രാഹുല്‍ ഗാന്ധിയുടെ വിമാനം യുപിയില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല; പിന്നില്‍ യോഗിയെന്ന് കോണ്‍ഗ്രസ്
കണ്ണൂരില്‍ നിന്ന് യുപിയിലേക്ക് പോകാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ തീരുമാനം

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് അനുമതി നിഷേധിച്ചു. ഇതിന് പിന്നില്‍ യോഗി ആദിത്യനാഥും ബിജെപിയുമാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കേരളത്തില്‍ നിന്ന് യുപിയിലേക്ക് പോകാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ തീരുമാനം. എന്നാല്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്ര ഡല്‍ഹിയിലേക്ക് മാറ്റി.
വാരണാസിയിലെ ലാല്‍ബഹാദൂര്‍ ശാസ്ത്ര വിമാനത്താവളത്തില്‍ ഇറങ്ങാനാണ് രാഹുല്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ച അധികൃതര്‍ പറയുന്നത് മറ്റൊന്നാണ്. വിശദാംശങ്ങള്‍ അറിയാം...

തീരുമാനം മാറ്റി
വാരണാസിയിലെ വിമാനത്താവളത്തില്‍ ഇറങ്ങി പ്രയാഗ് രാജിലേക്ക് പോകാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ പദ്ധതി. ഇവിടെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി വിവിധ പരിപാടികളില്‍ രാഹുല്‍ ഗാന്ധിക്ക് പങ്കെടുക്കണമായിരുന്നു. ശേഷം ഡല്‍ഹിയിലേക്ക് തിരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് എല്ലാ പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നു.

പിന്നില്‍ യോഗി ആദിത്യനാഥ്
ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് റായ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. തിങ്കളാഴ്ച രാത്രി 10.45ന് വാരണാസിയിലെ വിമാനത്താവളത്തില്‍ ഇറങ്ങാനായിരുന്നു രാഹുലിന്റെ തീരുമാനം. വിമാനത്താവള അധികൃതര്‍ അനുമതി നല്‍കിയില്ല. യോഗിയുടെ സമ്മര്‍ദ്ദം കാരണമാണിത്. രാഹുല്‍ ഗാന്ധിയെ അവര്‍ ഭയപ്പെടുന്നുവെന്നം അജയ് റായ് പറഞ്ഞു.

അധികൃതര്‍ പറയുന്നത്
രാഷ്ട്രപതി മുര്‍മുവിന്റെ സന്ദര്‍ശനം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് അനുമതി നിഷേധിച്ചത് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതേസമയം, ആരോപണം വിമാനത്താവള അധികൃതര്‍ നിഷേധിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നു തന്നെ യാത്ര റദ്ദാക്കുന്ന തീരുമാനം വരികയായിരുന്നു എന്നാണ് അവരുടെ വിശദീകരണം.

മോദിക്ക് ഭയം
കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് തീരുമാനിച്ചത്. വാരണാസി യാത്ര അദ്ദേഹം തന്നെയാണ് മാറ്റിയതെന്നും അധികൃതര്‍ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയില്‍ പുതിയ രാഹുല്‍ ഗാന്ധിയെ ആണ് കാണാന്‍ കഴിഞ്ഞതെന്നും ബിജെപിക്കും നരേന്ദ്ര മോദിക്കും ഇതില്‍ ആശങ്കയുണ്ടെന്നും അജയ് റായ് പറയുന്നു.

പ്രതികരണം ലഭ്യമല്ല
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കേരളത്തിലായിരുന്നു. തന്റെ മണ്ഡലമായ വയനാട്ടില്‍ അദ്ദേഹം സന്ദര്‍ശിച്ചു. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം അദ്ദേഹം യുപിയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചിരുന്നു. കണ്ണൂരില്‍ നിന്നാണ് യാത്ര ആസൂത്രണം ചെയ്തത്. എന്നാല്‍ വാരണാസി യാത്ര ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് തിരിക്കാന്‍ പിന്നീട് തീരുമാനിച്ചു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.












Click it and Unblock the Notifications