ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട സംഘർഷം; നാഗ്‌പൂരിലെ വിവിധ ഇടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി
നാഗ്‌പൂർ: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നാഗ്‌പൂരിൽ സംഘർഷം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ വിവിധ ഇടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി ഉത്തരവിറക്കി. പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയുടെ ശവകുടീരം ഇപ്പോൾ ഛത്രപതി സംഭാജിനഗർ ജില്ല എന്നറിയപ്പെടുന്ന ഔറംഗാബാദിലാണ് നിലകൊള്ളുന്നത്. ഇത് ഇവിടെ നിന്ന് മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
നാഗ്‌പൂർ പോലീസ് കമ്മീഷണർ രവീന്ദർ കുമാർ സിംഗാളാണ് ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത സെക്ഷൻ 163 പ്രകാരം നോട്ടീസ് അയച്ചിരിക്കുന്നത്. കോട്വാലി, ഗണേശപേഠ്, തെഹ്‌സിൽ, ലകദ്ഗഞ്ച്, പച്ച്പയോളി, ശാന്തിനഗർ, സക്കർദാര, നന്ദൻവൻ, ഇമാംവാദ, യശോധരനഗർ, കപിൽനഗർ എന്നീ പോലീസ് സ്‌റ്റേഷൻ പരിധികളിൽ കർഫ്യൂ ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും പ്രവർത്തകരാണ് ഇന്നലെ നാഗ്‌പൂരിലെ മഹൽ പ്രദേശത്തെ ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് സമീപം പ്രതിഷേധവുമായി ഒത്തുകൂടിയയതെന്ന് പോലീസ് കമ്മീഷണറുടെ നോട്ടീസിൽ പറയുന്നുണ്ട്.
ഇവിടെ വച്ച് പ്രവർത്തകർ ഔറഗസേബിന്റെ ചിത്രവും പച്ചത്തുണിയും കത്തിച്ചായതായാണ് പോലീസ് നോട്ടീസിൽ പറയുന്നത്. നിരവധി വിശുദ്ധ വാക്യങ്ങൾ എഴുതിയിട്ടുണ്ടെന്ന് പറയപ്പെടുന്ന തുണി കത്തിച്ചതിന്റെ പേരിൽ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്നലെ വൈകുന്നേരം ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള ഏകദേശം 80 മുതൽ 100 വരെ ആളുകൾ അക്രമം അഴിച്ചുവിട്ടതായും റിപ്പോർട്ട് പറയുന്നു.
പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തിട്ടുണ്ട്. ലാത്തിചാർജും കണ്ണീർവാതകവും ഉൾപ്പെടെ പോലീസ് തിരിച്ചടിക്കുകയും ചെയ്‌തു. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണ്. എന്നാൽ സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒരു ഡസനിലധികം പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
അക്രമവുമായി ബന്ധപ്പെട്ട് ആകെ 50 പേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കാൻ പോലീസുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജനങ്ങളോട് ആവശ്യപ്പെട്ടു. വ്യാജ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും നിയമം കൈയിലെടുക്കരുതെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.
അതേസമയം, സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം ശക്തമാവുകയാണ്.ശിവസേന യുബിടി നിയമസഭാംഗം ആദിത്യ താക്കറെ കടുത്ത ഭാഷയിലാണ് ഇതിനെ വിമർശിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നാണ് ആദിത്യ താക്കറെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ നാട്ടിൽ തന്നെ ഇത് നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻസിപി എംപി സുപ്രിയ സുലെയാവട്ടെ സംഭവത്തെ ദൗർഭാഗ്യകരം എന്നാണ് വിശേഷിപ്പിച്ചത്.












Click it and Unblock the Notifications