ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ യൂണിഫോം പാറ്റേണ്‍, ഹിജാബില്ല; പ്രതിഷേധവുമായി പ്രതിപക്ഷം
കവരത്തി: ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ യൂണിഫോം പരിഷ്‌കരിച്ച് ദ്വീപ് ഭരണകൂടം. ബെല്‍റ്റ്, ടൈ, ഷൂസ്, സോക്സ് തുടങ്ങിയവയായിരിക്കും വിദ്യാര്‍ത്ഥികളുടെ യൂണിഫോം. പ്രീ -സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെയും ആറു മുതല്‍ 12-ാംക്ലാസു വരെയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ധരിക്കേണ്ട യൂണിഫോമിന്റെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് വെള്ള കുര്‍ത്തയും നീല പൈജാമയും നീല ഹിജാബുമായിരുന്നു നേരത്തെയുണ്ടായിരുന്ന യൂണിഫോം. എന്നാല്‍ ഇതില്‍ നിന്ന് ഹിജാബ് ഒഴിവാക്കി. ആണ്‍കുട്ടികള്‍ക്ക് വെള്ള ഷര്‍ട്ടും നീല പാന്റുമായിരുന്നു ആദ്യമുണ്ടായിരുന്ന യൂണിഫോം. പുതിയ ഉത്തരവില്‍ നീലയ്ക്ക് പകരം ആകാശനീലയും വെള്ളയ്ക്ക് പകരം ചെക്ക് ഡിസൈനുമാണ് ആക്കിയിരിക്കുന്നത്. മുസ്ലീം ഭൂരിപക്ഷ കേന്ദ്രഭരണ പ്രദേശമായതിനാല്‍ തന്നെ ഹിജാബ് അനുവദിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

പുതിയ നിര്‍ദേശപ്രകാരം അഞ്ചാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ ഹാഫ് പാന്റും (ചെക്ക് ഡിസൈന്‍) ആകാശനീല ഹാഫ് സ്ലീവ് ഷര്‍ട്ടും ധരിക്കണം. പെണ്‍കുട്ടികള്‍ക്ക് പാവാടയും (ചെക്ക് ഡിസൈന്‍ ഫാബ്രിക്) ആകാശനീല ഹാഫ് സ്ലീവ് ഷര്‍ട്ടുമാണ് വേഷം. 6 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ നേവി ബ്ലൂ കളര്‍ ഫുള്‍ പാന്റും സ്‌കൈ ബ്ലൂ ഹാഫ് സ്ലീവ് ഷര്‍ട്ടും ധരിക്കണം. പെണ്‍കുട്ടികള്‍ നേവി ബ്ലൂ ഡിവൈഡര്‍ സ്‌കര്‍ട്ടും സ്‌കൈ ബ്ലൂ ഹാഫ് സ്ലീവ് ഷര്‍ട്ടും ധരിക്കണം.
സ്‌കൂള്‍ കുട്ടികള്‍ യൂണിഫോം ധരിക്കുന്നത് ഏകതാനത ഉറപ്പാക്കുമെന്നും വിദ്യാര്‍ത്ഥികളില്‍ അച്ചടക്ക മനോഭാവം വളര്‍ത്തിയെടുക്കുമെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ നിശ്ചിത യൂണിഫോം ധരിച്ച് മാത്രമേ സ്‌കൂളില്‍ ഹാജരാകുന്നുള്ളൂവെന്ന് പ്രിന്‍സിപ്പല്‍മാരും പ്രധാനാധ്യാപകരും ഉറപ്പ് വരുത്തണം.
ലക്ഷദ്വീപ് ഭരണകൂടം അംഗീകരിച്ച യൂണിഫോം പാറ്റേണ്‍ അവരുടെ അധികാരപരിധിയിലുള്ള സ്‌കൂളുകളില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കര്‍ശനമായി പാലിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ പാറ്റേണ്‍ അവതരിപ്പിക്കാനുള്ള തീരുമാനത്തിന് വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങി എല്ലാവരില്‍ നിന്നും പിന്തുണ ലഭിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെട്ടു.
അതേസമയം തീരുമാനത്തിനെതിരെ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും എന്‍ സി പിയും രംഗത്തെത്തി. പുതിയ യൂണിഫോം പാറ്റേണ്‍ ഏര്‍പ്പെടുത്താനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. ഇതിനെതിരെ വിദ്യാര്‍ത്ഥികളുടെ ക്ലാസ് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ നടത്തുമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.
മുസ്ലീം ആധിപത്യമുള്ള ദ്വീപസമൂഹത്തിലെ നിവാസികളുടെ അന്തര്‍ലീനമായ സംസ്‌കാരത്തെയും ജീവിതശൈലിയെയും നശിപ്പിക്കുന്നതിന് തുല്യമാണ് പുതിയ ഡ്രസ് കോഡ് നിര്‍ദ്ദേശം എന്ന് ലക്ഷദ്വീപ് കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ ഹംദുള്ള സയീദ് ആരോപിച്ചു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും ദ്വീപ് സംസ്‌കാരത്തിനും ധാര്‍മ്മികതയ്ക്കും എതിരായ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സയീദ് പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ അനാവശ്യ സംഘര്‍ഷങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം അടിച്ചമര്‍ത്തലുകള്‍ എന്നും അദ്ദേഹം പറഞ്ഞു. കരട് മദ്യനയത്തിനും പുതിയ യൂണിഫോം പാറ്റേണിനുമെതിരായ പ്രതിഷേധം ശക്തമാകുമെന്ന് ലക്ഷദ്വീപ് എം പിയും എന്‍ സി പി നേതാവുമായ മുഹമ്മദ് ഫൈസലും സൂചിപ്പിച്ചു.
ഇത്തരം നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ദ്വീപുവാസികളെ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രതിസന്ധിയിലേക്ക് ഭരണകൂടം തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാലങ്ങളായി ദ്വീപ് നിവാസികള്‍ പിന്തുടരുന്ന ആചാരങ്ങള്‍, മതവിശ്വാസങ്ങള്‍, ഭക്ഷണ ശീലങ്ങള്‍, വസ്ത്രധാരണ രീതികള്‍ എന്നിവ വേരോടെ പിഴുതെറിയുന്ന വിധത്തിലാണ് ഓരോ നിയമങ്ങളും അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications