പാൻഗോങ് സോ പിടിച്ചെടുക്കാൻ ചൈനീസ് നീക്കം? ഫിംഗർ 4ന് സമീപത്ത് ടെന്റുകളും വാഹനങ്ങളും, വിന്യാസം ഇങ്ങനെ
ദില്ലി: ഇന്ത്യ- ചൈന അതിർത്തിയിലെ പാൻഗോങ് സോയിൽ വർധിച്ച് വരുന്ന ചൈനീസ് സൈനിക വിന്യാസം ഇന്ത്യയ്ക്ക് ആശങ്ക നൽകുന്നതാണെന്ന വിലയിരുത്തലുമായി കരസേനയിലെ ഉന്നത ഉദ്യോഗസ്ഥർ. ഇന്ത്യ- ചൈന സൈനിക വിന്യാസം വർധിച്ചതോടെ ഇരു സേനകളും പാൻഗോങ് തടാകത്തിന് സമീപത്ത് മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്.
ചൈനയ്ക്ക് കോൺഗ്രസ് 43,000 കിമി പ്രദേശം കൊടുത്തെന്ന് നദ്ദ; ഭൂമിശാസ്ത്രം പഠിപ്പിച്ച് ട്വിറ്റേറിയൻസ്

ഫിംഗർ 4ൽ നിർമാണ പ്രവർത്തനങ്ങൾ
പ്ലാനറ്റ് ലാബിൽ നിന്ന് ലഭിച്ച ഹൈ റെസല്യൂഷൻ ചിത്രങ്ങൾ വ്യക്തമാക്കുന്നത് ചൈനീസ് സൈന്യം പാൻഗോങ് സോ തടാകത്തിന് സമീപത്തെ നിർണായകമായ ഫിംഗർ 4 മേഖല കൈവശപ്പെടുത്തുമെന്നാണ്. മിലിറ്ററി സാറ്റലൈറ്റ് ഇമേജറി വിദഗ്ധനായ റിട്ട . കേണൽ വിനായക് ഭട്ടാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ചൈനീസ് നീക്കം ഇന്ത്യയുടെ സൈന്യത്തിന്റെ നീക്കങ്ങൾ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറയുന്നു.

ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ചൈനീസ് വാഹനങ്ങൾ, ടെന്റുകൾ, ബോട്ടുകൾ എന്നിവയും ലഡാക്കിലെ ഫിംഗർ 4, ഫിംഗർ 8 എന്നിവയുടെ കിഴക്ക് വശത്തുള്ള പ്രദേശങ്ങളിലുള്ളതായും ഇതിനകം പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഫിംഗർ 4ന്റെ സുപ്രധാന ഭാഗങ്ങളിൽ ചൈനീസ് സൈന്യം ചെറിയ ടെന്റുകൾ നിർമിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഫിംഗർ 4ന്റെ താഴെ ഭാഗത്ത് ടെന്റുകളില്ലെങ്കിലും മറുവശത്ത് ചെറിയ ടെന്റുകളെ മറയ്ക്കുന്ന തരത്തിലുള്ള കുഴികളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ടെന്റുകളെ മറയ്ക്കുന്നതിന് വേണ്ടിയാണ് കുഴികൾ നിർമിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ടെന്റുകളും വാഹനങ്ങളും
അതിർത്തിയിൽ ചൈനയുടെ ഭുപ്രദേശത്ത് ഈ ഉയർന്ന സ്ഥലങ്ങളിലേക്ക് നീളുന്ന ട്രാക്കുകളും കാണുന്നുണ്ട്. ഏതെങ്കിലും തരത്തിൽ യുദ്ധസമാന നീക്കങ്ങളുണ്ടായാൽ എതിർഭാഗത്തിന്റെ നീക്കങ്ങൾ എളുപ്പത്തിൽ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചൈനീസ് സൈന്യം ഏറ്റവും ഉയർന്ന മേഖലയായ ഫിംഗർ 4 ലേക്ക് നീങ്ങുന്നതെന്നാണ് സൂചന. കേണൽ ഭട്ട് നൽകുന്ന വിവരം അനുസരിച്ച് ഈ കുഴികളിൽ കല്ലുകൊണ്ടുള്ള ചുവരുകളും നിർമിച്ചിട്ടുണ്ട്. ഫിംഗർ 4ന്റെ മുകൾ വശത്ത് വെള്ളയും പച്ചയും നിറത്തിലുള്ള കൂടാരങ്ങളും നിർമിച്ചിട്ടുണ്ട്. ഇത് ചൈനീസ് സൈന്യം കൈവശപ്പെടുത്തിയേക്കുമെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സൈനിക വിന്യാസം നടത്തിയോ?
ഫിംഗർ 4, ഫിംഗർ 6 എന്നിവയെ ചുറ്റപ്പെട്ടുകിടക്കുന്ന 10 കിലോമീറ്ററോളം പ്രദേശത്ത് ചൈന സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. വടക്കുദിശയിലേക്ക് വാഹനങ്ങൾ നീങ്ങുന്നതും ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ജൂൺ 15ന് മുൻപുള്ള ഗാൽവൻ വാലിയിലെ നിർമാണ പ്രവർത്തനങ്ങളെക്കാൾ കൂടുതലാണ് ഫിംഗർ 4 മുതൽ ഫിംഗർ 8 വരെയുള്ള പ്രദേശങ്ങളിലെ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങൾ. മറ്റ് പ്രദേശങ്ങളിലേക്കാൾ കുടുതൽ സാധനങ്ങൾ ഇവിടെ സംഭരിച്ചിട്ടുണ്ടായേക്കാമെന്നാണ് ഇവിടെയുള്ള ടെന്റുകളുടെ വലിപ്പം സൂചിപ്പിക്കുന്നത്. ഫിംഗർ 4, ഫിംഗർ 5 എന്നിവിടങ്ങളിൽ കൂടുതൽ നീക്കങ്ങളും പ്രകടമാകുന്നുണ്ട്.

ചൈനീസ് ടെന്റുകൾ
ഷെല്ലിംഗിനിടെ ക്യാമ്പുകൾക്ക് പ്രതിരോധം തീർക്കുന്നതിനായാണ് ക്യാമ്പുകൾക്ക് ചുറ്റുമായും പ്രതിരോധങ്ങൾ തീർത്തിട്ടുള്ളതെന്നാണ് കേണൽ ഭട്ടിന്റെ നിരീക്ഷണം. പിങ്ക് നിറത്തിലുള്ള ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മൂടിയ നിലയിലാണ് ചൈനീസ് ടെന്റുകളുള്ളത്. ഇവയ്ക്ക് അപ്പുറത്തുള്ള ചൈന നിർമിച്ചുയർത്തിയ വസ്തുക്കളും മറച്ച നിലയിലാണുള്ളത്. ചൈനീസ് ട്രാക്കുകളിലൂടയുള്ള വാഹന സഞ്ചാരങ്ങളും ദൃശ്യമാകുന്നുണ്ട്. ഫിംഗർ 4നോടും ഫിംഗർ 5 നോടും ചേർന്നുള്ള പ്രദേശമാണിത്.