സ്വാതി മലിവാൾ എംപിയുടെ പരാതി;അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ
ദില്ലി: എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് ഉച്ചയോടെയായിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി സിവിൽ ലൈൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മൊഴി രേഖപ്പെടുത്തിയതിന് ശേഷം വൈകീട്ടോടെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം.
സ്വാതിയുടെ പരാതിക്ക് പിന്നാലെ ബൈഭവ് ഒളിവിലായിരുന്നു. തുടർന്ന് ഇയാൾക്കായി പോലീസ് വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തി. അതിനിടയിലാണ് ഇപ്പോൾ കെജ്രിവാളിന്റെ വസതിയിൽ വെച്ച് ബൈഭവ് അറസ്റ്റിലാകുന്നത്. ഓഫീസ് മുറിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൻ പോലീസ് സംഘം എത്തിയായിരുന്നു ഇയാളെ പിടികൂടിയത്. അതേസമയം അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് യാതൊരു വിവരങ്ങളും പോലീസ് കൈമാറിയിരുന്നില്ലെന്ന് ആം ആദ്മി ലീഗൽ ടീം അറിയിച്ചു.

'എഫ്ഐആറിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉത്തരവ് വരാനിരിക്കെയാണ് ഇപ്പോൾ ബൈഭവിനെ കസ്റ്റഡിയിൽ എടുത്തത്. യാതൊരു അറിയിപ്പും കൂടാതെയാണ് ഇപ്പോഴത്തെ അറസ്റ്റ്. കൂടുതൽ വിവരങ്ങളറിയാൻ പോലീസ് സ്റ്റേഷനിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും തങ്ങളെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല', ആം ആദ്മി അഭിഭാഷകൻ പറഞ്ഞു.
മെയ് 13 ന് അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വച്ച് ബൈഭവ് കുമാറിൽ നിന്ന് ക്രൂരമർദ്ദനം നേരിട്ടുവെന്നാണ് സ്വാതി മലിവാളിന്റെ പരാതി. വെള്ളിയാഴ്ച മണിക്കൂറുകളോളം പോലീസ് സ്വാതിയുമായി എത്തി കെജ്രിവാളിന്റെ വസതിയിൽ വെച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഹസാരി കോടതിയിൽ മജിസ്‌ട്രേറ്റിന് മുന്നിൽ സ്വാതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
അതീവ ഗുരുതരമായ പരാമർശങ്ങളാണ് ബൈഭവിനെതിരായ എഫ്ഐആറിലുള്ളത്. മർദ്ദനത്തിൽ സ്വാതിയുടെ വയറിലും നെഞ്ചിലും കാലുകൾക്കും പരിക്കേറ്റെന്നാണ് എഫ്ഐആർ. 'ഞാൻ യഥാർത്ഥത്തിൽ ഞെട്ടിപ്പോയി. സഹായത്തിനായി വീണ്ടും വീണ്ടും നിലവിളിച്ചു. രക്ഷപ്പെടാൻ ഞാൻ അയാളെ എൻ്റെ കാലുകൾ കൊണ്ട് തള്ളിമാറ്റി. ആ സമയം അയാൾ എന്റെ ദേഹത്ത് ആഞ്ഞടിച്ചു. ക്രൂരമായി വലിച്ചിഴച്ച് മനഃപൂർവ്വം എൻ്റെ ഷർട്ട് മുകളിലേക്ക് വലിച്ചു',എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഐപിസി 354, 506, 509, 323 വകുപ്പുകളാണ് ബൈഭവിനെതിരെ ചുമത്തിയത്.
അതേസമയം സ്വാതിയുടെ പരാതിക്ക് പിന്നിൽ ബിജെപിയാണെന്നാണ് ആം ആദ്മിയുടെ ആരോപണം. സ്വാതിയെ വീട്ടിലെത്തിച്ചത് ബിജെപിയാണെന്നും ആം ആദ്മി നേതൃത്വം ആരോപിച്ചു. എന്നാൽ കുറ്റവാളിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും ആം ആദ്മിയും നടത്തുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം. അതിനിടെ മലിവാളിനെതിരെ ബൈഭവ് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിൽ അനിധികൃതമായി കടന്ന് കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.












Click it and Unblock the Notifications