഒന്നാണ് ചന്ദ്രനിൽ തൊട്ട നിമിഷം. ഓരോ ഇന്ത്യക്കാരനും അത് സ്വന്തം വിജയമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍ 3ന്റെ വിജയം ഇന്ത്യയുടെ മാത്രം വിജയമല്ല, അത് എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണ്. ദൗത്യത്തിന്റെ പര്യവേക്ഷണങ്ങള്‍ എല്ലാ രാജ്യത്തിന്റെയും ചാന്ദ്രദൗത്യങ്ങള്‍ക്കുള്ള സാധ്യതകളുടെ പുതിയ വാതിലുകള്‍ തുറക്കും. ഈ ദൗത്യം ചന്ദ്രന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുക മാത്രമല്ല, ഭൂമിയിലെ വെല്ലുവിളികൾ മറികടക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും എൻജിനിയർമാരെയും എല്ലാ അംഗങ്ങളെയും പ്രധാനമന്ത്രി ഒരിക്കല്‍ കൂടി അഭിനന്ദിച്ചു.












Click it and Unblock the Notifications