ഗോവ പിടിക്കാൻ അമ്പരപ്പിച്ച നീക്കവുമായി കോൺഗ്രസ്; പി ചിദംബരത്തിന് ചുമതല..ഒപ്പം ചെന്നിത്തലയും?നിർണായകം
ദില്ലി; ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ്, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാമ് അടുത്ത വർഷം ആദ്യത്തോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ദേശീയ തലത്തിൽ വൻ തിരിച്ചുവരവിന് ഒരുങ്ങുന്ന കോൺഗ്രസിനെ സംബന്ധിച്ച് ഈ അഞ്ച് സംസ്ഥാനങ്ങളും അതീവ നിർണയായകമാണ്. ഇതിൽ ഭരിക്കുന്ന പഞ്ചാബ് കൂടാതെ പാർട്ടി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് ഗോവ.
കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിലാണ് കോൺഗ്രസിന് സംസ്ഥാന ഭരണം നഷ്ടമായത്. എന്നാൽ ഇത്തവണ എന്തുവിലകൊടുത്തും ഭരണം തിരിച്ച് പിടിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ബിജെപിയെ താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ മുതിർന്ന നേതാക്കളെ തന്നെ കളത്തിലിറക്കിയിരിക്കുകയാണ് ഹൈക്കമാന്റ് നേതൃത്വം.
വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

2017 ൽ 40 അംഗ നിയമസഭയിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 17 സീറ്റുകളായിരുന്നു പാർട്ടിക്ക് ലഭിച്ചത്. അതായത് കേവല ഭൂരിപക്ഷത്തിന് 4 സീറ്റുകൾ മാത്രം കുറവ്. പ്രാദേശിക കക്ഷികളുമായി സഖ്യത്തിൽ കോൺഗ്രസിൽ ഭരണത്തിലേറുമെന്ന കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും അവസാന നിമിഷത്തിൽ അട്ടിമറി നീക്കത്തിലൂടെ ബിജെപി ഭരണം പിടിക്കുകയായിരുന്നു.

13 സീറ്റുകൾ മാത്രം ലഭിച്ച ബിജെപി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെയായിരുന്നു അധികാരത്തിലേറിയത്. ഭരണത്തിലേറിയ പിന്നാലെ ബിജെപി കോൺഗ്രസിന്റെ അടിവേരിളക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഒറ്റയടിക്ക് 10 എംഎൽഎമാരെ കോൺഗ്രസിൽ നിന്നും ബിജെപി അടർത്തിയെടുത്തു. പിന്നീട് എംജിയിലെ രണ്ട് പേരും ഒപ്പം നിർത്തിയതോടെ സംസ്ഥാനത്ത് ബിജെപി കരുത്തരായി. നിലവിൽ 27 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. കോൺഗ്രസ് 17 ൽ നിന്നും 5 ലേക്ക് ഒതുങ്ങി.

ഭരണം നഷ്ടമായെങ്കിലും രാജ്യത്ത് കോൺഗ്രസിന് ഇപ്പോഴും ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഗോവ. അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ പ്രവർത്തനം കാഴ്ചവെയ്ക്കാൻ സാധിച്ചാൽ അധികാരം കൈപിടിയിലാക്കാമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. ഇതിനായി സംഘടനയിൽ ഉടൻ തന്നെ പൊളിച്ചെഴുത്തുകൾ നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനായി മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ സംസ്ഥാനത്തെ പാര്‍ട്ടി നിരീക്ഷകനായി ഹൈക്കമാന്റ് നിയമിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

മുതിർന്ന നേതാവിന്റെ നിയമനത്തോടെ ആവേശത്തിലാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും.ചിദംബരത്തെ പോലൊരു നേതാവിനെ സംസ്ഥാനത്ത് നിയമിച്ചതിലൂടെ ഗോവയിൽ നേതൃത്വം ഇത്തവണ അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്നതിന്റെ സൂചനയാണെന്ന് നേതാക്കൾ കരുതുന്നു. സഖ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചിദംബരം തിരുമാനം കൈക്കൊണ്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടണമെന്ന വികാരം പ്രതിപക്ഷ കക്ഷികൾക്ക് ഉണ്ട്. ഗോവൻ ഫോർവേഡ് പാർട്ടി കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് 10 എംഎൽഎമാർ കൂറുമാറി ബിജെപിയിൽ എത്തിയതോടെ ഗോവൻഫോർവേഡ് പാർട്ടിയെ ബിജെപി തഴഞ്ഞിരുന്നു. മാത്രമല്ല പാർട്ടിയുടെ രണ്ട് എംഎൽഎമാരെ ബിജെപി അടർത്തിയെടുക്കുകയും ചെയ്തിരുന്നു. ഇതോടെ ബിജെപിയെ ശത്രുവായി കണക്കാക്കിയിരിക്കുകയാമ് ജിഎഫ്പി. എന്നാൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ മറ്റ് പ്രാദേശിക പാർട്ടികളുമായി കോൺഗ്രസ് സഖ്യം ഉണ്ടാക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ചായിരുന്നു കോൺഗ്രസ് മത്സരിച്ചിരുന്നത്. ഇക്കുറിയും തനിച്ച് തന്നെ മത്സരിക്കണമെന്നും അധികാരം പിടിക്കാനുള്ള സംഘടന ശേഷിയും കരുത്തും പാർട്ടിക്കുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം ചെറിയ സീറ്റുകളുടെ വ്യത്യാസം ഉണ്ടായാൽ 2017 ആവർത്തിച്ചേക്കുമെന്നും അതിനാൽ സഖ്യം വേണമെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. അങ്ങനെയെങ്കിൽ ജിഎഫ്പിയെ കൂടാതെ എംജിപിയുമായും കോൺഗ്രസ് സഖ്യത്തിലെത്തുന്നത് ആലോചിച്ചേക്കും.

ഇത് കൂടാതെ ശിവസേനയും എൻസിപിയും ഗോവയിൽ ഇക്കുറി കോൺഗ്രസിനൊപ്പം മത്സരിച്ചേക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബിജെപി അധികാരലേറുന്നതിന് തടയിടാൻ മഹാരാഷ്ട്രയിൽ ബദ്ധ ശത്രുക്കളായ ശിവസേന എൻസിപിയും കോൺഗ്രസുമായി കൈകോർത്തിരുന്നു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലും ഈ സഖ്യം ആവർത്തിച്ചേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. നേരത്തേ രാഹുൽ ഗാന്ധി വിളിച്ച് ചേർത്ത കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ ശിവസേനയും എൻസിപിയും പങ്കെടുത്തിരുന്നു.

ശിവസേനയ്ക്കും എൻസിപിക്കും ഗോവയുടെ സിന്ധുദൂര്‍ഗ് ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുണ്ട്. നേരത്തേ ഈ മേഖലയിൽ ശിവസേനയ്ക്കും ജനപ്രതിനിധികൾ ഉണ്ടായിരുന്നു. ഇരു പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയാൽ അത് കോൺഗ്രസിന് ഗുണകരമാകുമെന്ന വിലയിരുത്തലുകൾ ഉണ്ട്. അതേസമയം ചിദംബരത്തിന്റെ നിയമനത്തോടെ സഖ്യം സംബന്ധിച്ചുള്ള കാര്യങ്ങളിൽ അന്തിമ തിരുമാനം ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Recommended Video

അതിനിടെ ചിദംബരം എത്തിയതോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടുറാവുവിനെ ചുമതലയിൽ നിന്ന് ഒഴിവാക്കിയേക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണഅട്. ദിനേഷ് ഗുണ്ടുറാവും ബെംഗളൂരിലേക്ക് തന്നെ മടങ്ങിയേക്കുമെന്നാണ് സൂചന. മുതിർന്ന നേതാവും മുൻ കേരള പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ തത്സ്ഥാനത്തേക്ക് നിയമിച്ചേക്കുമെന്ന് റിപ്പോർ്ടുണ്ട്. പ്രതിപക്ഷ സ്ഥാനതത് നിന്ന് മാറ്റി നിർത്തിയ പിന്നാലെ അദ്ദേഹത്തിന് ചുമതലകൾ ഒന്നും നൽകിയിരുന്നില്ല. അദ്ദേഹത്തിന് പഞ്ചാബിന്റെ ചുമതല നൽകിയേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോടൻകറിനേയും മാറ്റിനിയമിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട് അധ്യക്ഷനെ മാറ്റണം എന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാണ്. ഉടൻ തന്നെ ഇക്കാര്യത്തിലും തിരുമാനം കൈക്കൊണ്ടേക്കും.












Click it and Unblock the Notifications