പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അധികാരത്തിൽ: കോൺഗ്രസിനുള്ളിലെ പോര് തുടരുമെന്ന് സൂചന
ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗ് രാജിവെച്ചതോടെ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുന്നത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾക്കൊടുവിൽ ഞായറാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമതീരുമാനമായത്.

പഞ്ചാബിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി തിങ്കളാഴ്ചയാണ് കോൺഗ്രസ് എംഎൽഎ ചരൺജിത് സിംഗ് ചാന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അദ്ദേഹത്തെ സംബന്ധിച്ച് സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന ആദ്യത്തെ ദളിത് മുഖ്യമന്ത്രിയാണ് ചാന്നി. രുപ്നഗറിലെ ചാംകൗർ സാഹിബിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട ചന്നിയെ പിന്തുണച്ച് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു രംഗത്തത്തിയിരുന്നു.
എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

ക്യാപ്റ്റൻ അമരീന്ദർ സിംഗ് സർക്കാരിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ
മൂന്ന് തവണ മുനിസിപ്പൽ കൗൺസിലറായി തുടർന്നു, രണ്ട് തവണ മുനിസിപ്പൽ കൗൺസിൽ ഖരർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചുതമല വഹിക്കുകയും ചെയ്തിട്ടുണ്ട്.
2007 ൽ ആദ്യമായി ചാംകൗർ സാഹിബിൽ നിന്നാണ് അദ്ദേഹം ആദ്യമായി പഞ്ചാബ് വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2012 ലും പിന്നീട് 2017 ലും അദ്ദേഹം വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015 ൽ 14 ആം പഞ്ചാബ് സർക്കാർ അധികാരത്തിലെത്തിയതോടെ ചാന്നി പ്രതിപക്ഷ നേതാവായും തിരഞ്ഞെടുക്കപ്പെട്ടു.

2017 ൽ, പഞ്ചാബ് സർക്കാരിലെ സാങ്കേതിക വിദ്യാഭ്യാസ, വ്യാവസായിക പരിശീലനം, തൊഴിലവസരങ്ങൾ, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയുടെ കാബിനറ്റ് മന്ത്രിയായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു.
പാർട്ടി നേതാക്കളായ സുഖ്ജീന്ദർ രൺധാവയും ബ്രഹ്മ മൊഹീന്ദ്രയും പഞ്ചാബ് മുഖ്യമന്ത്രി ചന്നിയ്ക്ക് കീഴിൽ ഉപമുഖ്യമന്ത്രിമാരായി പ്രവർത്തിക്കുമെന്ന് നേതാവ് പവൻ കുമാർ ബൻസാൽ നേരത്തെ അറിയിച്ചിരുന്നു.

പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിപിസിസി) തലവൻ നവജ്യോത് സിംഗ് സിദ്ദുവും മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗും തമ്മിൽ മാസങ്ങൾ നീണ്ട ഏറ്റുമുട്ടലിനിടെയാണ് അമരീന്ദർ സിംഗ് ശനിയാഴ്ച സംസ്ഥാന ഗവർണർ ബൻവാരിലാലിനെ കണ്ട് രാജിസമർപ്പിക്കുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു രാജിവെക്കാൻ അമരീന്ദർ സിംഗ് തയ്യാറായിട്ടുള്ളത്. പഞ്ചാബിൽ മാസങ്ങൾക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയെ മാറ്റി നിയമിക്കുന്നത്.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുള്ള വാഗ്ധാനങ്ങളിൽ പലതും പാലിക്കപ്പെട്ടിട്ടില്ലന്ന് നേരത്തെയും സിദ്ദു ക്യാമ്പ് ചൂണ്ടിക്കാണിച്ചിരുന്നു. പാർട്ടി നേതാക്കൾക്കിടയിൽ തന്നെയുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നതോടെയാണ് സിംഗിന്റെ രാജി വേഗത്തിലാകുന്നത്.

പഞ്ചാബ് മന്ത്രി സുഖ്ജീന്ദർ സിംഗിനെ മുഖ്യമന്ത്രിയാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചന്നിയെ ഈ സ്ഥാവനത്തേക്ക് തിരഞ്ഞെടുക്കുന്നത്. പ്രഖ്യാപനം മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് ഹൈക്കമാൻഡ് പെട്ടെന്നാണ് തീരുമാനം മാറ്റുന്നത്. തുടർന്ന് രൺധാവയെ മറികടന്ന് ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നവജ്യോത് സിംഗ് സിദ്ദു, സുനിൽ ഝാഖർ, അംബിക സോണി, എന്നിവരെ മറികടന്നാണ് ചന്നി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്. പഞ്ചാബ് മുഖ്യമന്ത്രിയായി സിഖ് സമുദായത്തിൽ നിന്ന് തന്നെയുള്ള ഒരാൾ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അംബികാ സോണി മുഖ്യമന്ത്രിയാവുന്നതിന് കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുള്ള വാഗ്ധാനം നിരസിച്ചത്.

2018ൽ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ ചന്നിക്കെതിരെ മീടൂ ആരോപണങ്ങളും ഉയർന്നുവന്നിരുന്നു. എന്നാൽ വനിതാ ഉദ്യോഗസ്ഥ ചന്നിക്കെതിരെ പരാതി നൽകിയിരുന്നില്ല. പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടതായി മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് തന്നെ വ്യക്തമാക്കുകയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ വനിതാ കമ്മീഷൻ ചന്നിക്കെതിരെ നോട്ടീസ് അയച്ചതോടെ ഈ കേസ് വീണ്ടും ചർച്ചയായിട്ടുണ്ട്. സർക്കാർ മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുള്ളത്.

പഞ്ചാബ് ജനസംഖ്യയുടെ 33 ശതമാനത്തോളം ദളിത് വിഭാഗമാണെന്നിരിക്കെ വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചന്നിയുടെ നിയമനം കോൺഗ്രസിനെ സംബന്ധിച്ച് നിർണ്ണായകമാണ്. കോൺഗ്രസിന് വരാനിരിക്കുന്ന തിരഞ്ഞടുപ്പിൽ ദളിതുകളെ ഒപ്പം നിർത്താനും തിരഞ്ഞെടുപ്പിൽ ഇത് ഗുണം ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം തന്നെ സിദ്ധുവിന്റെ എതിർചേരിയിലുള്ള അമരീന്ദറിന് പകരക്കാരനെ കണ്ടെത്തിയെങ്കിലും പഞ്ചാബ് കോൺഗ്രസിനുള്ളിൽ തർക്കങ്ങളും അസ്വാരസ്യങ്ങളും തുടരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. മാസങ്ങളായി അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള അസ്വാരസ്യങ്ങൾ സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിയതോടെയാണ് താൽക്കാലികമായി അവസാനിച്ചത്.












Click it and Unblock the Notifications