തിരഞ്ഞെടുപ്പ് കഴിഞ്ഞു: പിന്നാലെ ഗ്യാസ് വില വർധിച്ചു, നിരക്ക് വർധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
ഡല്‍ഹി: എല്‍ പി ജി ഉപയോക്താക്കള്‍ക്ക് ഇരുട്ട് അടിയായി സിലിണ്ടർ വില വർധിച്ചു. വാണിജ്യ എല്‍ പി ജി സിലിണ്ടറുകളുടെ വിലയാണ് വർധിച്ചത്. എണ്ണ വിപണന കമ്പനികൾ (OMCs) രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെ വില സിലിണ്ടറിന് 21 രൂപയാണ് വർദ്ധിപ്പിച്ചത്. വർധന ഇന്ന് മുതൽ അതായത് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തില്‍ വന്നു.
ഗാർഹിക പാചക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 14.2 കിലോയുടെ എല്‍ പി ജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഗാർഹിക എല്‍ പി ജിയുടെ വില സിലിണ്ടറിന് 903 എന്ന നിരക്കിൽ തുടരും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറുടെ വില വർധിപ്പിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധേയം.

ഇന്നത്തെ നിരക്ക് വർദ്ധനവിന്റെ പശ്ചാത്തലത്തില്‍ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1796.50 രൂപയും, കൊൽക്കത്തയിൽ 1908 രൂപയും, മുംബൈയിൽ 1749 രൂപയും, ചെന്നൈയിൽ 1968.50 രൂപ എന്നിങ്ങനെയാണ് വില. നേരത്തെ ഡൽഹിയിൽ 19 കിലോഗ്രാം എൽ പി ജി സിലിണ്ടറിന്റെ വില 1775.50, കൊൽക്കത്തയിൽ 1885.50, മുംബൈയിൽ 1728, ചെന്നൈയിൽ 1942 രൂപ എന്നിങ്ങനെയായിരുന്നു.
അതേസമയം, ജെറ്റ് ഇന്ധനം അല്ലെങ്കിൽ എടിഎഫ് വില 4.6 ശതമാനം കുറച്ചു. ഒരു മാസത്തിനിടയിലെ രണ്ടാമത്തെ ഇടിവാണ് ഇത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച്, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എ ടി എഫ്) വില കിലോലിറ്ററിന് 1,11,344.92 രൂപയിൽ നിന്ന് 1,06,155.67 രൂപയായി കുറഞ്ഞു.
നേരത്തെ ഒക്ടോബർ ഒന്നിന് എല്‍ പി ജി വില സിലിണ്ടറിന് 209 രൂപ വർധിപ്പിച്ചിരുന്നു. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചതിന് ശേഷമാണ് തുടർച്ചയായുള്ള വർധനവ്. നേരത്തെ ആഗസ്ത് 29ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 200 രൂപ കുറയ്‌ക്കാൻ തീരുമാനിച്ചിരുന്നു. നേരത്തെ ലഭിച്ചിരുന്ന സബ്സിഡികള്‍ നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഉയർന്ന് വരുന്നത്.












Click it and Unblock the Notifications