അയോധ്യ തര്‍ക്കത്തില്‍ ഷാരൂഖ് ഖാന്റെ മധ്യസ്ഥത, ചീഫ് ജസ്റ്റിസിന്റെ ആഗ്രഹം ഇങ്ങനെ, വെളിപ്പെടുത്തല്‍
ദില്ലി: അയോധ്യ തര്‍ക്കത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ മധ്യസ്ഥ വഹിക്കണമെന്ന് സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്ക്ക് ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. വിഷയത്തില്‍ ഷാരൂഖ് ഖാന്‍ സമ്മതം അറിയിച്ചതാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ പറയുന്നു. ബോബ്‌ഡെയുടെ യാത്രയയപ്പ് ചടങ്ങില്‍ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ഈ ആഗ്രഹം നടന്നില്ലെന്നും, ചില കാരണങ്ങളാലാണ് നടക്കാതെ പോയതെന്നും വികാസ് സിംഗ് പറഞ്ഞു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

ജസ്റ്റിസ് ബോബ്‌ഡെ എന്നോട് അയോധ്യ വിഷയത്തില്‍ ഷാരൂഖ് ഖാനെ മധ്യസ്ഥതയ്ക്കായി കൊണ്ടുവരാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. ഈ വിഷയം ഞാന്‍ ഷാരൂഖുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടതില്‍ സന്തോഷവാനായിരുന്നു. അദ്ദേഹം മധ്യസ്ഥതയ്ക്ക് തയ്യാറുമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ മധ്യസ്ഥത നടന്നില്ലെന്നും വികാസ് സിംഗ് പറഞ്ഞു. കേസില്‍ എഫ്എം ഖലീഫുള്ള, ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ജു എന്നിവരാണ് മധ്യസ്ഥരായി ഒടുവില്‍ നിയമിക്കപ്പെട്ടത്.
മധ്യസ്ഥ പാനല്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും, ഒടുവില്‍ തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേസ് സുപ്രീം കോടതി തന്നെ കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2019ല്‍ സുപ്രീം കോടതി അയോധ്യ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കിയിരുന്നു. മൂസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ ഇതിന് തുല്യമായ സ്ഥലവും നല്‍കാന്‍ കോടതി വിധിച്ചിരുന്നു. അതേസമയം ചടങ്ങില്‍ ബോംബ്‌ഡെയുടെ വാഹനപ്രേമത്തെ കുറിച്ചും വികാസ് സിംഗ് തുറന്ന് പറഞ്ഞു.
സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് കടുത്ത വാഹനപ്രേമി കൂടിയാണെന്ന് സിംഗ് വ്യക്തമാക്കി. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളോടാണ് ബോബ്‌ഡെയ്ക്ക് താല്‍പര്യം. തന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക് വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്തിനാണ് വില്‍ക്കുന്നത്, എനിക്ക് തന്നേക്കൂ എന്നായിരുന്നു ബോബ്‌ഡെയുടെ മറുപടി. നല്ല ഭാരമുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ചെറുപ്പം മുതല്‍ താന്‍ ബൈക്കുകള്‍ ഓടിക്കുന്നുണ്ടെന്നായിരുന്നു മറുപടിയെന്നും വികാസ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications