വിവാഹം വേണ്ടെന്ന് എട്ടാംക്ലാസുകാരി; അധ്യാപകര്‍ രക്ഷിച്ചു
റാഞ്ചി: പെണ്‍കുട്ടികള്‍ വയസറിയിക്കുമ്പോഴേക്കും വിവാഹത്തിനുള്ള ഒരുക്കം തുടങ്ങുന്നവരാണ് ജാര്‍ഖണ്ഡിലെ ചില ഗ്രാമവാസികള്‍. കടുത്ത ദാരിദ്ര്യവും കൂടുതല്‍ മക്കള്‍ ഉള്ളതും കാരണം എത്രയും പെട്ടെന്ന് വിവാഹം നടക്കുന്നുവോ അത്രയും നല്ലത് എന്നു കരുതുന്നവരാണ് അവിടങ്ങളിലെ രക്ഷിതാക്കള്‍. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബാലവിവാഹം നടക്കുന്ന സ്ഥലം കൂടിയാണ് ജാര്‍ഖണ്ഡ്.
കഴിഞ്ഞദിവസം എട്ടാംക്ലാസുകാരിയായ ദുലയെന്ന പെണ്‍കുട്ടി സ്‌കൂളിലെ പ്രിന്‍സിപ്പലിന് വിവാഹം തടയണമെന്ന് അയച്ച കത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഇക്കാര്യം വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. മാതാപിതാക്കള്‍ തന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും വിവാഹം തടയണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി കത്തയച്ചത്.

ഉടന്‍ പ്രിന്‍സിപ്പല്‍ മറ്റ് അധ്യാപകരുമായി കൂടിയാലോചിച്ചശേഷം പെണ്‍കുട്ടിയെ വീട്ടിലെത്തി വിവാഹം നടത്തരുതെന്ന് അറിയിച്ചു. പെണ്‍കുട്ടിയെ പഠിക്കാന്‍ അയക്കണമെന്നും പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിപ്പിക്കുന്നത് കുറ്റകരമാണെന്നും വീട്ടുകാരെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് വിവാഹം ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ സമ്മതിച്ചു.
എല്ലാ കുട്ടികളെയും പോലെ സ്‌കൂളില്‍ പോകാനും തുടര്‍ന്നു പഠിക്കാനുമാണ് തനിക്കിഷ്ടമെന്നും ഇപ്പോള്‍ വിവാഹിതയാകാന്‍ താത്പര്യമില്ലെന്നും പെണ്‍കുട്ടി പറയുന്നു. വിവാഹത്തെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ചിന്തിക്കാന്‍ പോലും പറ്റാത്ത പ്രായത്തില്‍ വിവാഹം കഴിപ്പിക്കുന്നത് തെറ്റാണെന്ന് അധ്യാപകരും പറഞ്ഞു. എന്നാല്‍, വീട്ടിലെ ദാരിദ്ര്യം മൂലമാണ് വിവാഹം നേരത്തെ നടത്തുന്നതെന്നായിരുന്നു വീട്ടുകാരുടെ വാദം. എന്തായാലും പ്രിന്‍സിപ്പലിന് കത്തെഴുതാന്‍ ധൈര്യം കാണിച്ച ദുല ബാലവിവാഹത്തില്‍ നിന്നും തത്കാലം രക്ഷപ്പെട്ടിരിക്കയാണ്.












Click it and Unblock the Notifications