ചന്നിയുടെ ഹെലികോപ്ടര്‍ യാത്ര തടഞ്ഞ് അധികൃതര്‍, പ്രധാനമന്ത്രിക്ക് വേണ്ടി മണിക്കൂറുകള്‍ തടഞ്ഞു
ദില്ലി: പഞ്ചാബില്‍ പുതിയ വിവാദത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി. പ്രചാരണത്തിനായി പോകേണ്ടിയിരുന്ന ഹെലികോപ്ടര്‍ യാത്ര കേന്ദ്രം തടഞ്ഞുവെച്ചെന്ന് ചരണ്‍ജിത്ത് സിംഗ് ചന്നി പറഞ്ഞു. ചണ്ഡീഗഡിലെ രാജേന്ദ്ര പാര്‍ക്കില്‍ നിന്നായിരുന്നു ചന്നിയുടെ വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ ഇത് നോ ഫ്‌ളൈ സോണാണെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബില്‍ പ്രചാരണത്തിനായി എത്തുന്നത് കൊണ്ടാണ് ചന്നിക്ക് ഹെലികോപ്ടര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. ഹോഷിയാര്‍പൂരില്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കേണ്ടതായിരുന്നു ചന്നി. എന്നാല്‍ ഇതിന് സാധിച്ചില്ല.

രോഷത്തോടെയാണ് ചന്നി പ്രതികരിച്ചത്. തന്നെ തടയാന്‍ ഇതല്ല മാര്‍ഗമെന്ന് ചന്നി പറഞ്ഞു. മണിക്കൂറുകളാണ് മുഖ്യമന്ത്രി ഹെലികോപ്ടര്‍ യാത്രക്കായുള്ള അനുമതിക്കായി ഇവിടെ കാത്തിരുന്നത്. മോദി ജലന്ധറിലാണ് സന്ദര്‍ശനം നടത്തുന്നത്. ഒടുവില്‍ യാത്ര നടക്കാതെ വന്നതോടെ ചന്നി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഞാന്‍ പതിനൊന്ന് മണിക്ക് ഉനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നാണ് എനിക്കുള്ള യാത്ര നിഷേധിച്ചത്. പ്രധാനമന്ത്രിയുടെ യാത്രയുണ്ടെന്ന് പറഞ്ഞു. അതൊരു നോ ഫ്‌ളൈ സോണായി പ്രഖ്യാപിക്കപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ ഹോഷിയാര്‍പൂര്‍ റാലിയില്‍ പോലും പങ്കെടുക്കാന്‍ പറ്റിയില്ല. എനിക്ക് ഹെലികോപ്ടര്‍ യാത്ര ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നുവെന്നും ചന്നി പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടറിന് ഇവിടെ ഇറങ്ങാനുള്ള അനുമതി ലഭിച്ചിരുന്നു. പക്ഷേ എന്തുകൊണ്ട് ചന്നിക്ക് യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചു എന്നുള്ളത് ദുരൂഹമാണ്. സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് നാണംകെട്ട കാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് ഗൗരവത്തോടെ എടുത്തിട്ടില്ലെങ്കില്‍, ഈ തിരഞ്ഞെടുപ്പ് കൃത്രിമം നിറഞ്ഞതാണെന്ന് ഞാന്‍ കരുതുമെന്ന് കോണ്‍ഗ്രസ് നേതാവ് സുനില്‍ ജക്കര്‍ പറഞ്ഞു. നേരത്തെ മോദിയുടെ വാഹവ്യൂഹം ഫ്‌ളൈ ഓവറില്‍ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുടുങ്ങി പോയിരുന്നു. അന്ന് സുരക്ഷാ വീഴ്ച്ചയ്ക്ക് ഏറെ പഴി കേട്ടിരുന്നു ചന്നി. ഇത് അതിനുള്ള മറുപടിയാണെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും ചന്നിക്കെതിരെ പരിഹാസം നടത്തിയിരുന്നു. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ ചന്നിക്ക് സാധിക്കുന്നില്ല. എങ്ങനെയാണ് അദ്ദേഹം പഞ്ചാബ് സംരക്ഷിക്കുകയെന്നും അമിത് ഷാ ചോദിച്ചിരുന്നു. നേരത്തെ മോശം കാലാവസ്ഥയെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രി റോഡ് മാര്‍ഗം യാത്ര ചെയ്തത്. ഈ വാഹനവ്യൂഹത്തെയാണ് കര്‍ഷകര്‍ തടഞ്ഞത്. ഇരുപത് മിനുട്ടോളം ഫ്‌ളൈഓവറില്‍ ഈ വാഹവ്യൂഹം കുടുങ്ങി പോവുകയും ചെയ്തു. താന്‍ ജീവനോടെ എത്തിയത് മഹാഭാഗ്യം എന്ന് മോദി പഞ്ചാബ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇന്നും മോദിയെ കരിങ്കൊടി കാണിക്കുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications