നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ല; പഞ്ചായത്ത് മെമ്പറെ ഭര്‍ത്താവ് വെട്ടിക്കൊന്നു
രാജ്‌നന്ദ്‌ഗോണ്‍: ഭര്‍ത്താവിന്റെ നിര്‍ദ്ദേശം അനുസരിക്കാത്തതിനെ തുടര്‍ന്ന് വനിതാ പഞ്ചായത്ത് മെമ്പറെ വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലത്തിലെ ഒരു ഗ്രാമത്തിലാണ് ദാരുണമായ സംഭവം. രണ്ടുമക്കളെയും വെട്ടി പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു.
ഗ്രാമവാസികളാണ് സ്ത്രീയെയും കുട്ടികളെയും വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. കുട്ടികളുടെ പരിക്ക് മാരകമല്ലെന്നാണ് റിപ്പോര്‍ട്ട്. സാരമായി പരിക്കേറ്റ പഞ്ചായത്ത് മെമ്പര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഭര്‍ത്താവും ഭാര്യയും തമ്മില്‍ വീട്ടില്‍ വഴക്കിട്ടിരുന്നതായി പറയുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണം.

സത്യസന്ധയും ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവരുമായിരുന്നു പഞ്ചായത്ത് മെമ്പറെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഭര്‍ത്താവ് ഇവരോട് അഴിമതി കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതുകൊണ്ടാണ് കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ സ്വന്തം വീട്ടില്‍ നിന്നുതന്നെ അക്രമുണ്ടാകുന്നത് പതിവാകുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തക അനു വെര്‍മ പറഞ്ഞു.
സ്ത്രീകള്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ജോലികളൊക്കെ ചെയ്താല്‍ മതിയെന്നാണ് ഭര്‍ത്താക്കന്മാരുടെ നിര്‍ദ്ദേശം. ഇത് അനുസരിച്ചില്ലെങ്കില്‍ കഠിനമായ പീഡനങ്ങളാണ് സ്ത്രീകള്‍ ഏല്‍ക്കേണ്ടിവരുന്നത്. പഞ്ചായത്ത് മെമ്പര്‍ക്കെതിരായ അക്രമം ഞെട്ടിക്കുന്നതും അപലപനീയവുമാണെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications