കര്‍ണാടകയില്‍ കൈ പൊങ്ങുമോ? താമര വിരിയുമോ; നെഞ്ചിടിപ്പ് കൂട്ടി ഒടുവിലെ സര്‍വ്വെ ഫലങ്ങള്‍
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പുറത്തുവരുന്ന വിവരങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലം. കോണ്‍ഗ്രസ് തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഭിപ്രായ സര്‍വ്വെയിലെ വിവരം. പബ്ലിക് ടിവി ചാനലാണ് അഭിപ്രായ സര്‍വ്വെ പുറത്തുവിട്ടിരിക്കുന്നത്.
അതിനിടെ ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി സര്‍വ്വെയില്‍ കണ്ടെത്തിയെന്ന പ്രചാരണം വ്യാജമാണെന്ന് ബിബിസി തന്നെ അറിയിച്ചു. തങ്ങള്‍ സര്‍വ്വെ നടത്തിയിട്ടില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബിബിസി വ്യക്തമാക്കി. പ്രചാരണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ കര്‍ണാടകയില്‍ നിന്നുള്ള വിവരങ്ങള്‍ ഇങ്ങനെയാണ്....

പ്രവചനങ്ങള്‍ ഇങ്ങനെ
കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്ന് കഴിഞ്ഞദിവസം സി ഫോര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടുമെങ്കിലും വ്യക്തമായ ഭൂരിപക്ഷമുണ്ടാകില്ലെന്ന സര്‍വ്വെ ഫലങ്ങളും പിന്നീടുണ്ടായി. ഇപ്പോള്‍ സര്‍വ്വെ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് പബ്ലിക് ടിവിയാണ്. കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടിയാകുമെന്നാണ് ഇവരുടെ ഫലം.

കോണ്‍ഗ്രസിന് അല്‍പ്പം പ്രയാസം
എന്നാല്‍ കോണ്‍ഗ്രസിന് അധികാരം പിടക്കാന്‍ അല്‍പ്പം പ്രയാസമാണ്. കാരണം ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ല. മറ്റെതെങ്കിലും കക്ഷികളുടെയും സ്വതന്ത്രന്‍മാരുടെയും പിന്തുണ കോണ്‍ഗ്രസിന് വേണ്ടിവരുമെന്നാണ് സര്‍വ്വെയുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍.

224 നിയമസഭാ സീറ്റില്‍ കോണ്‍ഗ്രസിന്
224 നിയമസഭാ സീറ്റില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ 113 സീറ്റ് വേണം. എന്നാല്‍ കോണ്‍ഗ്രസിന് 89-94 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്ന് പബ്ലിക് ടിവി നടത്തിയ സര്‍വ്വെയില്‍ പറയുന്നു. നേരത്തെ സിഫോര്‍ നടത്തിയ സര്‍വ്വെയില്‍ കോണ്‍ഗ്രസിന് മികച്ച വിജയമുണ്ടാകുമെന്നായിരുന്നു വിവരം.

ബിജെപിക്ക് സാധിക്കില്ല
എന്തായിരിക്കും ബിജെപിയുടെ അവസ്ഥ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുമെല്ലാം സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നാണ് സര്‍വ്വെ പറയുന്നത്.

ഒട്ടും മോശമല്ലാത്ത പ്രകടനം
എന്നാല്‍ കോണ്‍ഗ്രസിന് തൊട്ടുപിന്നില്‍ ബിജെപി എത്താന്‍ സാധ്യതയുണ്ടെന്ന് പബ്ലിക് ടിവി പറയുന്നു. 86-91 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമത്രെ. അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് സാധിച്ചേക്കാം. മൂന്നാം സ്ഥാനത്തെത്തുന്ന ജെഡിഎസിന്റെ പങ്ക് ആ ഘട്ടത്തില്‍ നിര്‍ണായകമാകും.

അധികാരം മാറുമോ
ജെഡിഎസിന് 38-43 സീറ്റ് ലഭിക്കുമെന്നാണ് പബലിക് ടിവി സര്‍വ്വെ വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ നിര്‍ണായക ശക്തിയായി ജെഡിഎസ് എത്തും. ജെഡിഎസ്സും ബിജെപിയും തിരഞ്ഞൈടുപ്പില്‍ രഹസ്യധാരണയുണ്ടാക്കിയെന്ന് നേരത്തെ പ്രചാരമുണ്ടായിരുന്നു. ഈ ധാരണ ശരിയാണെങ്കില്‍ ബിജെപി-ജെഡിഎസ് സഖ്യം അധികാരത്തിലെത്തും.

ബിജെപി കോട്ടകള്‍
സി ഫോര്‍ സര്‍വ്വെയില്‍ കോണ്‍ഗ്രസിന് മികച്ച വിജയമുണ്ടാകുമെന്നായിരുന്നു ഫലം. ബിജെപിയുടെ ഉരുക്കുകോട്ടകള്‍ വരെ തകര്‍ത്താകും കോണ്‍ഗ്രസിന്റെ മുന്നേറ്റമെന്നാണ് സി ഫോര്‍ സര്‍വ്വെ. കോണ്‍ഗ്രസിന് ഒറ്റയ്ക്ക്് ഭരിക്കാന്‍ സാധിക്കുന്ന ഭൂരിപക്ഷം നിയമസഭയില്‍ ലഭിക്കുമെന്നാണ് സി ഫോര്‍ സര്‍വ്വെയില്‍ വ്യക്തമാകുന്നത്. 118 മുതല്‍ 128 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നും സി ഫോര്‍ വ്യക്തമാക്കുന്നു.

ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ
നേരത്തെ കോണ്‍ഗ്രസിനും ബിജെപിക്കും ഒറ്റയ്ക്ക് ഭൂരപക്ഷം ലഭിക്കില്ലെന്നായിരുന്നു ഇന്ത്യ ടുഡെ ഉള്‍പ്പെടെയുള്ള ചില സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്. ഇത്തരം എല്ലാ പ്രവചനങ്ങളും അസ്ഥാനത്താക്കിയാണ് സി ഫോര്‍ സര്‍വ്വെ വന്നത്. ബിജെപിക്ക് 63 നും 73നുമിടയില്‍ സീറ്റ് ലഭിക്കുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. ദേവഗൗഡയുടെ ജെഡിഎസിന് 29- 36 സീറ്റ് ലഭിക്കും. ജെഡിഎസ് മൂന്നാം സ്ഥാനത്താകുമെന്നും സര്‍വ്വെയില്‍ പറയുന്നു.

ഇന്ത്യ ടുഡെ സര്‍വ്വെ
ഇന്ത്യ ടുഡെ സര്‍വ്വെയില്‍ ബിജെപി വോട്ട് നിലയും സീറ്റ് നിലയും മെച്ചപ്പെടുത്തുമെന്നാണ് പ്രവചിച്ചത്. കോണ്‍ഗ്രസിന് 90-101 സീറ്റും ബിജെപിക്ക് 78-86 സീറ്റ്, ജെഡിഎസ്സിന് 34-43 സീറ്റ് എന്നിവ കിട്ടുമെന്നാണ് അവരുടെ പ്രവചനം. ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്തുമെന്നും പറയുന്നു.

അടിവലികള്‍ക്ക് സാധ്യത
ബിജെപി കോണ്‍ഗ്രസിന്റെ ഏകദേശം അടുത്തെത്തിയാലും അവര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയുണ്ട്. അടുത്തിടെ ചില സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സാഹചര്യം കണക്കിലെടുത്താല്‍ കര്‍ണാടകയില്‍ മറ്റു കക്ഷികളെ കൂടെ ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചേക്കാം.

സര്‍വ്വെ നടത്തിയത് ഇങ്ങനെ
224 നിയമസഭാ മണ്ഡലങ്ങളാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ 61 മണ്ഡലങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ നടത്തിയ സര്‍വ്വെ ഫലമാണ് സി ഫോര്‍ പുറത്തുവിട്ടത്. പ്രവചനത്തില്‍ രണ്ട് ശതമാനത്തിന്റെ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും 95 ശതമാനവും പ്രവചനം തെറ്റില്ലെന്നും സി ഫോര്‍ പറയുന്നു. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള നഗര പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറുമെന്നും സി ഫോര്‍ പറയുന്നു.

നഗരങ്ങളിലെ മാറ്റം
തലസ്ഥാന നഗര മേഖലയില്‍ 28 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയെ തുണച്ചിരുന്നത് പ്രധാനമായും ഈ മണ്ഡലങ്ങളാണ്. എന്നാല്‍ ഇത്തവണ ഇവിടെ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്ന് സി ഫോര്‍ പറയുന്നു. ബെംഗളൂരുവിലെ 28 മണ്ഡലങ്ങളില്‍ 17 മുതല്‍ 19 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സി ഫോര്‍ സര്‍വ്വെയില്‍ വ്യക്തമാകുന്നത്.

മേഖലാ മാറ്റങ്ങള്‍
ബോംബെ-കര്‍ണാടക, ഹൈദരാബാദ്-കര്‍ണാടക, തീരദേശ കര്‍ണാടക, പഴയ മൈൂസൂരു മേഖലകളിലെല്ലാം കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈയുണ്ടാകുമെന്നാണ് സര്‍വ്വെ ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ മധ്യ കര്‍ണാടക ജില്ലകളായ ദേവനഗരെ, ശിവമോഗ, ചിത്രദുര്‍ഗ എന്നിവിടങ്ങളിലെല്ലാം ബിജെപി ജയിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു. മധ്യകര്‍ണാടകയില്‍ വീരശൈവ-ലിങ്കായത്ത് വിഷയങ്ങള്‍ കോണ്‍ഗ്രസിന് കാര്യമായ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തല്‍.

നിലവിലെ അവസ്ഥ, 15ന് അറിയാം
224 സീറ്റാണ് കര്‍ണാടകയിലുള്ളത്. കാലാവധി പൂര്‍ത്തിയാകുന്ന നിലവിലെ സഭയില്‍ കോണ്‍ഗ്രസിന് 122 അംഗങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. ബിജെപിക്കും ജെഡിഎസ്സിനും 40 വീതവും. കെജെപി ആറ്, ബിഎസ്ആര്‍സിപി നാല്, സ്വതന്ത്രര്‍ ഒമ്പത്, മറ്റുള്ളവര്‍ മൂന്ന് എന്നിങ്ങനെയാണ് സീറ്റ് നില. ഈ മാസം 12നാണ് വോട്ടെടുപ്പ്. ഫലം 15ന് വരും. ഏറെ കാലത്തിന് ശേഷം കര്‍ണാടകയില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയായ വ്യക്തിയാണ് നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ.












Click it and Unblock the Notifications