മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നിയന്ത്രണം ഏറ്റെടുത്ത് സൈന്യം, നിരോധനാജ്ഞ
ഗുവാഹത്തി: സമാധാനാന്തരീക്ഷം നിലനിന്ന മണിപ്പൂരില്‍ ഇന്ന് ഉച്ചയോടെ പുതിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഇംഫാലിലെ ന്യൂ ചെക്കോണ്‍ പ്രദേശത്തെ മെയ്ദി, കുക്കി സമുദായങ്ങളിലെ ഒരു വിഭാഗം ഏറ്റുമുട്ടുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആയുധധാരികളായ മൂന്ന് കുക്കി ആദിവാസികള്‍ ന്യൂ ചെക്കോണ്‍ പരിസരത്ത് കടയടക്കാന്‍ കടയുടമകളെ ഭീഷണിപ്പെടുത്തിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
പിന്നാലെ തന്നെ അവിടെ എത്തിയ അസം റൈഫിള്‍സ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്ത് സംസ്ഥാന പൊലീസിന് കൈമാറി. കസ്റ്റഡിയിലെടുത്ത് രണ്ട് പേരുടെ കൈവശം തോക്കുകളുണ്ടായിരുന്നു. അതേസമയം, സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സ്ഥലത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തോളം മണിപ്പൂരിന്റെ വിവിധ മേഖലകളില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരുന്നു.

ഇന്നത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു. പ്രദേശത്ത് സൈന്യത്തെയും അര്‍ദ്ധ സൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം മൂന്നിനാണ് കുക്കി- മേയ്ദി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.
ആക്രമണത്തിലും തീ വയ്പ്പിലും 70ല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് പേര്‍ക്ക് വീട് നഷ്ടമായിരുന്നു. മേയ്ദി വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കുന്നതിനെതിരെ കുകി സമുദായങ്ങള്‍ നടത്തിയ മാര്‍ച്ച് അക്രമത്തില്‍ കലാശിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. കൂടാതെ റിസര്‍വ് വനഭൂമിയില്‍ കുകി ഗ്രാമവാസികളെ ഒഴിപ്പിക്കാനുള്ള നീക്കവും സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 64 ശതമാനവും മേയ്ദി സമുദായങ്ങളാണ്. ഇവരെ എസ് ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് മലയോരങ്ങളില്‍ ഭൂമി വാങ്ങാന്‍ അവരെ പ്രാപ്തരാക്കും. ഇതാണ് ആദിവാസി സമൂഹത്തെ അസ്വസ്ഥരാക്കിയത്. മുഖ്യമന്തി ബീരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തങ്ങളെ ആസൂത്രിതമായി ലക്ഷ്യം വയ്ക്കുകയാണെന്നാണ് അവര്‍ ആരോപിക്കുന്നത്.
മെയ്ദികള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വംശമാണ്. അതുപോലെ കുക്കികള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണ്. മണിപ്പൂരില്‍ മൂന്ന് പ്രധാന വംശീയ വിഭാഗങ്ങള്‍ ആണ് ഉള്ളത്. മെയ്ദി, നാഗ, കുക്കി എന്നിവരാണ് അവര്‍. മെയ്ദികള്‍ താഴ്വരയില്‍ ആണ് താമസിച്ച് വരുന്നത്. നാഗാ, കുക്കി ഗോത്രങ്ങള്‍ താഴ്വരയ്ക്ക് ചുറ്റുമുള്ള മലയോര മേഖലകളിലും താമസിച്ച് വരുന്നു. നാഗാ, കുക്കി വിഭാഗക്കാരുടെ ആകെയുള്ള എണ്ണത്തേക്കാള്‍ കൂടുതലാണ് മെയ്ദിക്കാരുടെ ജനസംഖ്യ.












Click it and Unblock the Notifications