ഫഹദ് ഫാസിലിനെ വിളിച്ച് കോക്രോച്ച് ജനത പാർട്ടി; ഞെട്ടിക്കുന്ന നീക്കങ്ങൾ, ഡൽഹിയിൽ വൻ പ്രതിഷേധത്തിന് നീക്കം
ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറിട്ട പേരു കൊണ്ടും വ്യത്യസ്തമായ നീക്കങ്ങൾ കൊണ്ടും ചർച്ചയായ കോക്രോച്ച് ജനത പാർട്ടി (സിജെപി) ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് വക്താവ് വിജേത ദഹിയ വ്യക്തമാക്കി. നിലവിൽ ഈ കൂട്ടായ്മ ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും, സമൂഹമാധ്യമങ്ങളിലൂടെ രൂപപ്പെട്ട ശക്തമായ ഒരു ജനകീയ കൂട്ടായ്മ മാത്രമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, സാമൂഹിക പ്രതിബദ്ധതയുള്ളതും ജനങ്ങളെ ബാധിക്കുന്നതുമായ പ്രസക്തമായ വിഷയങ്ങളിൽ സംഘടന ശക്തമായി ഇടപെടുകയും പ്രതിഷേധങ്ങൾ ഏറ്റെടുക്കുകയും ചെയ്യും.
കേരളത്തിലും ഈ കൂട്ടായ്മയ്ക്ക് വലിയ രീതിയിലുള്ള സ്വാധീനമുണ്ടെന്നാണ് വക്താവിന്റെ വിലയിരുത്തൽ. മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലിന്റെ വലിയൊരു ആരാധകനാണ് താനെന്നും, അദ്ദേഹത്തെ ഈ പുതിയ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും രാഷ്ട്രീയ ഗവേഷകനും എഴുത്തുകാരനും ചലച്ചിത്രകാരനുമായ വിജേത ദഹിയ പറഞ്ഞു. നിലവിൽ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ ഔദ്യോഗികമായി ആരും നേരിട്ട് സമീപിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ ഒപ്പം ചേരുമെന്നാണ് പ്രതീക്ഷ. പ്രമുഖ നടൻ പ്രകാശ് രാജ് സംഘടനയുടെ വരാനിരിക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ നിലപാടിന് സിജെപി ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി.

കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധം
രാജ്യത്തെ വിദ്യാർത്ഥികളെ ആശങ്കയിലാക്കിയ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും സിബിഎസ്ഇ സംവിധാനത്തിലുണ്ടായ ഗുരുതരമായ വീഴ്ചകളും മുൻനിർത്തി വലിയ രീതിയിലുള്ള സമരപരിപാടികൾക്കാണ് കോക്രോച്ച് ജനത പാർട്ടി രൂപം നൽകുന്നത്. വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്ഥാനം രാജിവെക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. ഡില്ലിയിലെ ജന്തർ മന്തറിൽ വെച്ചാണ് ശക്തമായ പ്രതിഷേധം ആസൂത്രണം ചെയ്യുന്നത്. വരാനിരിക്കുന്ന ശനിയാഴ്ച നടത്തുന്ന ഈ സമരത്തിന് ഔദ്യോഗികമായി അനുമതി ലഭിച്ചില്ലെങ്കിൽ, അനുമതി ലഭിക്കുന്നതുവരെ സമാധാനപരമായി പ്രതിഷേധിക്കാനാണ് അണികളുടെ തീരുമാനം.
സ്ഥാപകൻ അഭിജിത് ദീപ്കെ ഇന്ത്യയിലേക്ക്
പ്രസ്ഥാനത്തിന്റെ സ്ഥാപകനായ അഭിജിത് ദീപ്കെ ജൂൺ ആറിന് ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അദ്ദേഹം ഇന്ത്യയിലെത്തിയ ശേഷമായിരിക്കും ജന്തർ മന്തറിലെ പ്രതിഷേധത്തിനുള്ള അനുമതി തേടുക. വിമാനത്താവളത്തിൽ ഇറങ്ങുന്ന അദ്ദേഹത്തെ സ്വീകരിക്കാൻ വലിയ തോതിൽ പിന്തുണയ്ക്കുന്നവർ എത്തുമെന്നാണ് സൂചന. അവിടെ നിന്നും പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരുമിച്ച് നീങ്ങാനാണ് അണികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. അതീവ സുരക്ഷാ മേഖലയായ ദില്ലി വിമാനത്താവളത്തിലേക്ക് ഇത്രയും വലിയ ജനക്കൂട്ടം ഒത്തുകൂടുന്നത് ദില്ലി പോലീസിന് വലിയൊരു ക്രമസമാധാന വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
അതേസമയം, പരസ്യപ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുന്ന കോക്രോച്ച് ജനത പാർട്ടിയുടെ ഓരോ നീക്കങ്ങളും കേന്ദ്രസർക്കാരും രഹസ്യാന്വേഷണ വിഭാഗങ്ങളും അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. സംഘടനയുടെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾക്ക് മേൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ, സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ അമേരിക്കയിൽ നിന്നും നാടുകടത്തി ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ബിജെപി പ്രവർത്തകൻ കോടതിയെ സമീപിച്ചതും സംഭവത്തിന് പുതിയ രാഷ്ട്രീയമാനം നൽകുന്നു.












Click it and Unblock the Notifications