രാജസ്ഥാനില്‍ നാലാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്; ഗൗരവ് ഉദയ്പൂരില്‍ മത്സരിക്കും
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. 56 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും എഐസിസി അംഗവുമായ ഗൗരവ് വല്ലഭ് ഉദയ്പൂരില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസിന്റെ സാമ്പത്തിക അജണ്ട രൂപീകരിക്കുന്നതിന്റെ ഭാഗമാണ് അദ്ദേഹം. ഇതുവരെ 151 സീറ്റിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
പാര്‍ട്ടിയുടെ മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി അങ്കുര്‍ മംഗ്ലാനി ഗംഗാനഗറില്‍ നിന്ന് മത്സരിക്കും. യശ്പാല്‍ ഗെലോട്ട് ബിക്കാനീര്‍ ഈസ്റ്റില്‍ നിന്നും, ബെഹ്‌റോറില്‍ നിന്ന് സഞ്ജയ് യാദവും, രജസ്മന്ദില്‍ നിന്ന് നാരായണ്‍ സിംഗ് ഭട്ടിയും മത്സരിക്കും. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മാനവേന്ദ്ര സിംഗിനും സീറ്റ് ലഭിച്ചു. സിവാനയില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. നാദ്ഭായ് എംഎല്‍എ ജോഗേന്ദ്ര അവാന ഇതേ സീറ്റില്‍ നിന്ന് വീണ്ടും മത്സരിക്കും.

നേരത്തെ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവാണ് അവാന. വെള്ളിയാഴ്ച്ചയാണ് മൂന്നാം ഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. ഇതില്‍ പതിമൂന്ന് സിറ്റിംഗ് എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ദോല്‍പൂരില്‍ നിന്ന് ശോഭ റാണി കുശ്വാഹയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇവര്‍ക്ക് സീറ്റ് നല്‍കിയത് നിര്‍ണായക തീരുമാനമായിരുന്നു.
നേരത്തെ രാജ്യസഭയിലെ ക്രോസ് വോട്ടിംഗിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് ഇവരെ പുറത്താക്കിയിരുന്നു. രണ്ടാം ഘട്ട പട്ടികയില്‍ മന്ത്രിമാരായ പ്രതാപ് സിംഗ് കച്ചരിയാസ്, ഗോവിന്ദ് റാം മേഘ്‌വാള്‍ എന്നിവരെല്ലാം ഇടംപിടിച്ചിരുന്നു. അതേസമയം ജനപ്രീതിയുള്ളവര്‍ക്കെല്ലാം കോണ്‍ഗ്രസ് ഇത്തവണ സീറ്റ് നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ട പട്ടിക ഒക്ടോബര്‍ 21നാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
കോണ്‍ഗ്രസിന്റെ ജനകീയ പദ്ധതികളെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ മികച്ച ഇമേജ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനുണ്ട്. അത് മുതലെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. തുടര്‍ ഭരണം വര്‍ഷങ്ങളായി ഒരുപാര്‍ട്ടിക്കും ലഭിക്കാത്ത സംസ്ഥാനമാണ് രാജസ്ഥാന്‍. ഗെലോട്ടിന്റെ ജനപ്രീതിയില്‍ ഇതെല്ലാം മാറിയാല്‍ അത് പുതിയൊരു ചരിത്രത്തിന് വഴിയൊരുക്കും. ബിജെപിക്ക് എടുത്ത് പറയാന്‍ ഒരു നേതാവില്ലാത്തത് വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍. പ്രത്യേകിച്ച് വസുന്ധര രാജ നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുകയാണ്.












Click it and Unblock the Notifications