ഹിന്ദുക്കളെ പങ്കെടുപ്പിക്കില്ല; ക്രിസ്മസ് ആഘോഷം അലങ്കോലമാക്കി ബജ്‌റംഗ്ദള്‍
ഗുവാഹത്തി: ക്രിസ്മസ് ആഘോഷം അലങ്കോലമാക്കി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. അസമിലെ സില്‍ചാറിലും ഹരിയാനയിലെ ഗുരുഗ്രാമിലുമാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെത്തി ആഘോഷം തടഞ്ഞത്. ക്രിസ്ത്യാനികളുമായി ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ ഹിന്ദുക്കളെ ക്രൈസ്തവ ആഘോഷത്തില്‍ പങ്കെടുപ്പിക്കില്ലെന്നുമായിരുന്നു അവരുടെ വാദം. ഡിസംബര്‍ 25 തുല്‍സ ദിവസമാണെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് അസമിലെ പോലീസ് ഓഫീസര്‍ എന്‍ഡിടിവിയോട് പറഞ്ഞു. പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും ചെറിയ സംഭവമാണെന്നും കേസെടുക്കേണ്ട ആവശ്യമില്ലെന്നും പോലീസ് പറഞ്ഞു.
ഞങ്ങള്‍ ക്രൈസ്തവര്‍ക്ക് എതിരല്ല. ക്രിസ്മസ് ആഘോഷത്തിനും എതിരല്ല. ക്രിസ്മസ് ക്രിസ്ത്യാനികള്‍ ആഘോഷിച്ചാല്‍ മതി. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുന്ന ഹിന്ദുക്കള്‍ക്ക് എതിരാണ് ഞങ്ങള്‍. ഹിന്ദുക്കള്‍ക്ക് ഇന്ന തുല്‍സ ദിവസമാണ്. അതാരും ആഘോഷിക്കുന്നില്ല. ഇങ്ങനെ പോയാല്‍ എങ്ങനെ ഞങ്ങളുടെ മതം നിലനില്‍ക്കും- കാവി ഷാളണിഞ്ഞെത്തിയ അക്രമികളിലൊരാള്‍ പറഞ്ഞു. അക്രമത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
(ഫയല്‍ ചിത്രം)
ക്രിസ്മസ് ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് നൂറോളം പേരാണ് എത്തിയത്. ആഘോഷം നിര്‍ത്തിവയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. കുറച്ചുപേര്‍ ഗേറ്റിന് പുറത്ത് തടിച്ചുകൂടി. പോലീസുകാരും സ്ഥലത്തുണ്ടായിരുന്നു. ചിലര്‍ മാസ്‌ക് ധരിക്കാതെയാണ് എത്തിയത്. സില്‍ചാറില്‍ ക്രിസ്മസ് ആഘോഷം കഴിഞ്ഞ വര്‍ഷവും അലങ്കോലമാക്കിയിരുന്നു. ജയ് ശ്രീറാം വിളിച്ചെത്തിയ ബജ്‌റംഗ്ദള്‍ നേതാക്കളാണ് കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ആഘോഷം തടഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുക്കള്‍ ക്രിസ്മസ് ആഘോഷിച്ചാല്‍ മര്‍ദ്ദനമേല്‍ക്കുമെന്നായിരുന്നു അവരുടെ ഭീഷണി.
സൗദിയില്‍ ശക്തമായ ആക്രമണം; 2 പേര് കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്, കാറുകളും വീടും തകര്‍ന്നു
ഹരിയാനയിലെ ഗുരുഗ്രാമിലും സമാനമായ സംഭവം ഇന്നലെ അരങ്ങേറി. സ്വകാര്യ സ്‌കൂളിലായിരുന്നു ഇവിടെ ക്രിസ്മസ് ആഘോഷം. ജയ് ശ്രീറാം വിളിച്ചാണ് അക്രമികള്‍ എത്തിയത്. ഗുരുഗ്രാമിലെ പട്ടൗഡി നഗരത്തിലെ സ്‌കൂളിലായിരുന്നു സംഭവം. ക്രിസ്തുവിനെ സ്തുതിച്ച് പാട്ടുപാടിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കുട്ടികളെ മതംമാറ്റാനുള്ള ശ്രമമാണിതെന്ന് ആരോപണം ഉയര്‍ന്നു. ഞങ്ങള്‍ ക്രുസ്തുവിന് എതിരല്ല. പക്ഷേ, ക്രിസ്തുമതം ഇവിടെ നടക്കില്ല. മതംമാറ്റ ശ്രമങ്ങളില്‍ ആരും വീഴരുത്. ഇന്ത്യന്‍ സംസ്‌കാരം ഇല്ലാതാകുമെന്നും അക്രമികള്‍ക്കൊപ്പമുണ്ടായിരുന്ന നരേന്ദ്ര സിങ് പഹരി പറഞ്ഞു. പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പട്ടൗഡി അറിയിച്ചു. ഗുരുഗ്രാമില്‍ നേരത്തെ മുസ്ലിങ്ങളുടെ നിസ്‌കാരം തടഞ്ഞതും വലിയ വാര്‍ത്തയായിരുന്നു.
കര്‍ണാടകയിലും ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം തുടര്‍ക്കഥയാകുന്നുണ്ട്. ചര്‍ച്ചുകളും വിശുദ്ധ ഗ്രന്ഥങ്ങളും നശിപ്പിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന നിയമം കര്‍ണാടകയില്‍ പാസാക്കി. കഴിഞ്ഞ 11 മാസത്തിനിടെ 40ഓളം ആക്രമണങ്ങള്‍ നടന്നുവെന്നാണ് ക്രൈസ്തവ സംഘടനകള്‍ ആരോപിക്കുന്നത്. ബെലഗാവി, കോലാര്‍ എന്നിവിടങ്ങളിലാണ് അവസാനം അക്രമമുണ്ടായത്.