കോടതി അപ്പീല്‍ തള്ളി, ഇനി ജയിലിലേക്ക്; തമിഴ് ഹിറ്റ് സംവിധായകന്‍ ലിംഗുസാമിക്ക് ആറ് മാസത്തെ തടവ്
ചെന്നൈ : ചെക്ക് കേസ് തട്ടിപ്പില്‍ സംവിധായകന്‍ ലിംഗുസാമിക്ക് ആറ് മാസം തടവ്. റണ്‍, സണ്ടഗോഴി തുടങ്ങിയ ചില ഹിറ്റ് തമിഴ് ചിത്രങ്ങളിലൂടെയാണ് ലിംഗുസാമി സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. 2022 ല്‍ സാമ്പത്തിക സ്ഥാപനമായ പി വി പി ക്യാപ്പിറ്റല്‍ ലിമിറ്റഡ് നല്‍കിയ കേസിലാണ് ഇപ്പോള്‍ കോടതി തടവുശിക്ഷ വിധിച്ചിരിക്കുന്നത്.
1.03 കോടി രൂപയുടെ ചെക്ക് കേസില്‍ സംവിധായകന്റെ സഹോദരന്‍ സുബാഷ് ചന്ദ്ര ബോസിനെതിരെയും കേസെടുത്തിരുന്നു. തിരുപതി ബ്രദേഴ്സ് എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമയാണ് സഹോദരങ്ങള്‍. 2014 ല്‍ പി വി പി ക്യാപിറ്റല്‍ ലിമിറ്റഡില്‍ നിന്ന് 1.03 കോടി രൂപ കടമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി വി പിക്ക് നല്‍കിയ ചെക്ക് ബൗണ്‍സായിരുന്നു .

ഇതേ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന്, ചെക്ക് തട്ടിപ്പ് കേസില്‍ തമിഴ് സംവിധായകന്‍ എന്‍ ലിംഗുസാമിയെ സൈദാപേട്ടയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആറ് മാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. 2022 ഓഗസ്റ്റ് 22 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്, എന്നാല്‍ ലിംഗുസാമി കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈദാപേട്ട കോടതി വിധിച്ച 6 മാസത്തെ തടവ് ഏപ്രില്‍ 12ന് മദ്രാസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശരിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ലിംഗുസാമി രംഗത്തെത്തിയിരുന്നു. പിവിപി ക്യാപിറ്റലും ഞങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസായ തിരുപതി ബ്രദേഴ്‌സ് ഫിലിം മീഡിയ പ്രൈവറ്റ് ലിമിറ്റഡും തമ്മിലാണ് തര്‍ക്കമെന്നാണ് അദ്ദേഹം പറയുന്നത്. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. ഈ ഉത്തരവിനെതിരെ ഞങ്ങള്‍ അപ്പീല്‍ ചെയ്യുകയും പ്രശ്നത്തെ നിയമപരമായി നേരിടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലിംഗുസാമിയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിച്ച പല ചിത്രങ്ങളും തീയേറ്ററില്‍ പരാജയമായിരുന്നു. ഇതേ തുടര്‍ന്ന് വലിയ സാമ്പത്തക നഷ്ടം നേരിടേണ്ടി വന്നിരുന്നു. തെലുങ്ക് നടന്‍ രാം പോതിനെനിക്കൊപ്പമുള്ള ദി വാരിയര്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഇത് തീയേറ്ററില്‍ വന്‍ പരാജയമായിരുന്നു.












Click it and Unblock the Notifications